താലൂക്ക് ഓഫിസിൽ പരിശോധനക്ക് എത്തിച്ച തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. തലനാരിഴക്ക് രക്ഷപ്പെട്ട് ജീവനക്കാരൻ. കോട്ടയം മിനി സിവിൽസ്റ്റേഷനിൽ തഹസിൽദാർ പി. ജി. രാജേന്ദ്രബാബുവിന്റെ ഓഫിസിന് മുന്നിലെ വരാന്തയിൽ ഉച്ചക്ക് 12.45 ഓടെയാണ് സംഭവം. വ്യവസായിയായ തെള്ളകം മാടപ്പാട്ട് ബോബൻ തോമസിന്റെ കൈയിലിരുന്നാണ് പിസ്റ്റൾ രൂപത്തിലുള്ള തോക്കിൽനിന്ന് വെടിപൊട്ടിയത്. തോക്ക് ലൈസൻസ് പുതുക്കി കിട്ടുന്നതിന് മുമ്പ് പൊലീസ്, തഹസിൽദാർ എന്നിവരുടെ പരിശോധന വേണ്ടതുണ്ട്. അതിനാണ് ഉടമ തോക്കുമായി താലൂക്ക് ഓഫിസിൽ വന്നത്. ബോബൻ തോമസ് വരുന്ന സമയത്ത് തഹസിൽദാർ പി. ജി. രാജേന്ദ്രബാബുവിന്റെ ഓഫിസിൽ ലാൻഡ് ട്രിബ്യൂണൽ യോഗം നടക്കുകയായിരുന്നു. അതിനാൽ വരാന്തയിൽ കാത്തിരുന്നു. യോഗം കഴിഞ്ഞതോടെ തഹസിൽദാർ ഇദ്ദേഹത്തിനെ വിളിക്കാൻ സെക്ഷൻ ക്ലർക്ക് സി. എ. അനീഷ് കുമാറിനോട് നിർദ്ദേശിച്ചു. സി. എ. അനീഷ് കുമാർ ഇതിന്റെ ഫയലുമായി ബോബനൊപ്പം തഹസിൽദാർ ക്യാബിനിലേക്ക് വരുന്നതിനിടെയാണ് തോക്കിന്റെ മാഗസിൻ നീക്കിയിട്ടില്ലെന്ന് ശ്രദ്ധയിൽപെട്ടത്. ഇക്കാര്യം ക്ലർക്ക് ചൂണ്ടിക്കാട്ടിയതോടെ ബോബൻ തോമസ് മാഗസിൻ നീക്കാൻ ശ്രമിച്ചു. ഇതിനിടെ വെടിപൊട്ടുകയായിരുന്നു. എതിർദിശയിലുള്ള തൂണിൽ തട്ടി ഉണ്ട പുറത്തേക്ക് തെറിച്ചുപോയി.
അബദ്ധം പറ്റിയതാണെന്ന് വ്യക്തമായതോടെ വിവരം രേഖപ്പെടുത്തി ബോബൻ തോമസിനെ വിട്ടുയച്ചു. തോക്ക് പരിശോധിക്കാനാവില്ലെന്ന് തഹസിൽദാർ അറിയിച്ചതോടെ തിരിച്ചുകൊണ്ടുപോയി. ആവശ്യമെങ്കിൽ പൊലീസ് തോക്ക് കസ്റ്റഡിയിലെടുക്കും. പിന്നീട് വെടിയുണ്ടയുടെ കേയ്സ് പരിസരത്ത് നിന്ന് കണ്ടെടുത്തു. സൂക്ഷ്മതയില്ലാതെ തോക്ക് കൈകാര്യം ചെയ്തതിന് ഉടമയുടെ ലൈസൻസ് ഉടൻ റദ്ദാക്കിയേക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ആയുധ നിയമം പ്രയോഗിക്കണമോ എന്നത് നിയമ ഉപദേശത്തിെൻറ അടിസ്ഥാനത്തിൽ തീരുമാനിക്കും.
ENGLISH SUMMARY : gun shot in kottayam thaluk office
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.