കൊല്ലം എസ്എന്‍ കോളജില്‍ ഗുണ്ടാ ആക്രമണം; രണ്ട് പേര്‍ കസ്റ്റഡിയില്‍

Web Desk
Posted on September 17, 2018, 9:02 pm

കൊല്ലം: എസ്എന്‍ കോളജില്‍ ഗുണ്ടാ സംഘം ആക്രമണം നടത്തി. ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കോളജിലെ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥി സച്ചിന്‍ (20), മൂന്നാം വര്‍ഷ ധനതത്വശാസ്ത്ര വിദ്യാര്‍ത്ഥി ബിപിന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സച്ചിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു.

ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ക്യാമ്പസിനുള്ളില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് പുറത്ത് നിന്ന് ഗുണ്ടാ സംഘമെത്തിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് മൂന്നംഗം സംഘം ഓട്ടോറിക്ഷയില്‍ ക്യാമ്പസിലെത്തി അക്രമം നടത്തിയത്. കോളേജിലെ ഒരു വിദ്യാര്‍ത്ഥിയാണ് അക്രമി സംഘത്തെ വിളിച്ച് വരുത്തിയതെന്ന് പൊലീസ് പറഞ്ഞു. വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമി സംഘമെത്തിയത്. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. സംഘത്തിലൊരാളെ കോളേജ് പരിസരത്ത് നിന്നും, മറ്റൊരാളെ എസ്എംപി പാലസ് പരിസരത്ത് നിന്നും ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെത്തിയ ഓട്ടോറിക്ഷ വിദ്യാര്‍ത്ഥികള്‍ തല്ലി തകര്‍ത്തു. അക്രമി സംഘത്തിലെ മൂന്നാമനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.