ഗുരുവും ടാഗോറും നയപ്രഖ്യാപനവും

Web Desk
Posted on July 04, 2019, 10:52 am

Mattoliരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ആദ്യനയപ്രഖ്യാപനം പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ (ജൂണ്‍ 20 വ്യാഴാഴ്ച 2019) രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിളംബരം ചെയ്തപ്പോള്‍ പറഞ്ഞത് 2022 ല്‍ പുതിയ ഇന്ത്യ നിര്‍മിക്കപ്പെടുമെന്നാണ്. ”ഇന്ത്യ ഇപ്പോള്‍ പുതിയ ചരിത്രരചനയിലാണ്. 72 വര്‍ഷത്തെ അനുഭവ പരിചയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് പുതിയ ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നത്. പുതിയ യുഗത്തിനായി ഒരു പുതിയ പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമായ 2047 ലെ ഇന്ത്യയ്ക്കാണ് ഇതിലൂടെ രൂപം നല്‍കുന്നത്.”  രാജ്യം ഭരിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നയപ്രസംഗമെന്ന രൂപേണയാണ് പുതിയൊരു രാജ്യസങ്കല്‍പത്തെക്കുറിച്ച് രാഷ്ട്രപതി പാര്‍ലമെന്റില്‍ സംസാരിച്ചത്.

ചാതുര്‍വര്‍ണ്യത്താല്‍ ആന്തരികമായി നൂറ്റാണ്ടുകളോളം വിഭജിതയായിരുന്ന ഭാരതം സ്വാതന്ത്ര്യവേളയില്‍ ആഭ്യന്തരമായും ഭൗതികമായും മാനസികമായും വീണ്ടും വിഭജിക്കപ്പെട്ടു. എങ്കിലും ഒരു അത്ഭുതമെന്നോണം രാജ്യം അനുവര്‍ത്തിച്ചിരുന്ന സഹിഷ്ണുതയുടെ അന്തര്‍ധാരയുള്‍ക്കൊണ്ട് ദീര്‍ഘദര്‍ശികളായ ഭരണഘടനാശില്‍പികള്‍ രാജ്യത്തെ മതേതര റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് ഉപനിഷല്‍ സംസ്‌കൃതിയുടെ മാറ്റുകൂട്ടി. പുരോഗമന പ്രസ്ഥാനങ്ങളുടെയും യുക്തിചിന്തകളുടെയും സ്വാധീനം രാജ്യത്തെ മാനുഷികമായി കൂടുതല്‍ വാസയോഗ്യമാക്കി തീര്‍ക്കുന്നതിനിടയില്‍ ജനാധിപത്യത്തിന്റെ ഭൂരിപക്ഷ ഫോര്‍മുലയുടെ ചില പഴുതുകളിലൂടെ വര്‍ഗീയതയും ജാതീയതയും മെല്ലെ മെല്ലെ വീണ്ടും കരുത്താര്‍ജിക്കാന്‍ തുടങ്ങി. സംഘടനകള്‍ വര്‍ഗീയമായപ്പോള്‍ അത് വോട്ടുബാങ്കുകളായും ശക്തിയാര്‍ജിച്ചു. അനഭിലഷണീയമായ ഇത്തരം ധ്രുവീകരണങ്ങളിലൂടെ സംഘടിത ശക്തികള്‍ പൊതുമുതല്‍ കയ്യാളാന്‍ തുടങ്ങുന്ന കാഴ്ചകള്‍ കൂടുതല്‍ കൂടുതല്‍ വര്‍ഗീയ‑ജാതീയ ധ്രുവീകരണങ്ങള്‍ക്ക് വഴിവച്ചു. ഇപ്പോള്‍ സമകാലിക രാഷ്ട്രീയ ഭൂമികയില്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതകള്‍ മുഖാമുഖം നില്‍ക്കുകയാണ്. ഭരണഘടനയിലെ മതേതരത്വമാകട്ടെ ഭീഷണി നേരിടുന്നു. വംശീയ വധങ്ങള്‍, ജാതിവെറി, ദുരഭിമാനക്കൊലകള്‍, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളും കുഞ്ഞുങ്ങളും, തേജോവധം ചെയ്യപ്പെടുന്ന യുവതലമുറ, ആള്‍ക്കൂട്ടക്കൊലകള്‍… രാജ്യം പണ്ടെങ്ങുമില്ലാത്ത തരത്തില്‍ പിന്നാക്കം പോകുകയാണ്. ഈയൊരു ആസുരകാലത്താണ് രാഷ്ട്രപതി സര്‍ക്കാരിന്റെ പുതുരാജ്യസങ്കല്‍പമെന്ന പേരില്‍ ഒരു നയപ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പ്രസംഗത്തില്‍ മഹാത്മാഗാന്ധിയെയും മഹാകവി രബീന്ദ്രനാഥ ടാഗോറിനെയും ഡോ. അംബേദ്കറേയും ശ്രീനാരായണ ഗുരുവിനേയും ഉദ്ധരിക്കുന്നുണ്ട്. എങ്കിലും ഗുരുദര്‍ശനങ്ങളാണ് പുതു ഇന്ത്യയ്ക്ക് വഴികാട്ടിയെന്ന് ആ മഹദ്‌വചനങ്ങള്‍ ഉദ്ധരിച്ച് രാഷ്ട്രപതി പറയുമ്പോള്‍ വൈരുദ്ധ്യാത്മകതയാണ് അനുഭവപ്പെടുന്നത്.

”ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്”
ശ്രീനാരായണഗുരുവിന്റെ ഈ സൂക്തത്തെ അടിസ്ഥാനമാക്കിയായിരിക്കും പുതുരാഷ്ട്രം രൂപപ്പെടുത്തുന്നതെന്ന് രാഷ്ട്രപതിയും പിന്നാലെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും പ്രഖ്യാപിച്ചു.
ഭാരതചരിത്രമാകെതന്നെ തേജോവധം ചെയ്യപ്പെട്ടവരുടെ പ്രതികാരത്തിന്റെയോ, കീഴടങ്ങലിന്റെയോ കഥയാണെന്ന് കാണാം. അശ്വത്ഥാമാവിന്റെയും കര്‍ണന്റെയും പാത്രസൃഷ്ടിയിലൂടെ മഹാഭാരതത്തില്‍ വ്യാസന്‍പോലും സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പേ ഇത് സൂചിപ്പിച്ചിട്ടുള്ളതാണ്. മഹാത്മാഗാന്ധി കോളനി വാഴ്ചക്കെതിരെ നിരന്തരം പൊരുതുന്നതിനിടയിലാണ് 1925 ല്‍ നാരായണഗുരുവിനെ സന്ദര്‍ശിക്കുന്നത്. അന്നും ബ്രിട്ടീഷ് മേല്‍ക്കോയ്മയെക്കാള്‍ ചര്‍ച്ചയായത് വര്‍ണാശ്രമ ധര്‍മത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട ജനകോടികളുടെ ദൈന്യജീവിതമായിരുന്നു. അറിവും ധനവും ആര്‍ജിച്ച് കീഴാളന്റെ ബന്ധിത ഊര്‍ജം സ്വാതന്ത്ര്യം തേടാനുള്ള വഴികളാണ് ഗുരു നിര്‍ദ്ദേശിക്കുന്നത്.
മഹാകവി രബീന്ദ്രനാഥ് ടാഗോര്‍ നാരായണഗുരുവിനെ 1922 ല്‍ സന്ദര്‍ശിക്കുമ്പോഴും അറിവിനാല്‍ പ്രോജ്ജ്വലമാക്കപ്പെട്ട ഗുരുമാനസത്തിന്റെ ആഴമാണ് ടാഗോറിനെ ആകര്‍ഷിക്കുന്നത്.
‘കേരളത്തിലെ സ്വാമി നാരായണഗുരുവിനേക്കാള്‍ ആത്മീയമായി മഹാത്മ്യമുള്ള ആരെയും ലോകത്തൊരിടത്തും ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. എന്തിന് ആത്മീയസിദ്ധിയില്‍ അദ്ദേഹത്തോളമെങ്കിലും മഹാനായ ആരെയും കണ്ടിട്ടില്ല. ദിവ്യപ്രഭയുടെ സ്വയംപ്രകാശമാനമായ വെളിച്ചത്തില്‍ തിളങ്ങുന്ന ആ ജ്വലിക്കുന്ന മുഖവും വിദൂര ചക്രവാളത്തില്‍ അങ്ങകലെയുളള ഒരു ബിന്ദുവില്‍ നോട്ടം ഉറപ്പിച്ച ആ യോഗനയനങ്ങളും ഞാന്‍ ഒരിക്കലും മറക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട്.’- ടാഗോര്‍ രേഖപ്പെടുത്തിയിരിക്കുന്നു. മാനവരാശിയുടെ ഉത്കര്‍ഷവും സ്വാതന്ത്ര്യവുമാണ് ആ മഹാജന്മങ്ങളുടെ കൂടിക്കാഴ്ചയില്‍ സംഭാഷണ വിഷയമായതെന്ന് മൊഴിമാറ്റം നടത്തിയ കുമാരനാശാനും രേഖപ്പെടുത്തിയിട്ടുണ്ട്.

