തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉറ്റ തോഴന്‍

Web Desk
Posted on October 31, 2019, 10:23 pm

ഗുരുദാസ് ദാസ് ഗുപ്തയെപ്പോലുള്ള നേതാക്കളുടെ സാന്നിധ്യം അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് അദ്ദേഹം വിട വാങ്ങുന്നത്. നമ്മുടെ രാജ്യവും തൊഴിലാളി വര്‍ഗ്ഗവും കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്. തൊഴിലാളികള്‍ സമരത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഓരോന്നായി മോഡി സര്‍ക്കാര്‍ കവര്‍ന്നെടുത്തു കൊണ്ടിരിക്കുന്നു.
ദീര്‍ഘനാള്‍ എഐടിയുസി യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ഗുരുദാസ് ദാസ് ഗുപ്ത. അസംഘടിത മേഖലയിലുള്ളവരെ സംഘടിപ്പിക്കുന്നതിനാണ് ഗുരുദാസ് ദാസ് ഗുപ്ത മുന്‍ഗണന നല്‍കിയത്. അതിനു പുറമെ ബാങ്കിംഗ്, പ്രതിരോധം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍ക്ക് അദ്ദേഹം സംഘടനാബോധം പകര്‍ന്നു നല്‍കി.
മികച്ച പാര്‍ലമെന്റേറിയനായിട്ടാണ് രാജ്യം അദ്ദേഹത്തെ ആദരിക്കുന്നത്. പാര്‍ലമെന്റിനുള്ളില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം മുന്‍നിന്ന് പ്രവര്‍ത്തിച്ചു. അവിഭക്ത ബംഗാളിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ടാണ് ഗുരുദാസ് ദാസ് ഗുപ്ത പൊതുരംഗത്തേക്കു കടന്നു വന്നത്. ബംഗാള്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രസിഡന്റും സെക്രട്ടറിയും ആയി അദ്ദേഹം പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥികളുടെ നിരവധിയായ സമരങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിച്ചു.
അനുതോഷ് കോളജ് വിദ്യാര്‍ത്ഥി യൂണിയന്റെ ജനറല്‍ സെക്രട്ടറിയായും ഗുരുദാസ് ദാസ് ഗുപ്ത പ്രവര്‍ത്തിച്ചു. പിന്നീട് ബംഗാളിലെ യുവജന ഫെഡറേഷന്‍ നേതാവായി. ബംഗാളില്‍ ഗുരുദാസ് ദാസ് ഗുപ്ത എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ആയിരിക്കെ ഈ ലേഖകന്‍ കേരളത്തില്‍ എഐ വൈഎഫ് സംസ്ഥാന സെക്രട്ടറി ആയിരുന്നു. ഞങ്ങള്‍ ഇരുവരും ദേശീയ വൈസ് പ്രസിഡന്റുമാരും. അന്നുമുതലാണ് ഗുരുദാസ് ദാസ് ഗുപ്തയുമായി അടുത്ത ബന്ധം എനിക്കുണ്ടായത്.
1985 ലാണ് ഗുരുദാസ് ദാസ് ഗുപ്ത ആദ്യമായി രാജ്യസഭാംഗമായത്. 1988 ലും 1994 ലും രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2004 ല്‍ ലോക്‌സഭയിലേക്ക് പാന്‍ഡ്കുര മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗുരുദാസ് ദാസ് ഗുപ്ത 2009 ല്‍ പാന്‍ഡ്കുര മണ്ഡലത്തില്‍ നിന്ന് വീണ്ടും ലോക്‌സഭാംഗമായി. 2001 ലാണ് എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറിയാകുന്നത്. 2004 ല്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമായി. പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും, സിപിഐ ലോക്‌സഭാ കക്ഷി നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചു. നിരവധി തവണ ഒളിവു ജീവിതം നയിച്ച ഗുരുദാസ് ദാസ് ഗുപ്ത ജയില്‍വാസവും അനുഭവിച്ചു.
കൊല്ലത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് സിപിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞു. പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.
വിപുലമായ സുഹൃത് വലയത്തിനുടമയായിരുന്നു ഗുരുദാസ് ദാസ് ഗുപ്ത. എതിരാളികളുടെ ആദരവ് പിടിച്ചുപറ്റിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. രാജ്യസഭയിലും ലോക‍്സഭയിലും വിവിധ കമ്മിറ്റികളില്‍ അംഗമായിരുന്നുകൊണ്ട് നിരവധിയായ പ്രശ്‌നങ്ങള്‍ ഗുരുദാസ് ദാസ് ഗുപ്ത ഉന്നയിച്ചു. രാജ്യത്തെ കര്‍ഷക തൊഴിലാളികളുടെ സ്ഥിതി പഠിക്കാനുള്ള പാര്‍ലമെന്ററി സമിതിയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ച അദ്ദേഹം കര്‍ഷക തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മൂര്‍ത്തമായ ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റിനു മുന്നില്‍ സമര്‍പ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി കമ്മിറ്റിയംഗമെന്ന നിലയില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ നിരവധിയായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പല അഴിമതികളും പുറത്തു കൊണ്ടുവരാന്‍ ഗുരുദാസ് ദാസ് ഗുപ്തയുടെ ഇടപെടലുകള്‍ വഴിയൊരുക്കി. 2 ജി സ്‌പെക്ട്രം അഴിമതി അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതി അംഗമെന്ന നിലയില്‍ അഴിമതിയില്‍ പല പ്രമുഖര്‍ക്കുമുള്ള പങ്ക് അദ്ദേഹം തുറന്നുകാട്ടി. സമിതി റിപ്പോര്‍ട്ടില്‍ ഗുരുദാസ് ദാസ് ഗുപ്ത എഴുതിയ കാര്യങ്ങള്‍ രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ്.
കൃഷ്ണ‑ഗോദാവരി തീരത്തെ പ്രകൃതി വാതക ഖനനവുമായി ബന്ധപ്പെട്ട് റിലയന്‍സിനു നല്‍കിയ സൗജന്യങ്ങളെക്കുറിച്ച് ആദ്യമായി ആക്ഷേപം ഉന്നയിച്ചത് ഗുരുദാസ് ദാസ് ഗുപ്തയാണ്. വളരെ വിശദമായ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അദ്ദേഹം അവതരിപ്പിച്ചു. രാജ്യത്ത് വലിയ ചര്‍ച്ചയ്ക്ക് ഇത് ഇടയാക്കുകയും ചെയ്തു.
എഐടിയുസി യുടെ ജനറല്‍ സെക്രട്ടറിയായി ഗുരുദാസ് ദാസ് ഗുപ്ത പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്കവസരം ഉണ്ടായിരുന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ച് അതിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ അദ്ദേഹം കാട്ടിയ മികവാര്‍ന്ന പ്രവര്‍ത്തനം എക്കാലവും ഓര്‍മ്മിക്കും.
നമ്മുടെ രാജ്യത്തെ തൊഴിലാളികള്‍ ഐക്യത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ നടത്തിവരുന്ന പോരാട്ടങ്ങള്‍ക്കും വരുംകാല പ്രക്ഷോഭങ്ങള്‍ക്കും ഗുരുദാസ് ദാസ് ഗുപ്തയുടെ സ്മരണ കരുത്തു പകരും.