Saturday
16 Feb 2019

ഫേസ്ബുക്ക് ഹാക്കിങ് ബാധിച്ചത് മൂന്ന് കോടിയോളം പേരെ

By: Web Desk | Saturday 13 October 2018 9:18 PM IST

ന്യൂയോര്‍ക്ക്: കഴിഞ്ഞ മാസം സംഭവിച്ച ഫേസ്ബുക്ക് ഹാക്കിങ് മൂന്ന് കോടിയോളം ഉപയോക്താക്കളെ നേരിട്ട് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. 2.9 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും 1.5 കോടിയിലധികമാളുകളലുടെ ഫോണ്‍ നമ്പരുകളും ഇമെയില്‍ വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. ഇതിനു പുറമേ 1.4 കോടിയോളം ഉപയോക്താക്കളെയാണ് ഹാക്കിങ് കാര്യമായി ബാധിച്ചു. ഇവരുടെ സെര്‍ച്ച് ഹിസ്റ്ററി, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, ലൈക്ക് ചെയ്ത പേജുകള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണു ചോര്‍ന്നിരിക്കുന്നത്.

ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കടക്കുന്ന ഓട്ടോമാറ്റഡ് പ്രോഗ്രാമിലൂടെയാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്. നേരത്തെ നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും വെള്ളിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചത്. എന്നാല്‍ സാധാരണ വിവരങ്ങള്‍ മാത്രമാണു ചോര്‍ന്നതെന്നും സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

തങ്ങളുടെ പ്രൊഫൈല്‍ ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഫേസ്ബുക്ക് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. ഹാക്കിങിനു വിധേയമായ മൂന്നു കോടിയോളം ഉപയോക്താക്കള്‍ക്കും എന്താണു സംഭവിച്ചതെന്നു കാട്ടി ഫെയ്‌സ്ബുക്ക് സന്ദേശം അയച്ചുകഴിഞ്ഞു. ഏതു രാജ്യത്തുള്ളവരെയാണ് കൂടുതല്‍ ബാധിച്ചതെന്ന വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് പുറത്തുവിട്ടിട്ടില്ല. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവര്‍ക്കു വ്യാജ ഇമെയിലുകള്‍ അയച്ചു കൂടുതല്‍ തട്ടിപ്പിനു ശ്രമം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംശയകരമായ ഇ മെയിലുകള്‍, സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിവയോടു ജാഗ്രത പാലിക്കണമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

എന്താണ് ഹാക്കര്‍മാരുടെ ഉദ്ദേശമെന്ന് വ്യക്തമല്ല. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ പോലെ വീണ്ടുമൊരു സോഷ്യല്‍ മീഡിയ അട്ടിമറി ശ്രമത്തെയും സംശയിക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു സംശയത്തിന്റെ ആവശ്യമില്ലെന്നും അതിനുള്ള സൂചനയൊന്നുമില്ലെന്നുമാണ് ഫേസ്ബുക്കിന്റെ പ്രതികരണം.
ഹാക്കിങിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഒമ്പത് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയിരുന്നു. ഫേസ്ബുക്ക് പ്രോഗ്രാമിങ്ങിലെ പരസ്പരബന്ധിതമായ സാങ്കേതിക തകരാറുകളാണ് അജ്ഞാതരായ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തത്.

Related News