”ഭയം വെടിഞ്ഞ ചിത്തമോടുയര്‍ന്നിടും ശിരസ്സൊടും
സ്വയം നിവര്‍ന്നു വിജ്ഞതത്വമെങ്ങു നില്‍പനായതം
ഗൃഹങ്ങളെങ്ങു ഭിത്തിയാല്‍ മുറിച്ചു സ്വന്തമങ്കണം
ചമച്ചു രാപ്പകല്‍ പകുത്തിടാതിരിപ്പുപാരിനെ”
വിഖ്യാതമായ ഗീതാഞ്ജലിയുടെ 35-ാം ഗീതകത്തില്‍ മഹാകവി രബീന്ദ്രനാഥ് ടാഗോര്‍ തന്റെ രാഷ്ട്ര സങ്കല്‍പം ഈ വിധമാണ് കുറിച്ചിരിക്കുന്നത്.
വെറുപ്പും വിദ്വേഷവും അധികാരാരോഹണത്തിന് കുറുക്കുവഴിയാക്കുന്നവരാണ് ഈ മഹത്തുക്കളെ ഉദ്ധരിച്ച് പുതിയ രാഷ്ട്ര സങ്കല്‍പം അവതരിപ്പിക്കുന്നത്. ഉച്ചനീചത്വങ്ങളുടെ പേരില്‍ സാമൂഹ്യനീതി ലഭിക്കാത്തവര്‍ക്ക് അവസരവും വഴികളും ഒരുക്കുന്നതിനായി ചിട്ടപ്പെടുത്തിയിട്ടുള്ള സംവരണ വ്യവസ്ഥയെ വര്‍ണാശ്രമധര്‍മത്തിന്റെ പുനഃസ്ഥാപനത്തിനായി അട്ടിമറിക്കുന്നവര്‍ ഗുരുവിനെ അലങ്കാരമാക്കുമ്പോള്‍ അത് ആത്മവഞ്ചനയാണ്.
താന്‍ പിറന്ന സമുദായത്തിലെ ഒരു വിഭാഗം മദ്യകച്ചവടം നടത്തി ധനമാര്‍ജിക്കുമ്പോള്‍ അത് കണ്ട് ഗുരു പറഞ്ഞു-
‘മദ്യം വിഷമാണ്, അതുണ്ടാക്കരുത്, വില്‍ക്കരുത്.’ രാമക്ഷേത്ര നിര്‍മാണം അധികാരത്തിലേക്കുള്ള എളുപ്പവഴിയായി കാണുന്നവര്‍ പറയുമോ- അയോധ്യ ഒരു ചരിത്രകഥയാണെന്ന്. ഈ കാലഘട്ടത്തില്‍ അത് പുനരുജ്ജീവിപ്പിക്കുന്നത് പ്രതിലോമകരമാണെന്നും അതിനാല്‍ ചരിത്രം ചരിത്രമായിരിക്കട്ടേയെന്നും.
കൊല്ലവര്‍ഷം 1091 ‑ല്‍ നമുക്ക് ജാതി ഇല്ല എന്നൊരു വിളംബരം നാരായണഗുരു പുറപ്പെടുവിച്ചു- ”നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ കൂട്ടത്തില്‍ പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അതു ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ, മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവണ്ണം ആലുവാ അദൈ്വതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളു എന്നും മേലും ചേര്‍ക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.”
