ചിത്രങ്ങള്‍കൊണ്ട് കലഹിച്ചവന്‍

Web Desk
Posted on March 17, 2019, 8:53 am

വരജീവിതം

ഗുസ്താവ് കൂര്‍ബേ (1819 — 1877) 
സൂര്‍ദാസ് രാമകൃഷ്ണന്‍

”എനിക്ക് അന്‍പതു വയസായി. ഇക്കാലം വരെയും ഞാന്‍ സ്വതന്ത്രനായി ജീവിച്ചു. മരണത്തെ നേരിടുന്ന നിമിഷത്തിലും ആ സ്വാതന്ത്ര്യം കൈവിടരുതെന്നാണ് എന്റെ ആഗ്രഹം. എന്റെ മരണശേഷം നിങ്ങള്‍ക്ക് എന്നെക്കുറിച്ച് ഇങ്ങനെ പറയാം:- അയാള്‍ ചിത്രകലയിലെ ഒരു സ്‌കൂളിന്റെയും വക്താവായിരുന്നില്ല; പള്ളിക്കോ സ്ഥാപനങ്ങള്‍ക്കോ അക്കാദമികള്‍ക്കോ വിധേയനായിരുന്നില്ല. എന്തിനെങ്കിലും അയാള്‍ വിധേയനായിരുന്നിട്ടുണ്ടെങ്കില്‍ അത് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിനു മാത്രമായിരുന്നു.”
ഇങ്ങനെ പറയുകയും ഇങ്ങനെ തന്നെ ജീവിക്കുകയും ചെയ്ത ചിത്രകലയിലെ കലാപകാരി ഗുസ്താവ് കൂര്‍ബേ എന്ന ഫ്രഞ്ച് ചിത്രകാരനായിരുന്നു ഷീന്‍ ദിസെയര്‍ ഗുസ്താവ് കൂര്‍ബേ. അതാണ് മുഴുവന്‍ പേര്. പാരീസ് സലോണില്‍ നിരന്തരം പ്രവേശനം നിഷേധിക്കപ്പെട്ട ചിത്രകാരന്‍. അതിനെതിരെ ശബ്ദമുയര്‍ത്തി, ജൂറികളോട് പരസ്യമായി കലഹിച്ചുകൊണ്ട് സ്വന്തം ചിത്രങ്ങളുടെ പ്രദര്‍ശനം സ്വയം സംഘടിപ്പിച്ച അടിപതറാത്ത കലാപകാരി. 1853ല്‍ ഫ്രഞ്ച് ഭരണകൂടം വാഗ്ദാനം ചെയ്ത, സമാധാനത്തിന്റെ പ്രതീകമായ ‘ഒലീവ് ബ്രാഞ്ചും’ 1870ല്‍ ചക്രവര്‍ത്തി സമ്മാനിച്ച ‘ലീജിയണ്‍ ഓഫ് ഓണര്‍’ ബഹുമതിയും പരിഹാസപൂര്‍വം നിഷേധിച്ച നിര്‍ഭയനായ താന്തോന്നി. നെപ്പോളിയന്‍ മൂന്നാമന്റെ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയ സോഷ്യലിസ്റ്റ്. രാജഭരണത്തിന്റെ പ്രതീകങ്ങളിലൊന്നായ ‘വെന്റോ കൊട്ടാരം’ തകര്‍ത്തവരുടെ കൂട്ടത്തില്‍ കുറ്റം ചാര്‍ത്തപ്പെട്ടു ജയിലില്‍ അടയ്ക്കപ്പെടുകയും സ്വിറ്റ്‌സര്‍ലാന്റിലേയ്ക്ക് നാടുകടത്തപ്പെടുകയും ചെയ്ത വിപ്ലവ മനസ്. ‘മൂന്നു ജന്മം ജനിച്ചാലും എന്നെപ്പോലെ ഒരാളെ നിനക്ക് ജീവിതപങ്കാളിയായി കിട്ടില്ല. എന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണോ’ എന്ന് ഒരേയൊരു പ്രാവശ്യം കത്തിലൂടെ ഒരു യുവതിയോടു ചോദിക്കുകയും അവര്‍ അത് നിരസിച്ചതിനാല്‍ അവിവാഹിതനായി ജീവിക്കുകയും അതേസമയം വെര്‍ജീന്‍ ബെനറ്റ് എന്ന സ്ത്രീയില്‍ ഒരു മകന് ജന്മം നല്‍കുകയും ചെയ്ത അസാധാരണ പൗരുഷം. ഇങ്ങനെയൊക്കെയായിരുന്നു കലഹിച്ചും നിഷേധിച്ചും സ്വയം നിര്‍മ്മിച്ചെടുത്ത കൂര്‍ബേയുടെ ജീവിതം.

