Friday
13 Dec 2019

ചാലക്കുടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം

By: Web Desk | Monday 17 June 2019 7:17 PM IST


അക്രമികള്‍ തകര്‍ത്ത വാഹനം

ചാലക്കുടി: നാടിനെ നടുക്കി ചാലക്കുടിക്കടുത്ത് പോട്ടയില്‍ പട്ടാപ്പകല്‍ ഗുണ്ടകളുടെ വിളയാട്ടം. അലവി സെന്ററിനടുത്ത് പുലരി നഗര്‍ കോമ്പാറക്കാരന്‍ ഔസേഫിന്റെ വീടിന് നേരെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അഞ്ചോളം പേരടങ്ങുന്ന മുഖം മൂടി ധരിച്ച ഗുണ്ടാ സംഘം വീട് ആക്രമിച്ചത്.

ജി ഐ പൈപ്പുകളുമായെത്തിയ സംഘം ഗൃഹനാഥനായ ഔസേഫിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം വീടും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ക്കുകയായിരുന്നു. വീടിന്റെ ജനല്‍ച്ചില്ലുകള്‍ മുഴുവന്‍ തകര്‍ത്ത സംഘം പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍, പിക് അപ് വാന്‍, ബുള്ളറ്റ് എന്നിവയും അടിച്ചു തകര്‍ത്തു. ഔസേഫും ഭാര്യ റോസിലിയും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകന്‍ ജാക്‌സണെ അന്വേഷിച്ചാണ് സംഘം എത്തിയത്.

ബഹ്‌റിനില്‍ ജാക്‌സണിനൊപ്പം ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയായ അനില്‍ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം നടത്തിയതെന്ന് റോസിലി പറഞ്ഞു. ജാക്‌സണ്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ അനിലും ജാക്‌സണും നിക്ഷേപം നടത്തിയിരുന്നെന്നും സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ പണവുമായി മുങ്ങിയെന്നും വീട്ടുകാര്‍ പറഞ്ഞു. അനിലിന് നഷ്ടമായ പണം ജാക്‌സണ്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷം മുന്‍പ് അനില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ആക്രമണമുണ്ടായതെന്നാണ് പരാതി.
ആക്രമണത്തിന് ശേഷം വീട്ടില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറ യൂണിറ്റും സംഘം എടുത്തു കൊണ്ടു പോയിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഔസേഫിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

YOU MAY LIKE THIS VIDEO