എക്സൈസ് സേനയ്ക്ക് തോക്ക് പരിശീലനം നല്‍കും

Web Desk
Posted on July 09, 2019, 6:35 pm

തൃശൂര്‍: ലഹരി കടത്തുകാര്‍ ആയുധങ്ങള്‍ പ്രയോഗിച്ച് എക്സൈസ് സേനയെ നേരിടുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ എക്‌സൈസ് സേനാംഗങ്ങള്‍ക്കും തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൃശൂരിലെ സംസ്ഥാന എക്സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 21 ാമത് സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തൃശൂര്‍ എക്സൈസ് അക്കാദമി ആധുനിക സൗകര്യങ്ങളോടെ ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും വിദഗ്ധ പരിശീലനം ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥനും വകുപ്പില്‍ ഉണ്ടാവരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു. സേനയുടെ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. മികച്ച ഇന്‍ഡോര്‍ ട്രെയിനിയും ആള്‍റൗണ്ടറുമായ എ എം അഖില്‍, മികച്ച ഔട്ട് ഡോര്‍ ട്രെയിനി എം അരുണ്‍, മികച്ച ഷോട്ട് ട്രെയിനി പി എസ് പ്രിഷി എന്നിവര്‍ക്ക് മന്ത്രി ട്രോഫി നല്‍കി. 51 സിവില്‍ എക്സൈസ് ഓഫീസര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

എക്സൈസ് കമീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, അഡീഷനല്‍ എക്സൈസ് കമീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) സാം ക്രിസ്റ്റി ഡാനിയല്‍, അക്കാദമി പ്രിന്‍സിപ്പല്‍ ജോയിന്റ് എക്സൈസ് കമീഷണര്‍ പി വി മുരളി കുമാര്‍ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍, എക്സൈസ് ഓഫീസര്‍മാര്‍, ട്രെയിനികളുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന എക്സൈസ് അക്കാദമിയിയിലെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പരിശീലനം പൂര്‍ത്തിയാക്കിയ സിവില്‍ എക്സൈസ് ഓഫീസര്‍മാരോടൊപ്പം. തൃശൂര്‍ മേയര്‍ അജിത വിജയന്‍ സമീപം.

you may also like this video