പാകിസ്താനെതിരെ കോടതിയില്‍ പോകും: ഹഫിസ് സെയീദ്.

Web Desk
Posted on February 15, 2018, 11:40 pm

ഇസ്‌ലാമാബാദ്: തനിക്കെതിരായ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫിസ് മുഹമ്മദ് സെയീദ്. തന്റെ മദ്രസ്സകള്‍ക്കും ആരോഗ്യസ്ഥാപനങ്ങള്‍ക്കുമെതിരെ സ്വീകരിച്ചിരിക്കുന്ന പാക് നടപടി നിയമവിരുദ്ധമാണെന്നും പ്രവര്‍ത്തകര്‍ സമാധാനം പാലിക്കണമെന്നും അക്രമത്തിലൂടെ പ്രതികരിക്കരുതെന്നും സെയീദ് ആവശ്യപ്പെട്ടു.
നിയമത്തിന്റെ പിന്‍ബലമില്ലാതെയാണ് പത്ത്മാസം വീട്ട് തടങ്കലില്‍ ഇട്ടത്. സ്‌കൂളുകളും ഡിസ്‌പെന്‍സറികളും ആംബുലന്‍സുകളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. പഞ്ചാബ്, ബലൂചിസ്താന്‍, സിന്ധ്, ആസാദ് കശ്മീര്‍, വടക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നടപടി തടസ്സമാകുമെന്ന് സെയീദ് പറഞ്ഞു.

ഇന്ത്യയെയും അമേരിക്കയെയും സന്തോഷിപ്പിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. യുഎന്‍ പ്രമേയം കശ്മീരില്‍ നടപ്പാക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടില്ല. എന്നാല്‍ പാക് ഭരണാധികാരികള്‍ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ജമാത്ദുവ, ഫലാഹെ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ പോലുള്ള സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുകയാണ്. ഇതിനെതിരെ കോടതിയില്‍ ശക്തമായി തന്നെ പേരാടുമെന്ന് ഹഫിസ് സെയീദ് പറഞ്ഞു.

ഫെബ്രുവരി 18 മുതല്‍ പാരിസില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ യോഗം ചേരാനിരിക്കെയാണ് പാകിസ്ഥാന്റെ നടപടി. എഫ്എടിഎഫ് പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താനാണ് ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് പാകിസ്ഥാന്റെ നടപടിയെന്ന് ഹാഫിസ് സയിദ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് തീവ്രവാദവിരുദ്ധ നിയമത്തില്‍ മാറ്റം വരുത്താനുള്ള നിയമത്തില്‍ പാക് പ്രസിഡന്റ് ഒപ്പുവെച്ചത്.

തിങ്കളാഴ്ച വൈകീട്ട് ഭേദഗതി നിലവില്‍ വന്നു. ഐക്യരാഷ്ട്ര സഭ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന അല്‍ക്വയ്ദ, താലിബാന്‍, ലഷ്‌കര്‍ ഇ തോയിബ എന്നി ഭീകരസംഘടനകള്‍ക്കെതിരെയാണ് പുതിയ ഓര്‍ഡിനന്‍സ് നിലവില്‍ വന്നിരിക്കുന്നത്.