പി പി ചെറിയാൻ

ന്യൂജേഴ്സി

January 27, 2020, 12:14 pm

ന്യൂജേഴ്സിയിൽ എച്ച് 1 ബി വിസയിലുള്ളവരുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ആനുകൂല്യം

Janayugom Online

എച്ച് വൺ ബി വിസയിൽ എത്തിച്ചേർന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് അമേരിക്കയിലെ ന്യൂജേഴ്സിൽ ഫീസ് ഇളവിനുള്ള നിയമനിര്‍മ്മാണം പൂര്‍ത്തിയായി. ഇതോടെ കോളജ് യൂണിവേഴ്സിറ്റികളില്‍ പഠനം നടത്തുന്നതിന് സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർത്ഥികള്‍ക്ക് ഫീസ് നല്‍കേണ്ടതില്ല.

ഇന്ത്യൻ അമേരിക്കൻ ന്യൂജേഴ്സി സംസ്ഥാന സെനറ്റർ വിൻ ഗോപാൽ കൊണ്ടുവന്ന പുതിയ ഭേദഗതി നിയമം സെനറ്റ് അംഗീകരിക്കുകയും ജനുവരി 21 ന് ഗവർണർ ഫിൽ മർഫി ഒപ്പിടുകയും ചെയ്തതോടെ നിയമമായി. ന്യൂജേഴ്സിയിൽ ഒ1ആ വിസയിൽ എത്തുന്നവരുടെ കുട്ടികൾക്ക് ഭാരിച്ച ട്യൂഷൻ ഫീസ് നൽകേണ്ടിവരുമെന്നത് കോളേജ് യൂണിവേഴ്സിറ്റി പഠനത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് വിൻഗോപാൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ വിദ്യാർത്ഥികൾക്ക് സാമ്പത്തികമൊരു തടസ്സമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാർഡൻ സ്റ്റേറ്റ് എന്നറിയപ്പെടുന്ന ന്യൂജേഴ്സി സംസ്ഥാനം പാസ്സാക്കിയ നിയമം മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണെന്നും വിൻ ഗോപാൽ അഭിപ്രായപ്പെട്ടു. 1979 ൽ മാതാപിതാക്കളോടൊപ്പം കേരളത്തിൽ നിന്നും ന്യൂജേഴ്സിൽ എത്തിയ വിൻഗോപാൽ ബിരുദാനന്തര ബിരുദദാരിയാണ്. ന്യൂജേഴ്സി പതിനൊന്നാം ഡിസ്ട്രിക്റ്റിൽ നിന്നും ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിച്ചാണ് നിയമസഭയിലെത്തിയത്.