ഹാഫിസ് സഈദിനെ പാകിസ്താന്‍ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു

Web Desk
Posted on November 24, 2017, 12:34 pm

ലാഹോര്‍: ഇന്ത്യന്‍ പ്രതിഷേധത്തിനിടെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്‌വയുടെ തലവനുമായ ഹാഫിസ് സഈദിനെ പാകിസ്താന്‍ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു. 10 മാസത്തെ വീട്ടു തടങ്കലിനുശേഷമാണ് ഹാഫിസ് സഈദിനെ മോചിപ്പിച്ചത്. പാക് നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.
തീവ്രവാദിയെന്ന് പ്രഖ്യാപിച്ച കുറ്റവാളിയെ സമൂഹമധ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് പാകിസ്താന്‍ നടത്തുന്നതെന്ന് ഇന്ത്യ വിമര്‍ശിച്ചു. പാകിസ്താന്‍ തീവ്രവാദികളെ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നയം മാറ്റിയിട്ടില്ലെന്നതിന്റെ തെളിവാണിത്. ഇതാണ് പാകിസ്താന്റെ യഥാര്‍ഥ മുഖമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിമര്‍ശിച്ചു. പാക് നടപടിയില്‍ യു.എസും അതൃപ്തി അറിയിച്ചിരുന്നു.
കശ്മീരിനു വേണ്ടി പാകിസ്താനിലെ ജനങ്ങളെ സംഘടിപ്പിക്കുമെന്നും സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ കശ്മീരിനെ സഹായിക്കുമെന്നും വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ശേഷം ഹാഫിസ് സഈദ് പറഞ്ഞു. കശ്മീരിനു വേണ്ടി താന്‍ ശബ്ദമുയര്‍ത്തുന്നത് ഇല്ലാതാക്കാനാണ് 10 മാസം വീട്ടു തടങ്കലിലാക്കിയത്. തനിക്കെതിരെയുള്ള ഒരു ആരോപണങ്ങളും തെളിയിക്കാന്‍ സാധിച്ചിട്ടില്ല. അതിനാലാണ് തന്നെ വെറുതെ വിട്ടത്. ഇന്ത്യ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. കോടതിയുടെ തീരുമാനം തന്റെ നിരപരാധിത്തം തെളിയിക്കുന്നതാണെന്നും ഹാഫിസ് സഈദ് പറഞ്ഞു. ഇന്ത്യയുടെ ആവശ്യപ്രകാരം യു.എസ് നടത്തിയ സമ്മര്‍ദ്ദ ഫലമായാണ് പാകിസ്താന്‍ തന്നെ തടവിലാക്കിയതെന്നും സഈദ് ആരോപിച്ചു.

ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഹാഫിസ് സഈദിന്റെ തലക്ക് യു.എസ് ഒരുകോടി ഡോളര്‍ വിലയിട്ടിരുന്നു. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാഫിസിനെ മോചിപ്പിക്കാന്‍ പാക് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡാണ് ഉത്തരവിട്ടത്.
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് 2008ല്‍ യു.എസ് ട്രഷറി വകുപ്പ് ഹാഫിസിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാരടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ ത്വയ്യിബയുമായി സഹകരിക്കുന്ന സംഘടനകളിലൊന്നാണ് ജമാഅത്തുദ്ദഅ്‌വയും.