ഗുരു ഗ്രന്ഥ് സാഹിബ് മോഷണ കേസ്: എഴ് ദേര സച്ച സൗദ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Web Desk

ജലന്ധർ

Posted on July 04, 2020, 2:28 pm

ഗുരു ഗ്രന്ഥ് സാഹിബ് മോഷണക്കേസില്‍ എഴ് ദേര സച്ച സൗദ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജലന്ധർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ രൺബീർ സിങ് ഖത്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഫരീദ്‌കോട്ട് ജില്ലയിൽ നിന്നുള്ള ദേര സച്ച സൗദ പ്രവര്‍ത്തകരെ ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്തത്. 2015ല്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം ആളിക്കത്തിച്ച സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.

ഫരീദ്‌കോട്ട് ജില്ലയില്‍ നിന്നുള്ള സുഖ്ജിന്ദർ സിംഗ് എന്ന സണ്ണി, നീല, രഞ്ജിത് ഭോള, നിഷാൻ, ബൽജിത്, നരീന്ദർ ശർമ എന്നിവരാണ് അറസ്റ്റിലായത്. 2015 ജൂൺ ഒന്നിന് ബുർജ് ജവഹർ സിങ്‍വാല ഗ്രാമത്തിലെ ഗുരുദ്വാരയിൽ നിന്നാണ് ഗുരു ഗ്രന്ഥ് സാഹിബിന്റെ ബിർ (കോപ്പി) പ്രതികള്‍ മോഷ്ടിച്ചത്. ഫരീദ്‌കോട്ട് ജില്ലയിലെ ബജഖാന പോലീസ് സ്റ്റേഷനിലാണ് സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ ഫരീദ്‌കോട്ട് കോടതിയിൽ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും ഖത്ര പറഞ്ഞു.

2015 ജൂൺ ഒന്നിന് ഫരീദ്‌കോട്ട് ജില്ലയിലെ കോട്ട്കാപുരയ്ക്കടുത്തുള്ള ബുർജ് ജവഹർ സിങ് വാല ഗ്രാമത്തിൽ നിന്ന് ബിർ (ഗുരു ഗ്രന്ഥ് സാഹിബിന്റെ പകർപ്പ്) മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസ്, 2015 സെപ്റ്റംബർ 25ന് ബർഗരി ഗ്രാമത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രകോപനപരമായ ഒരു പോസ്റ്റർ പതിച്ച കേസ്, 2015 ഒക്ടോബർ 12 ന് ബർഗരിയിലെ ഒരു ഗുരുദ്വാരയ്ക്ക് മുന്നിൽ ബിറിന്റെ കീറിപ്പറിഞ്ഞ പേജുകൾ ചിതറിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ മതനിന്ദാ കേസ് എന്നിങ്ങനെ സംഭവവുമായി ബന്ധപ്പെട്ട മൂന്ന് കേസുകള്‍ പ്രകാശ് സിങ് ബാദലിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറിയിരുന്നു.

എന്നാല്‍ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കേസ് സിബിഐയിൽ നിന്ന് തിരിച്ചെടുത്ത് അന്വേഷണം ഖത്രയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. ബർഗരിയിലെ ഗുരുദ്വാരയുടെ മുന്നിൽ ഈ ഗ്രന്ധത്തിന്റെ പേജുകൾ ചിതറിക്കിടന്നത് സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ഇതെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ബുർജ് ജവഹർ സിംഗ് വാലയിൽ ഒരു ദേര അനുയായിയും പിന്നീട് രണ്ട് സിഖ് പ്രക്ഷോഭകരും കൊല്ലപ്പെട്ടു. കലാപങ്ങളുമായി ബന്ധപ്പെട്ട് 2019 ൽ നാഭ ജയിലിൽ കൊല്ലപ്പെട്ട മൊഹീന്ദർ പാൽ ബിട്ടു ഉൾപ്പെടെ സിർസ ആസ്ഥാനമായുള്ള ദേരയുടെ 20ലധികം അനുയായികളെ ഖത്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ENGLISH SUMMARY:Guru Granth Sahib theft case
You may also like this video