Janayugom Online
Gurdaspur: Punjab Congress president Sunil Jakhar celebrates with State Cabinet minister Navjot Singh Sidhu (with dhol) and other party leaders after winning the Gurdaspur parliamentary bypoll, in Gurdaspur on Sunday. PTI Photo (PTI10_15_2017_000119B)

ഗുരുദാസ്പൂരില്‍ ബിജെപിക്ക് അടിപതറി

Web Desk
Posted on October 15, 2017, 10:22 pm

ചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി.
ബിജെപിയുടെ സിറ്റിങ് സീറ്റ് ഒന്നേമുക്കാല്‍ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് പിടിച്ചടക്കി.
കോണ്‍ഗ്രസ് പിസിസി അധ്യക്ഷനായ സുനില്‍ ഝാക്കറാണ് വന്‍ഭൂരിപക്ഷത്തിന് വിജയം നേടിയത്. 1,93,219 വോട്ടുകള്‍ക്കാണ് ഝാക്കറിന്റെ വിജയം. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പുകള്‍ക്ക് മുന്നോടിയായി ബിജെപിക്ക് ഗുരുദാസ്പൂരിലെ തോല്‍വി കനത്ത പ്രഹരമായി.
ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നാല് തവണ ബിജെപി ടിക്കറ്റില്‍ ഗുരുദാസ്പൂരില്‍ ജയിച്ചുകയറിയ വിനോദ് ഖന്ന ഒരുവട്ടം മാത്രമാണ് ഇവിടെ പരാജയപ്പെട്ടത്. ഏപ്രിലില്‍ അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് സംജാതമായത്.
ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ബിജെപിയുടെ സ്വരണ്‍ സലേറിയക്കെതിരെയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ ബല്‍റാം ഝാക്കറുടെ മകനായ സുനില്‍ ഝാക്കറിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ആകെ 11 സ്ഥാനാര്‍ഥികളാണ് ഗുരുദാസ്പൂരില്‍ ജനവിധി തേടിയത്. ആംആദ്മി പാര്‍ട്ടിയുടെ മേജര്‍ ജനറല്‍ സുരേഷ് ഖജൂരിയയാണ് മൂന്നാം സ്ഥാനത്തെത്തിയത്.
ഒമ്പത് അസംബ്ലി മണ്ഡലങ്ങളാണ് ഗുരുദാസ്പൂരിലുള്ളത്. ഭോവ, പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍, ദിനാനഗര്‍, ക്വാഡിയന്‍, ഫത്തേഗാഹ് ചൂരിയന്‍, ദേരാ ബാബ നാനക്, സുജന്‍പൂര്‍, ബട്ടാല എന്നിവയാണ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങള്‍. 56 ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനത്തേക്കാള്‍ കുറവായിരുന്നു ഇത്. 70.03 ശതമാനം പോളിങ് ആണ് 2014ല്‍ രേഖപ്പെടുത്തിയത്.
ആകെ 4,99,752 വോട്ടുകളാണ് സുനില്‍ ഝാക്കറിന് ലഭിച്ചത്. സ്വരണ്‍ സലേറിയക്ക് 3,06,533 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. സുരേഷ് ഖജൂരിയയ്ക്ക് 23,579 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ 1,36,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനോദ് ഖന്ന ഇവിടെ നിന്ന് ജയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കുള്ള ജനവിധിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സുനില്‍ ഝാക്കര്‍ പ്രതികരിച്ചു.
ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്ര നയങ്ങളോടുള്ള പ്രതിഷേധമാണ് പ്രതിഫലിച്ചതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. രാജ്യത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ന്നതും തൊഴിലില്ലായ്മ വര്‍ധിച്ചതും കാര്‍ഷിക മേഖലയോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി.
മുതിര്‍ന്ന അകാലി നേതാവ് സുച്ചാ സിങ് ലങ്കാഹിനെതിരായ ബലാത്സംഗക്കേസും ബിജെപിക്ക് തിരിച്ചടിയായി. ഒക്ടോബര്‍ മൂന്നിനായിരുന്നു സുച്ചാസിങ് പൊലീസില്‍ കീഴടങ്ങിയത്. ജാട്ട് സിഖ് വോട്ടുകള്‍ തിരിയുന്നതിന് ഇത് നിര്‍ണായകഘടകമായി. വാണിജ്യമേഖലകളായ ബട്ടാലയിലും പത്താന്‍കോട്ടും ജിഎസ്ടിയുടെ പ്രത്യാഘാതമാണ് ബിജെപിയുടെ പതനത്തിലേക്ക് വഴിയൊരുക്കിയതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
തോല്‍വിക്ക് പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് ബിജെപി സംസ്ഥാനഘടകത്തില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയുടെ പേര് നേരത്തെ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. നിര്‍ണായകമായ മണ്ഡലത്തിലെ വമ്പന്‍ തോല്‍വിയോടെ അകാലിദള്‍-ബിജെപി സഖ്യത്തിലും ഇളക്കം തട്ടിയേക്കും.