നരേന്ദ്ര ജാൻഗിദിന്റെത് വെറുമൊരു സംഭാവനയല്ല, കൊറോണക്കാലത്തെ കേരളത്തിന്റെ പ്രവർത്തനങ്ങൾക്ക് അതിഥി തൊഴിലാളികൾ മനസ്സറിഞ്ഞ് നൽകുന്ന ഐക്യദാർഢ്യമാണ്. രാജസ്ഥാൻ സ്വദേശിയും മാർബിൾ തൊഴിലാളിയുമായ നരേന്ദ്ര ജാൻഗിദാണ് സ്വരുക്കൂട്ടി വെച്ച 5500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്.അതിഥി തൊഴിലാളികൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനാണ് ജാൻഗിദ്. ഞങ്ങൾക്കായി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഭക്ഷണവും വൈദ്യസഹായവുമുൾപ്പെടെ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നു. വിദൂര ദേശങ്ങളിൽ നിന്ന് ഇവിടെയെത്തി ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളോട് കേരള സർക്കാർ കാണിക്കുന്ന കരുതലും സ്നേഹവും വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറയുന്നു.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള തന്റെ സഹായമാണിത് ജാൻഗിദ് പറഞ്ഞു. തുക തളിപ്പറമ്പ് തഹസിൽദാർ സി വി പ്രകാശന് കൈമാറി. ജോലിതേടി 18 വർഷമായി കേരളത്തിലെത്തിയ ജാൻഗിദ് തളിപ്പറമ്പ് മന്നയ്ക്കാണ് താമസം. കോവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിനായി അതിഥി തൊഴിലാളികൾക്കിടയിൽ ശക്തമായ ബോധവൽക്കരണമാണ് ജില്ലയിൽ നടപ്പാക്കുന്നത്. താമസയിടങ്ങൾ കേന്ദ്രീകരിച്ച് വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനോടൊപ്പം ഭക്ഷണ സാധനങ്ങളുടെ കിറ്റും ആവശ്യമായ വൈദ്യ സഹായവും നൽകിവരുന്നുണ്ട്. മഹാമാരിയുടെ ഈ ദുരിത കാലത്ത് ഒരാൾപോലും പട്ടിണികിടക്കരുതെന്ന സർക്കാരിന്റെ പ്രഖ്യാപനം തങ്ങൾക്ക് നൽകുന്ന ആശ്വാസം ഏറെ വലുതാണെന്ന് നരേന്ദ്ര ജാൻഗിദ് സാക്ഷ്യപ്പെടുത്തുന്നു.
English Summary: gust workers donate to kerala covid fund
You may also like this video