ഡോ. അജീഷ് പി ടി

റിസർച്ച് ഓഫീസർ, എസ്‌സിഇആർടി

July 12, 2021, 1:04 am

ജീവിതത്തിൽ ഉദാത്തമാകേണ്ട ശീലങ്ങൾ

Janayugom Online

ന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ ക്രിയാത്മകമായി പ്രവർത്തിച്ച് ഭാവിവാഗ്ദാനങ്ങളായി മാറേണ്ടത്. അനുയോജ്യമായ ശിക്ഷണം, കരുതൽ, പിന്തുണ എന്നിവ നൽകുന്നതിലൂടെ കുട്ടികൾ ശോഭനമായ ജീവിതം നയിക്കാൻ പ്രാപ്തിനേടുകയും മനുഷ്യരെ ഒന്നായി കാണാനുള്ള വിശ്വമാനവൻ എന്ന പുരോഗമന കാഴ്ചപ്പാടിലേക്ക് ഉയരുകയും ചെയ്യും. അതിനാൽ ഓരോ കുട്ടിയുടേയും ബാല്യം മുതൽ പരോപകാരശീലം, മിതവ്യയശീലം, സമ്പാദ്യശീലം എന്നിവ വ്യത്യസ്ത അനുഭവങ്ങളിലൂടെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. പലതുള്ളി പെരുവെള്ളം ആവശ്യങ്ങൾക്കുമാത്രം മിതമായി പണം ചെലവഴിക്കുന്നതിലൂടെ അച്ചടക്കവും കരുതലും രൂപപ്പെടുത്തുവാൻ കഴിയും. കുട്ടികൾ സമ്പാദ്യശീലത്തിന്റെ ബാലപാഠങ്ങൾ അറിയുന്നത് നല്ലതാണ്. “പലതുള്ളി പെരുവെള്ളം’ എന്നപോലെ കുഞ്ഞുന്നാൾ മുതൽ തന്നെ നാണയശേഖരണം ആരംഭിച്ച് ദീർഘകാലം കൊണ്ട് വലിയ തുക സ്വരൂപിക്കാൻ കഴിയും എന്ന തിരിച്ചറിവ് ഓരോ കുട്ടിക്കും ഉണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്തവും ആകർഷകവുമായ നിക്ഷേപ ബോക്സുകൾ ഓരോ കുട്ടിയ്ക്കും നൽകാവുന്നതാണ്. കുട്ടിയുടെ വളർച്ചയ്ക്കൊപ്പം നിക്ഷേപ ബോക്സിന്റെ മൂല്യവും വളരുന്നുവെന്നത് ആവേശകരമായ അനുഭവമാണ്. ദീർഘനാളത്തെ പരിശ്രമത്തിന്റെയും അധ്വാനത്തിന്റെയും അനുഭവത്തിലൂടെ ഗണിതത്തിന്റെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കുന്നതിനും സാധിക്കുന്നു. പണത്തിന്റെ മൂല്യവും അത് ഭാവിയിൽ ഉപയോഗിക്കേണ്ട തെങ്ങനെയെന്ന ധാരണയും കുട്ടികളിൽ വളർന്ന് വരേണ്ടത് അത്യാവശ്യമാണ്. പൊതു ഇടങ്ങളിൽ സന്ദർശനവിലക്ക് മാറുന്ന സമയത്ത് സാധനങ്ങൾ വാങ്ങുമ്പോൾ കുട്ടികളെ കൂടെക്കൂട്ടുകയും കച്ചവടത്തിന്റെ പ്രാഥമിക പാഠങ്ങൾ ബോധ്യപ്പെടുത്തുകയും വേണം.

നഷ്ടമായ സമ്പാദ്യ പദ്ധതി

പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കുവേണ്ടി മികച്ച രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന നിക്ഷേപ സമാഹരണ പദ്ധതിയായ സഞ്ചയിക സമ്പാദ്യപദ്ധതി കേന്ദ്രസർക്കാർ നിർത്തലാക്കിയത് കുട്ടികൾക്കിടയിലെ സമ്പാദ്യശീലത്തിന് തിരിച്ചടിയായി. സ്കൂൾ കാലഘട്ടത്തിൽ ലഭിക്കുന്ന ചെറിയ തുക നിക്ഷേപിക്കുവാൻ സാധിക്കുന്ന വലിയൊരു സാധ്യതയാണ് ഇതിലൂടെ നഷ്ടമായത്. ഈ പദ്ധതി അവസാനിപ്പിക്കുന്ന സമയത്ത് ഒരു ലക്ഷത്തിനുമേൽ കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു. മൂന്ന് കോടിയോളം രൂപ നിക്ഷേപ ഇനത്തിലും ഉണ്ടായിരുന്നു. 45 ലക്ഷത്തോളം വരുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ സഞ്ചയിക മാതൃകയിലുള്ളതോ സഹകരണ സ്ഥാപന മാതൃകയിലോ മറ്റൊരു ലഘു സമ്പാദ്യപദ്ധതി രൂപീകരിച്ചാൽ കേരള മോഡൽ വികസന പ്രക്രിയയിലെ മറ്റൊരു ചുവടുവയ്പ്പാകും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന കേരള ബാങ്കിന്റെ നേതൃത്വത്തിലോ ട്രഷറി ബാങ്കിങ്ങിന്റെ മേൽനോട്ടത്തിലോ കുട്ടി നിക്ഷേപകരെയും സംരംഭകരേയും വാർത്തെടുക്കാനുള്ള പരിശ്രമം അടിയന്തരമായി ഉണ്ടാകണം.