ഫ്രാന്‍സിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഓര്‍ണന്‍സ് എന്ന ചെറു പട്ടണത്തിലാണ് 1819ല്‍ കൂര്‍ബേ ജനിച്ചത്. പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ട് വനവും പുല്‍മേടുകളും കൊണ്ട് സമൃദ്ധമായിരുന്നു ഓര്‍ണന്‍സ്. കൂര്‍ബേയുടെ കുടുംബം തലമുറകളായി ജീവിച്ചുപോന്നിരുന്ന സ്ഥലം. പാരമ്പര്യമായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍. കൂര്‍ബേയുടെ പിതാവിന് മുന്തിരിത്തോട്ടങ്ങളും വിളനിലങ്ങളും കാലിവളര്‍ത്തല്‍ കേന്ദ്രങ്ങളുമുണ്ടായിരുന്നു.
അടിസ്ഥാനപരമായി കര്‍ഷകരായിരുന്നെങ്കിലും കൂര്‍ബേയുടെ പിതാവ് കൃഷിയിലൂടെ സമ്പന്നനായിത്തീര്‍ന്നപ്പോള്‍ ബൂര്‍ഷ്വാ വര്‍ഗത്തിന്റെ വരേണ്യതയിലേക്ക് ആ കുടുംബം ഉയര്‍ത്തപ്പെട്ടു. അതു കുര്‍ബേക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. മനുഷ്യരെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗങ്ങളായി തിരിക്കുന്നതിലെ അധാര്‍മ്മികതയെ ചെറുപ്പം മുതല്‍ക്കേ അദ്ദേഹം എതിര്‍ത്തിരുന്നു. ഓര്‍ണന്‍സിലെ സാധാരണക്കാരായ മനുഷ്യരിലായിരുന്നു കൂര്‍ബേയുടെ താല്‍പര്യം. അത് ഏറ്റവും ശക്തമായി തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. അനലംകൃതമായ കര്‍ഷക ജീവിതത്തിന്റെ പരുപരുത്ത ഭാവങ്ങള്‍ അദ്ദേഹം ക്യാന്‍വാസുകളില്‍ അനശ്വരമാക്കി. തനിക്കു മുന്‍പുള്ള ചിത്രകാരന്മാര്‍ മനുഷ്യരെ പകര്‍ത്തിയതുപോലെയല്ല കൂര്‍ബേ വരച്ചത്. പ്രകൃതി എങ്ങനെയാണോ മനുഷ്യരുടെ രൂപഭാവങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് അത് ആവിഷ്‌കരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രകൃതിയുടെ മനുഷ്യനിര്‍മ്മിതിയെ ഒട്ടും തിരുത്താതെ അദ്ദേഹം പകര്‍ത്തി. മനുഷ്യശരീരത്തെ കുറവുകള്‍ തീര്‍ത്ത് സുന്ദരമാക്കാന്‍ ഒരിക്കലും കൂര്‍ബേ ശ്രമിച്ചിരുന്നില്ല.