2022 ലെ നവ ഇന്ത്യയില്‍ മതം മതേതരത്വമായിരിക്കാനും മതഗ്രന്ഥം ഭരണഘടനയായും നിജപ്പെടുത്താന്‍ ഭരണകൂടം നടപടികള്‍ കൈക്കൊള്ളുമോ?
ഗാന്ധിജിയുടെ ശിവഗിരി സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ ഏറ്റവും ആനന്ദംകൊള്ളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് ജാതി, അയിത്തം, മുതലായവയ്‌ക്കെതിരെ ഗുരു നടത്തുന്ന പരിശ്രമങ്ങളാണ്. ശിവഗിരിയില്‍ ശാന്തിക്കാരും പാചകക്കാരും ഹരിജനങ്ങളാണെന്നതും അവര്‍ ഗുരുവിനു കീഴില്‍ വിദ്യ അഭ്യസിക്കുന്നതും മിശ്രഭോജനം നടത്തുന്നതുമാണ് ഗാന്ധിജിയെ അതിശയിപ്പിച്ചത്.
വര്‍ത്തമാനകാല ഭാരതത്തില്‍ ദളിതയായ പ്രൊഫസറെ സവര്‍ണ വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിക്കുന്നു, ദളിതന് വിവാഹാഘോഷം പാടില്ല, ദളിത് പെണ്‍കുട്ടികളുടെ കന്യകാത്വം മേലാളനുള്ളതാണ്, ദളിത് യുവതികള്‍ക്ക് ചാരിത്ര്യം പോലും നിഷിദ്ധമാണ്. ന്യൂനപക്ഷക്കാരെ അവരുടെ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍ക്കാന്‍ അനുവദിക്കുന്നില്ല.
അനുദിനം വര്‍ധിക്കുന്ന അസഹിഷ്ണുതയ്ക്ക് തീര്‍ച്ചയായും പരിഹാരം ശ്രീനാരായണഗുരു, ടാഗോര്‍,മഹാത്മാ ഗാന്ധി തുടങ്ങിയവരുടെ ദര്‍ശനങ്ങള്‍ തന്നെ. എന്നാല്‍ അസഹിഷ്ണുത വളമാക്കി വളരുന്നവരുടെ നയപ്രസംഗം നയമില്ലാത്ത ശബ്ദങ്ങളായി വിലയം ചെയ്യുകയേ ഉള്ളു. അവരുടെ മുന്‍വര്‍ഷങ്ങളിലെ പൊയ്‌വാഗ്ദാനങ്ങള്‍ പോലെ…

മാറ്റൊലി:

”പ്രിയമപരന്റെയതെന്‍പ്രിയം, സ്വകീയ
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മനല്‍കും
ക്രിയയപരപ്രിയഹേതുവായ് വരേണം”
(ആത്‌മോപദേശശതകതം-
ശ്രീനാരായണഗുരു)