ഹാഫിസ് സയീദിനെ അറസ്റ്റു ചെയ്യും; നീക്കം മുഖംമിനുക്കല്‍ നടപടി മാത്രമെന്ന് ഇന്ത്യ

Web Desk
Posted on July 04, 2019, 7:39 pm

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെയും 12 അനുയായികളെയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പാക് പഞ്ചാബ് പൊലീസ് വക്താവ് നിയാബ് ഹൈദര്‍ നഖ്‌വി. നിയാബ് ഹൈദര്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഈ നീക്കം മുഖംമിനുക്കല്‍ നടപടി മാത്രമാണെന്ന് ഇന്ത്യ പ്രതികരിച്ചു.

തീവ്രവാദ വിരുദ്ധ വിഭാഗം സയീദ് അടക്കമുള്ള 13 ജമാത്ത് ഉദ്ധവ നേതാക്കള്‍ക്കെതിരെ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണിത്. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് ഹാഫിസ് സയീദ് അടക്കമുള്ളവര്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അറസ്റ്റ് വൈകുന്നത് എന്താണെന്ന വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഭീകരവാദികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്.