ഹഫീസ് സെയിദിന്‍റെ സ്ഥാപനങ്ങള്‍ക്ക് വിലക്ക്

Web Desk
Posted on February 14, 2018, 10:52 pm

റാവല്‍പിണ്ടി: മുംബൈ ഭീകരാക്രമണത്തിന്‍റെ പ്രധാന സൂത്രധാരനായ ഹഫീസ് സെയിദിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സെയിദിന്‍റെ കീഴിലുള്ള മദ്രസ്സകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി കടുപ്പിച്ച് പാക് സര്‍ക്കാര്‍. ഹഫീസ് സെയീദ് സ്ഥാപകനായ ജമാത്ദുദവ, ഫലാഹ് ഇ ഇന്‍സാനിയത്ത് തുടങ്ങിയ സംഘടനകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരികളുടേയും ഡിസ്‌പെന്‍സറികളുടേയും നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തു. പാകിസ്താനിലെ മതകാര്യങ്ങളും സ്വത്തുക്കളും കൈകാര്യം ചെയ്യുന്ന ഓഖാഫ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് സെമിനാരികള്‍ കൈമാറിയിട്ടുള്ളത്. പാക് ദിനപത്രം ദി ഡോണാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

തീവ്രവാദികള്‍ക്കെതിരെയുള്ള പാകിസ്ഥാന്റെ സമീപനം വിലയിരുത്തുന്നതിന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സംഘം ജനുവരിയില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മദ്രസ്സകള്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രവിശ്യാഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ ഭരണകൂടം നിയോഗിച്ച പ്രത്യേക സംഘം നാല് മദ്രസ്സകളിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍, മദ്രസ്സകളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ജമാദ്തുവ വ്യക്തമാക്കി. ജെയുഡിയുമായി ബന്ധമുള്ള മദ്രസ്സകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയും ഇവിടെ പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
1997ലെ തീവ്രവാദ വിരുദ്ധ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സെയിദിനും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയെടുത്തിരിക്കുന്നത്.

തീവ്രവാദവിരുദ്ധ നിയമത്തിലെ 11 ഇഇ, 11 ബിബി തുടങ്ങിയ വകുപ്പുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ഭേദഗതി നിലവില്‍ വന്നു. ഇതേ തുടര്‍ന്ന് സയിദിന്റെ സംഘടന ഉള്‍പ്പെടെ നിരവധി സംഘടനകള്‍ക്ക് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഐക്യരാഷ്ട്ര സഭ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന അല്‍ക്വയ്ദ, താലിബാന്‍, ലഷ്‌കര്‍ ഇ തോയിബ എന്നി ഭീകരസംഘടനകള്‍ക്കെതിരെയാണ് പുതിയ ഓര്‍ഡിനന്‍സ് നിലവില്‍ വന്നിരിക്കുന്നത്.