ഹാഫിസ് സയിദ് അറസ്റ്റില്‍

Web Desk
Posted on July 17, 2019, 9:26 pm

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദ് അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. പാക് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഭീകരതയ്ക്കുള്ള ഫണ്ടിംഗ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയിദിന്റെ അറസ്റ്റിന് ഒരുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഒക്ടോബറിനകം ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പാകിസ്ഥാന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പു നല്‍കിയിരുന്നു. 2008ലാണ് മുംബൈയിലെ താജ് ഹോട്ടലില്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ബോംബ് ആക്രമണവും വെടിവയ്പ്പും നടന്നത്. ഇതിനെ തുടര്‍ന്ന് ഹാഫിസ് സയ്ദിന്റെ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു.