Saturday
16 Feb 2019

വോട്ട് അട്ടിമറി നീറിപ്പുകയുന്നു

By: Web Desk | Tuesday 22 January 2019 11:00 PM IST

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്‌തെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ ദേശീയരാഷ്ട്രീയത്തില്‍ നീറിപ്പുകയുന്നു. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അപകടമരണത്തില്‍ പുനഃരന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. അതിനിടെ വെളിപ്പെടുത്തല്‍ നടത്തിയ ഇന്ത്യന്‍-അമേരിക്കന്‍ സൈബര്‍ വിദഗ്ധന്‍ സെയ്ദ് ഷൂജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി.
മുണ്ടെയുടെ മരണത്തില്‍ പുന:രന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനന്തരവനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെ രംഗത്തെത്തി. 2014ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളിലാണ് ഗ്രാമവികസനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് നടത്തിയെന്നും താനുള്‍പ്പെടെയുള്ളവരാണ് ഇവിഎം ഹാക്ക് ചെയ്യാമെന്ന് കണ്ടെത്തിയതെന്നും സെയ്ദ് ഷൂജ ലണ്ടനില്‍ വെളിപ്പെടുത്തിയത്. കുറഞ്ഞ ആവൃത്തിയിലുള്ള മിലിട്ടറി ഗ്രേഡ് സിഗ്നലുകള്‍ ഉപയോഗിച്ചാണ് ഇവിഎമ്മുകളില്‍ കൃത്രിമം നടത്തുന്നത്. ഇക്കാര്യം അറിയാവുന്ന ഗോപിനാഥ് മുണ്ടെ ഇത് പുറത്തു പറയുമെന്ന് പേടിയുള്ളതുകൊണ്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും എന്നും ഹാക്കര്‍ ആരോപിച്ചിരുന്നു.

യുപി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നിട്ടുണ്ട്. റിലയന്‍സ് ജിയോ ആണ് ബിജെപിക്ക് സാങ്കേതിക സഹായം നല്‍കുന്നതെന്നും രാജ്യത്ത് ഒമ്പതിടത്ത് ഇതിനായി സൗകര്യമുണ്ടെന്നും ഷൂജ വെളിപ്പെടുത്തിയിരുന്നു. 2010 ലാണ് റിലയന്‍സ് ജിയോ കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ കമ്പനി ടെലികോം സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയത് 2016 മുതലാണ്.
പുതിയ വെളിപ്പെടുത്തലില്‍ റോ അല്ലെങ്കില്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് ധനഞ്ജയ് മുണ്ടേ ആവശ്യപ്പെട്ടു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുണ്ടെയെ സ്‌നേഹിക്കുന്നവരെല്ലാം സംശയിച്ചിരുന്നുവെന്നും പുതിയ വെളിപ്പെടുത്തലോടെ അത് വീണ്ടും ശക്തമാകുകയാണെന്നും അദ്ദേഹം ആരോപിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിയ സിബിഐ മരണകാരണം തലയിലേറ്റ മുറിവും ആന്തരിക രക്തസ്രാവവുമാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

മുണ്ടെയുടെ കൊലപാതകം അന്വേഷിച്ച എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹമ്മദും ദുരൂഹസാഹചര്യത്തിലാണ് കൊല്ലപ്പെട്ടത്. തന്‍സീലിന്റെ ഭാര്യയും ചികിത്സയിലിരിക്കേ മരിച്ചു. തന്‍സീലും കുടുംബവും സഞ്ചരിച്ച കാറിനു നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മുണ്ടെയുടെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുമ്പോഴാണ് തന്‍സീലും ഭാര്യയും കൊല്ലപ്പെട്ടതെന്നും ഷൂജ ആരോപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ഇവിഎം ക്രമക്കേടിനെക്കുറിച്ച് വാര്‍ത്ത നല്‍കാനിരിക്കെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന വെളിപ്പെടുത്തലും ഷൂജ നടത്തിയിരുന്നു.
അതേസമയം വാര്‍ത്താസമ്മേളനത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന വാദത്തില്‍ ബിജെപി ഉറച്ചുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പങ്കെടുത്തതും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഹാക്കര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണെന്നും അവകാശവാദങ്ങള്‍ അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്നും കപില്‍ സിബല്‍ പ്രതികരിച്ചു. ജീവന് ഭീഷണി നേരിടുന്നതിനാല്‍ ലണ്ടനിലെ ഹാക്കത്തണില്‍ ഷൂജ യുഎസില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പങ്കെടുത്തത്.gopinathതെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയില്‍ ഡല്‍ഹി പൊലീസാണ് ഹാക്കര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കമ്മിഷന്‍ അണ്ടര്‍ സെക്രട്ടറി മധുസുദനന്‍ ഗുപ്ത നല്‍കിയ പരാതിയില്‍ ഹാക്കറുടെ പേര് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍പ്രകാരമാണ് കേസ്. വാര്‍ത്താ സമ്മേളനത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

Related News