ഭഗവാന്റെ പ്രത്യക്ഷ സാന്നിധ്യം എന്ന് ഭക്തർ വിശേഷിപ്പിക്കുന്ന ഗജരത്നം ഗുരുവായൂർ പത്മനാഭൻ (84) ചരിഞ്ഞു. പുന്നത്തൂർ കോട്ടയിൽ പ്രായാധിക്യത്തോടനുബന്ധിച്ചുള്ള അവശത അലട്ടിയിരുന്ന പത്മനാഭൻ ഏറെ നാളായി ചികിത്സയിലായിരുന്നു.. ഇന്ന് ഉച്ചയോടെ ആയിരുന്നു മരണം സംഭവിച്ചത്. ആനക്കോട്ടയിലെ കാരണവരായ പത്മനാഭനെ 1954 ജനുവരിയിലാണ് ഒറ്റപ്പാലത്തെ ഇ.പി.ബ്രദേഴ്സ് ആലത്തൊരിലെ സ്വാമിയിൽ നിന്നും വാങ്ങി ഭഗവാനു സമർപ്പിക്കുന്നത്. അന്ന് പ്രായം പതിനാലു വയസ്സ്. നിലമ്പൂർ കാടിന്റെ സന്തതിയായ ഇവൻ ലക്ഷണത്തികവൊത്ത നാടൻ ആനകളിൽ മുമ്പനായിരുന്നു.
സർവ്വ ലക്ഷണങ്ങളും ഒത്തുവന്നാൽ അത് ആപത്താണെന്ന ചൊല്ല് കാരണമാകാം സൃഷ്ട്വാവ് ഇവന്റെ ഇടത്തെ കൊമ്പിനു അല്പം ചരിവ് നൽകിയതെന്ന് വിശ്വാസികൾ പറയും. വിരിഞ്ഞ മസ്തകവും ഉയർന്നവായു കുമ്പവും നല്ല തേൻ നിറമാർന്ന കണ്ണുകളും പതിനെട്ട് നഖങ്ങളുമുൾപ്പെടെ ലക്ഷണത്തികവിന്റെ പര്യായമായിരുന്നു പത്മനാഭൻ. ഏകഛത്രാധിപതി സാക്ഷാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉള്ള ഉൽസവമായാലും ശരി ചെല്ലുന്ന സദസ്സുകളിലെല്ലാം പത്മനാഭനെ കഴിഞ്ഞേ മറ്റാനകൾക്ക് സ്ഥാനമുള്ളൂ. പ്രശസ്തമായ പല പൂരങ്ങളിലും തിടമ്പാനയായി നിന്നിട്ടുള്ള പത്മനാഭന് കേരളത്തിലെമ്പാടും ആരാധകർ ഉണ്ട്. കേരളത്തിൽ ആദ്യമായി ഏറ്റവും അധികം തുകക്ക് ഒരു ദിവസത്തെ ഏക്കം ലഭിച്ച റെക്കോർഡും പത്മനാഭനു സ്വന്തം.
ഒരു പതിറ്റാണ്ട് മുമ്പ് നെന്മാറ വല്ലങ്ങി വേലക്ക് 2,22,222 രൂപയ്കാണ് വാശിയേറിയ ലേലത്തിനൊടുവിൽ അവന്റെ ഏക്കം ഉറപ്പിച്ചത്. പത്മനാഭൻ ദേശത്ത് ഒരിക്കൽ വന്നാൽ അത് ഐശ്വര്യമാണെന്ന് വിശ്വസിക്കുന്നവർ ധാരാളമായുണ്ട്. പ്രാർഥനകളോടെയും കൈ കൂപ്പിയുമെല്ലാമാണ് പലയിടത്തും ആളുകൾ ഇവനെ സ്വീകരിക്കറ്. പൊതുവിൽ ശാന്ത സ്വരൂപനായ പത്മനാഭൻ വൃത്തിയുടേയും ചിട്ടകളുടെയും കാര്യത്തിലും പ്രശസ്തനാണ്. ഗുരുവായൂർ കേശവനും പഴയ പത്മനാഭനും ശേഷം ഇത്രയും പേരെടുത്ത ഒരാന ദേവസ്വത്തിൽ ഉണ്ടായിട്ടില്ല. ഏറ്റവും അധികം കാലം ഭഗവാന്റെ തിടമ്പേറ്റിയ ചരിത്രവും ഇവനു തന്നെ. പത്മനാഭൻ വിടപറയുമ്പോൾ അത് ഉത്സവ കേരളത്തിലെ പകരം വെക്കാനില്ലാത്ത ഒന്നാമൻ ചരിത്രമാകുക കൂടെയാണ്.
English Summary: Guruvayoor pathmanabhan is no more
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.