ഒന്നാമനായാല്‍ മാത്രം പോര

ക്ലാസിലെ പഠനകാര്യങ്ങളിൽ ഒന്നാമനാകുക എന്നത് മാത്രമല്ല സഹപാഠികളുടേയും സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും കാര്യത്തിൽ ശ്രദ്ധയും പരിഗണനയും ഉണ്ടാകണം. സഹാനുഭൂതിയും സഹവർത്തിത്വവും വികസിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കണം. പഠന, പഠനേതര ആവശ്യങ്ങൾക്ക് വേണ്ടി രക്ഷിതാക്കൾ നൽകുന്ന തുകയിൽ നിന്നും മിക്കപ്പോഴും മിച്ചം കണ്ടെത്തുന്നവരാണ് കുട്ടികൾ. പലപ്പോഴും നിസാരമായി കരുതുന്ന ഇത്തരം ചെറിയ തുകകൾ എന്തെങ്കിലും അപ്രധാനകാര്യങ്ങൾക്ക് ചെലവാക്കുകയാണ് ഭൂരിഭാഗം കുട്ടികളുടേയും ശീലം. എന്നാൽ പല പൊതു വിദ്യാലയങ്ങളിലും ക്ലാസ് മുറികളിൽ തന്നെ പൊതു നിക്ഷേപപ്പെട്ടികൾ സജ്ജീകരിച്ചിട്ടുണ്ട്. കിട്ടുന്ന ചെറിയ തുകകൾ കുട്ടികൾക്ക് ഇതിൽ നിക്ഷേപിക്കാൻ കഴിയും. വർഷാവസാനം ഈ ബോക്സ് തുറന്ന് ലഭിച്ച മുഴുവൻ തുകയും വിദ്യാലയത്തിലെ ഏറ്റവും നിർധനരായ വിദ്യാർത്ഥിയുടെ തുടർപഠനത്തിനോ, വീടിന്റെ അറ്റകുറ്റപ്പണികൾക്കോ, പഠനോപകരണങ്ങൾ വാങ്ങുന്നതിനോ ചെലവഴിക്കുന്നു.

സാമ്പത്തിക അച്ചടക്കം വേണം

ഡിജിറ്റൽ പണമിടപാട് നടക്കുന്ന കാലഘട്ടത്തിൽ ജീവിക്കുന്ന കുട്ടികളിൽ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനുള്ള കഴിവും പ്രാപ്തിയും കൈവരണം. പ്ലാസ്റ്റിക് മണി, ഡിജിറ്റൽ മണി എന്നിവ പരിചയപ്പെടുത്തേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും നേരിടുന്ന കാലത്ത് കുടുംബത്തിലെ ബജറ്റിങ് രീതികൾ നേരിട്ട് ബോധ്യപ്പെടുത്തുന്നത് വ്യക്തിഗത പക്വത രൂപപ്പെടുത്തുന്നതിന് കുട്ടികളെ സഹായിക്കും. വീട്ടിലെ വരുമാനത്തിനനുസരിച്ച് പണം ചെലവഴിക്കുന്നതിനുള്ള വിവേകവും സാമ്പത്തിക സ്വരൂപണശേഷിയും വളർന്നുവരണം. പലപ്പോഴും വീട്ടിലുള്ള മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് കുട്ടികൾ വ്യക്തിഗതമായി ശേഖരിക്കുന്ന തുകയിലൂടെ സഹപാഠികൾക്ക് വീട് നിർമ്മിച്ച് നൽകുക, രോഗ ബാധിതരായവർക്ക് മെഡിക്കൽ സംവിധാനമൊരുക്കുക തുടങ്ങി കരുതലിന്റേയും കാരുണ്യത്തിന്റേയും പ്രകടമായ നിരവധി ഉദാഹരണങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. നിർധനരായ വയോധികരേയും നിരാലംബരെയും സംരക്ഷിക്കൽ, അവരുടെ ചികിത്സാച്ചെലവ്, മറ്റ് പൊതുവായ ആവശ്യങ്ങൾ നിറവേറ്റൽ എന്നിവയുൾപ്പെടെ നന്മയുടെ നിറകുടമായി പരോപകാരപ്രവർത്തനങ്ങളിൽ കൂടുതൽ വൈകാരികതയോടെ ഇടപെടുന്ന കുട്ടികളും നിരവധിയുണ്ട്. സമൂഹത്തിന് തന്നെ മാതൃകയായി തങ്ങളുടെ കുടുക്കപൊട്ടിച്ച് നാണയത്തുട്ടുകൾ ഒരുമിച്ച് ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്ന നിരവധി കുട്ടികളുടെ പ്രവൃത്തികൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മാനവികതയ്ക്ക് വംശനാശം വന്നിട്ടില്ല എന്നതിലേയ്ക്ക് തന്നെയാണ് ഇതൊക്ക വിരൽ ചൂണ്ടുന്നത്. ഒരു പൗരന് വേണ്ട കർത്തവ്യബോധവും സാമൂഹ്യ ഉത്തരവാദിത്തവും ഇത്തരം ശീലങ്ങളിലൂടെ അടുത്ത തലമുറകളിലും നിലനിൽക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.