ഗുസ്താവ് കൂര്‍ബേബൂര്‍ഷ്വാവര്‍ഗത്തിന്റെ പൊങ്ങച്ചങ്ങളെ നിലംപരിശാക്കുക എന്ന ഗൂഢ ലക്ഷ്യമുണ്ടായിരുന്നു കൂര്‍ബേയ്ക്ക്. കൂര്‍ബേ ചിത്രകാരനായതുപോലും അതിനുവേണ്ടിയാണെന്ന് തോന്നും. ബൂര്‍ഷ്വാ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിധേയമായിരുന്ന ചിത്രകലാ സങ്കല്‍പങ്ങളെയാണ് ‘നീരാടുന്നവര്‍’ ഓര്‍ണന്‍സിലെ ശവസംസ്‌കാരം ചിത്രകാരന്റെ സ്റ്റുഡിയോ, ഉറങ്ങുന്നവര്‍ തുടങ്ങി തന്റെ ഭൂരിപക്ഷം ചിത്രങ്ങളിലൂടെയും അദ്ദേഹം മുറിവേല്‍പ്പിച്ചത്. അക്കാലത്ത് വലിയ വലിപ്പമുള്ള ക്യാന്‍വാസുകളില്‍ മിത്തിക്കല്‍ വിഷയങ്ങളെയോ രാജോചിതമായ ജീവിതങ്ങളെയോ മാത്രമേ ആവിഷ്‌കരിക്കാവൂ എന്നൊരു അലിഖിത നിയമം ചിത്രകലയില്‍ ഉണ്ടായിരുന്നു. കൂര്‍ബേയും വലിയ ക്യാന്‍വാസുകളില്‍ വരച്ചു. പക്ഷേ, ഇതിഹാസ കഥാപാത്രങ്ങളെയോ രാജാക്കന്മാരുടെ ജീവിത ചിത്രങ്ങളെയോ അല്ല വരച്ചത്. തന്റെ ജന്മനാടായ ഓര്‍ണാന്‍സിലെ വെറും സാധാരണക്കാരായ കര്‍ഷകരുടെ നിറപ്പകിട്ടില്ലാത്ത ജീവിതത്തിന്റെ തികച്ചും യഥാര്‍ത്ഥമായ പകര്‍ത്തലായിരുന്നു അവ. രാജ‑പ്രഭു കുടുംബങ്ങളിലുള്ളവരുടെ ഛായാചിത്രങ്ങളാണ് അന്ന് വരച്ചിരുന്നത്. താഴേക്കിടയിലുള്ളവര്‍ക്ക് അതിനുള്ള അവകാശം തന്നെയില്ലായിരുന്നു. അവിടെയും കൂര്‍ബേയുടെ അനുസരണക്കേട് പ്രകമ്പനം സൃഷ്ടിച്ചു. അദ്ദേഹം സ്വന്തം കുടുംബത്തിലുള്ളവരുടെയും കൃഷിക്കാരുടെയും ഛായാചിത്രങ്ങള്‍ വരച്ചു. പാരീസ് സലോണിനു പുറത്ത് സ്വന്തമായി ചിത്രപ്രദര്‍ശനം നടത്തി ഇവയൊക്കെ പ്രദര്‍ശിപ്പിച്ചു. കടുത്ത വിമര്‍ശനങ്ങളും അവഹേളനങ്ങളും ഏറ്റുവാങ്ങി. പക്ഷേ, പിന്മാറിയില്ല. നിയമപഠനത്തില്‍ നിന്നും വഴിമാറി ചിത്രകല പഠിച്ച്, 1839ല്‍ പാരീസിലെത്തിയതു മുതല്‍ 1848 വരെ പാരീസ് സലോണിലെ ജൂറികള്‍ കൂര്‍ബേയുടെ ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ചുകൊണ്ടിരുന്നതിന്റെ കാരണങ്ങളും ഇതൊക്കെയായിരുന്നു.
പാരീസ് സലോണ്‍ എന്നത് എല്ലാ വര്‍ഷവും പാരീസില്‍ നടത്തുന്ന വിപുലമായൊരു ചിത്രപ്രദര്‍ശനമാണ്. ജീവിച്ചിരിക്കുന്ന ചിത്രകാരന്മാരുടെ രചനകള്‍ മാത്രമേ ഇതില്‍ പ്രദര്‍ശിപ്പിച്ചിരുന്നുള്ളു. അവിടെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ടിരുന്നത്. 1848ല്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ ഭരണമാറ്റം ഉണ്ടായപ്പോഴാണ് കൂര്‍ബേയുടെ ചിത്രങ്ങള്‍ക്ക് സലോണില്‍ സ്ഥിരമായ പ്രവേശനം ലഭിച്ചത്.
