Thursday
21 Mar 2019

ഗുര്‍മീത് സിങ് അനുയായികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചിരുന്നു

By: Web Desk | Wednesday 29 November 2017 9:54 PM IST


ചണ്ഡിഗഢ്:

കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ ദേര സച്ചാ സൗദ ആചാര്യന്‍ ഗുര്‍മീത് റാം റഹീം സിങ് അനുയായികളെക്കൊണ്ട് ആത്മഹത്യ വരെ ചെയ്യിപ്പിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍. ഗുര്‍മീതിന്റെ അടുത്ത അനുയായി ആയിരുന്ന രാംകുമാര്‍ ബിഷ്‌ണോയ് ആണ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ദേര ഭക്തര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.    കോടതിയെയും സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കാനാണ് ഗുര്‍മീത് ഈ ആത്മഹത്യ തന്ത്രം പ്രയോഗിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. ബലാത്സംഗക്കേസില്‍ വിധി പറഞ്ഞ ദിവസം കോടതി പരിസരത്തും മറ്റും അനുയായികള്‍ ആത്മഹത്യ ചെയ്തിരുന്നു. ദേര അനുയായികളായിരുന്ന ഗുരുദാസ് സിങ് തൂര്‍, ഖാട്ടാ സിങ് എന്നിവരും ഈ ആരോപണം ശരിവെക്കുന്നു. ഗുര്‍മീത് അനുയായികളെ മൃഗങ്ങളെപ്പോലെയാണ് കണ്ടിരുന്നതത്രേ.  ബലാത്സംഗം ഉള്‍പ്പെടെ കേസുകളില്‍ പ്രതിസ്ഥാനത്തുള്ളപ്പോഴും ഗുര്‍മീത് കോടതിയില്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ല. തന്നെ കോടതിയിലെത്തിച്ചാല്‍ കലാപം ഉണ്ടാകുമെന്ന് ബോധ്യപ്പെടുത്താന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത അനുയായികളെ കോടതി വളപ്പുകളില്‍ ആത്മഹത്യ ചെയ്യിക്കുകയാണത്രേ ഗുര്‍മീതിന്റെ രീതി. ഇതുകാരണം മിക്കപ്പോഴും വിഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു വിചാരണ. ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തി കോടതിയില്‍ ഹാജരാക്കുന്നത് ഒഴിവാക്കാന്‍ ഹരിയാന പൊലീസും ശ്രമിച്ചിരുന്നു.