വിരൽത്തുമ്പുകളും മേശപ്പുറങ്ങളും നേരിടുന്ന അപകട സൂചന

Web Desk
Posted on November 29, 2019, 10:14 pm

മാനവരാശിയുടെ മുന്നോട്ടുള്ള പാത സുഗമമാക്കുന്നതിൽ ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്. ആധുനികലോകത്തുണ്ടായ ഏറ്റവും സുപ്രധാനമായ കണ്ടുപിടിത്തങ്ങളും മുന്നേറ്റങ്ങളും വിവരസാങ്കേതിക വിദ്യയുടെ മേഖലയിലായിരുന്നു. ലോകം വിർൽത്തുമ്പിനോളം ചുരുങ്ങുകയും കൈവെള്ളയിൽ ഒതുങ്ങുകയും ചെയ്തത് അതുവഴിയായിരുന്നു. പുതിയ കാലത്ത് സമ്പന്നവൽക്കരണത്തിന്റെ മാർഗ്ഗവും വിവരസാങ്കേതിക വിദ്യ തുറന്നിടുന്ന വാതായനങ്ങളിലൂടെയാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യ, ഓൺലൈൻ — സമൂഹമാധ്യമങ്ങൾ എന്നിവയെല്ലാം അതിന്റെ ഉൽപ്പന്നമായി ലോകം കീഴടക്കി. കമ്പ്യൂട്ടർവൽക്കരണം, ഡിജിറ്റലൈസേഷൻ എന്നിങ്ങനെയുള്ള സാധ്യതകൾ എല്ലാ മേഖലകളിലും വ്യാപകമാണിന്ന്. ബാങ്കിംഗ് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ, മാധ്യമരംഗം എന്നിവിടങ്ങളിലെല്ലാം വിവരസാങ്കേതിക വിദ്യയുടെ ഈ പുതുഘട്ടം ഉപയോഗിക്കപ്പെടുന്നുണ്ട്. ഏത് മുന്നേറ്റത്തെയും പുരോഗതിയെയും ദുരുപയോഗം ചെയ്യുകയെന്നത് മനുഷ്യരാശിയുണ്ടായ കാലം മുതലുള്ള പതിവായതിനാൽ ഇവയും അതിൽ നിന്ന് മാറിനിൽക്കുന്നില്ല. ബാങ്കിംഗ് രംഗത്ത് വലിയ തോതിലുള്ള കുറ്റകൃത്യങ്ങളും തട്ടിപ്പുകളും ഇതിന്റെ ഭാഗമായി നടക്കുന്നുവെന്ന് ഓരോ ദിവസവും വാർത്തകൾ പുറത്തുവരുന്നുണ്ട്.

സമൂഹമാധ്യമങ്ങൾ പൊതുവിമർശനത്തിനും വിലയിരുത്തലുകൾക്കുമുള്ള ഇടങ്ങൾ എന്നതിനപ്പുറം വ്യക്തിഹത്യയ്ക്കും നിലവാരമില്ലാത്ത കടന്നാക്രമണങ്ങൾക്കുമുള്ള ഇടങ്ങളായി മാറുന്നുവെന്നതും വസ്തുതയാണ്. എന്നാൽ അതിന്റെ പേരിൽ ഇത്തരമിടങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തിന് ആപത്കരമാണ്. ഇതുമായി ബന്ധപ്പെട്ട രണ്ടു വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിട്ടുള്ളത്. ഒന്ന് സർക്കാർ നേരിട്ട് സമൂഹമാധ്യമങ്ങളിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയെന്ന ഗൂഗിളിന്റെ വെളിപ്പെടുത്തലാണ്. അഞ്ഞൂറിലധികം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്താനുള്ള ശ്ര­മങ്ങൾ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഹാക്കര്‍മാര്‍ നടത്തിയെന്നാണ് വെളിപ്പെടുത്തൽ. 149 രാജ്യങ്ങളിലെ 12,000 ത്തിലധികം പേരുടെ വിവരങ്ങൾ ഇത്തരത്തിൽ വിവിധ ഏജൻസികൾ ചോർത്തിയെന്നാണ് വിവരം. ഒരുമാസം മുമ്പ് രാജ്യത്തെ പ്രമുഖരായ നേതാക്കളെ നിരീക്ഷണത്തിലാക്കിയെന്ന വിവരം ഫേസ്ബുക്ക്, വാട്ട്സ്­ആപ്പ് പോലുള്ളവയും പുറത്തു വിടുകയുണ്ടായി. 121 ഇന്ത്യക്കാരുടെ വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ പാ­ര്‍ലമെന്റ് കമ്മിറ്റി അ­ന്വേ­ഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ വാർത്ത പുറത്തെത്തിയിരിക്കുന്നത്.

