18 April 2024, Thursday

കായൽ ടൂറിസത്തിന് വേറിട്ട മുഖമൊരുക്കാൻ ഗുരുവായൂർ

Janayugom Webdesk
തൃശൂർ
August 25, 2021 9:36 pm

ക്ഷേത്രനഗരിയായ ഗുരുവായൂരിലെത്തുന്ന തീർത്ഥാടകർക്ക് വിനോദ സഞ്ചാരത്തിന്റെ വഴി കൂടി തുറക്കുന്നു. സംസ്ഥാന സർക്കാരും ഗുരുവായൂർ നഗരസഭയും ചേർന്നാണ് സഞ്ചാരികൾക്കായി കായൽ ടൂറിസത്തിന്റെ പുതിയ വിരുന്നൊരുക്കുന്നത്. ഇതിന്റെ ഭാഗമായി ചക്കംകണ്ടം പ്രദേശത്ത് ടൂറിസത്തിന്റെ വിവിധ സാധ്യതകളൊരുക്കുകയാണ് നഗരസഭ. കാലങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യം കൂടിയാണ് കായൽ ശുചീകരണം.

ഗുരുവായൂരിലെ ടൂറിസത്തിന്റെ സാധ്യതകൾ മനസ്സിലാക്കുന്നതിനായി കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ചക്കംകണ്ടം പ്രദേശം സന്ദർശിച്ചിരുന്നു. പിൽഗ്രിം ടൂറിസം, ബോട്ട് സവാരി, കുട്ടികളുടെ പാർക്ക്, കായൽ റസ്റ്റോറന്റ് എന്നീ പദ്ധതികളുമായി ചക്കംകണ്ടം ടൂറിസം പ്രോജക്ട് തയ്യാറാക്കുന്നുണ്ട്. ഇത് സർക്കാർ പദ്ധതിയിലുൾപ്പെടുത്തി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ചേറ്റുവ കോട്ട, ആനക്കോട്ട തുടങ്ങി ഗുരുവായൂരിലെ സമീപ പ്രദേശങ്ങൾ കൂടി യോജിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള പദ്ധതി പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബോട്ടിങ് സ്റ്റേഷൻ ഒരുക്കുന്നതിനോടൊപ്പം കുട്ടികളുടെ പാർക്ക്, വിശ്രമ കേന്ദ്രങ്ങൾ, ശുചിമുറികൾ, വാഹന പാർക്കിങ്, ഭക്ഷണശാലകൾ എന്നിവയും പരിഗണനയിലുണ്ട്.

ഗുരുവായൂർ അഴുക്കുചാൽ പദ്ധതി കമ്മിഷൻ ചെയ്യുന്നതോടുകൂടി ചക്കംകണ്ടത്തെ മാലിന്യമുക്തമാക്കാൻ കഴിയും. കൂടാതെ കണ്ടൽ ചെടികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കായൽ പ്രദേശമായതിനാൽ ചക്കംകണ്ടത്ത് കണ്ടൽ സംരക്ഷണ പദ്ധതികളും ആവിഷ്കരിക്കും.

കണ്ടൽ പ്രദേശങ്ങൾ സംരക്ഷിച്ച് നിർത്തി പ്രകൃതിസൗഹൃദ ടൂറിസം കേന്ദ്രമാക്കാനാണ് അധികൃതർ വിഭാവനം ചെയ്യുന്നത്. വിനോദ സഞ്ചാരികൾക്കായി കായലിൽ ബോട്ട് സർവീസ്, വിദേശ മാതൃകയിൽ കായലിന് നടുക്ക് റസ്റ്റോറന്റ് എന്നിങ്ങനെ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Guru­vayur to cre­ate a dif­fer­ent face for back­wa­ter tourism

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.