കുര്‍ബേയെ സംബന്ധിച്ചിടത്തോളം ചിത്രകല നിഷ്‌കളങ്കമായി പ്രകൃതിയുടെ ഭാവങ്ങളെ പകര്‍ന്നുവയ്ക്കലാണ്. എല്ലാറ്റിന്റെയും സമഗ്രസൗന്ദര്യം പ്രകൃതിയിലാണുള്ളത്. അതിനെ വീണ്ടും മോടിപിടിപ്പിക്കേണ്ടതില്ല, പിന്തുടരുകമാത്രം. അതാണ് കൂര്‍ബേയുടെ നിലപാട്. ഇത് വ്യക്തമാക്കുന്ന പ്രസിദ്ധമായതും വളരെ വലിയ ക്യാന്‍വാസില്‍ രചിച്ചതും മനുഷ്യരൂപങ്ങളെ സ്വാഭാവിക വലിപ്പത്തില്‍ തന്നെ ചിത്രീകരിച്ചിട്ടുള്ളതുമായ കൂര്‍ബേ ചിത്രമാണ് ‘ചിത്രകാരന്റെ സ്റ്റുഡിയോ’ ഈ ചിത്രത്തിന്റെ മധ്യത്തില്‍ ചിത്രരചനയില്‍ മുഴുകിയിരിക്കുന്ന കൂര്‍ബേയെ കാണാം. അദ്ദേഹത്തിന്റെ അരികില്‍ നില്‍ക്കുന്ന കുട്ടി നിഷ്‌കളങ്കതയുടെയും മോഡലായി നില്‍ക്കുന്ന നഗ്നരൂപിണി സത്യത്തിന്റെയും പ്രതീകങ്ങളാണ്. ചിത്രത്തിന്റെ വലതുഭാഗത്ത് ബോദ്‌ലെയര്‍, പ്രുഡോണ്‍ തുടങ്ങിയ തന്റെ സുഹൃത്തുക്കളായ കലാകാരന്മാരെയും ഇടതുഭാഗത്ത് ദരിദ്രരായ മനുഷ്യരെയും ആണ് വരച്ചിരിക്കുന്നത്. നിഷ്‌കളങ്കമായി പ്രകൃതി സത്യത്തെ ആവിഷ്‌കരിക്കുന്നവനാണ് ചിത്രകാരന്‍ എന്നും ചിത്രത്തിന്റെ വലതുഭാഗം കൊണ്ട് തന്റെ ചിന്താസ്വാതന്ത്ര്യത്തെയും ഇടതുഭാഗം കൊണ്ട് തന്നിലെ മാനുഷികമായ നിലപാടിനെയുമാണ് കൂര്‍ബേ വ്യക്തമാക്കുന്നത്. 1855ല്‍ പാരീസില്‍ നടന്ന ലോക ചിത്രകലാ പ്രദര്‍ശനത്തിന്റെ പവിലിയനു പുറത്ത് കൂര്‍ബേ സ്വന്തം ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്തിയപ്പോള്‍ അതില്‍ നടുനായകത്വം വഹിച്ചത് ഈ ചിത്രമായിരുന്നു. പവിലിയന്‍ ഓഫ് റിയലിസം എന്നാണ് കൂര്‍ബേ തന്റെ പ്രദര്‍ശനത്തിന് നല്‍കിയിരുന്ന ശീര്‍ഷകം.
ഇങ്ങനെ കലാജീവിതത്തിലുടനീളം കലാപകാരിയായി ജീവിച്ച കൂര്‍ബേയുടെ ഏറ്റവും വലിയ സമ്പാദ്യം പില്‍ക്കാലത്ത് വലിയ കലാപകാരികളായി മാറിയ എഡ്വേഡ് മോണെ, റെനോയ്ര്‍, പിസാറോ, മാനറ്റ് തുടങ്ങിയ ചിത്രകാരന്മാരുടെ ആരാധന നിറഞ്ഞ ശിഷ്യത്വമാണ്. ചിത്രകലയില്‍ റിയലിസം അതിന്റെ എല്ലാ കരുത്തും പ്രകടിപ്പിച്ചത് കൂര്‍ബേയിലൂടെയാണ്. പക്ഷേ, അദ്ദേഹം ഒരിക്കല്‍ പോലും സ്വയം ഒരു റിയലിസ്റ്റാണെന്ന് വിചാരിച്ചില്ല. ജീവിതത്തിന്റെ അവസാന നാളുകളില്‍, 1877 ല്‍ കലഹിക്കാതെ മരണത്തിനു കീഴടങ്ങുന്നതുവരെയും അദ്ദേഹം ജനേവാ തടാകത്തിന്റെ മാസ്മരിക സൗന്ദര്യത്തെ വീണ്ടും വീണ്ടും വരച്ചുകൊണ്ടേയിരുന്നു.
കൂര്‍ബേ ഉയര്‍ത്തിയ കലഹങ്ങളുടെ അനുരണനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ യൂറോപ്യന്‍ ചിത്രകലയിലും നിറഞ്ഞുനിന്നു.