ലോകത്ത് സ്വേ­ച്ഛാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഓരോ പൗരനും അധികാര നിരീക്ഷണത്തിലാണെന്ന കാര്യം വായിച്ചറിവ് മാത്രമുള്ളവരായിരുന്നു നാം. നോവലുകളിലൂടെ ഭീതിദമായ ആ അവസ്ഥ നാം വായിച്ചറിഞ്ഞിരുന്നതുമാണ്. ഫോൺചോർത്തൽ തുടങ്ങിയ സർക്കാർ നടപടികൾ നമ്മുടെ രാജ്യത്ത് മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ടെങ്കിലും അത് ഇത്രയും വ്യാപകമായ സാഹചര്യം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ലോകത്ത് സ്വേച്ഛാധികാരം നിലനിൽക്കുന്ന രാജ്യങ്ങളിലേതിന് സമാനമായി ഇന്ത്യയുടെ സാഹചര്യങ്ങളും എത്തിയിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെയാണ് സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചിരിക്കുന്നുവെന്ന വാർത്തയും പുറത്തെത്തുന്നത്. ഓൺലൈൻ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വ്യവസ്ഥകളാണ് കരട് നിയമത്തിലുള്ളത്. വർത്തമാന പത്രങ്ങൾക്ക് ഇപ്പോൾ നിലവിലുള്ള രജിസ്ട്രേഷൻ ഉണ്ടായിരിക്കണമെന്നത് പോലുള്ള വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ ഏർപ്പെടുത്തുകയെന്നതിനപ്പുറം അതിന്റെ ഉള്ളടക്കം, വ്യക്തികളുടെ സ്വഭാവ വിശുദ്ധി, ജീവിതരീതി എന്നിവ പോലും പരിശോധിച്ച് അംഗീകാരം നൽകുകയും നടത്തിപ്പ് നിരീക്ഷണ വിധേയമാക്കുകയും ചെയ്യുകയെന്നതാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കരട് നിയമത്തിന്റെ ഉള്ളടക്കത്തിൽ നിന്ന് മനസിലാക്കേണ്ടത്.

വാർത്തകളുമായി ബന്ധപ്പെട്ട കുറ്റങ്ങളെ യുഎപിഎ പോലുള്ള കാടൻ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ആശങ്കപ്പെടാവുന്ന നിർദ്ദേശങ്ങളും കരട് നിയമത്തിലുണ്ട്. ഈ രണ്ട് കാര്യങ്ങളും നമ്മുടെ രാജ്യത്തെ സംബന്ധിച്ച് അത്യന്തം അപകടകരമായ സൂചനകളാണ് നൽകുന്നത്. അധികാര നിരീക്ഷണത്തിനും നിയന്ത്രണങ്ങൾക്കും ഓരോ പൗരനും വിധേയമാണെന്ന ഓർമ്മപ്പെടുത്തലാണ് ഇതിലൂടെയുണ്ടാകുന്നത്. സ്വേച്ഛാധികാരവും ഏകാധിപത്യവും നിലനിൽക്കുന്ന അധികാരികളുടെ ഭരണത്തിൽ നടമാടുന്നുവെന്ന് നാം വായിച്ചറിഞ്ഞ കാര്യങ്ങൾ നമ്മുടെ മുന്നിലെത്തിയിരിക്കുകയാണ്. മൊബൈൽ ഫോണുകൾ പ്രവർത്തിപ്പിക്കുന്ന നമ്മുടെ വിരൽത്തുമ്പുകളും കമ്പ്യൂട്ടറുകൾ ഇടംപിടിക്കുന്ന നമ്മുടെ മേശപ്പുറങ്ങളും നിരീക്ഷണ വിധേയമാണെന്ന അപകടസൂചനയാണ് ഇവ നൽകുന്നത്.