ക്യാന്‍സര്‍ രോഗികള്‍ക്കെന്നപേരില്‍ മുടി വാങ്ങി തട്ടിപ്പ് വ്യാപകം; വലഞ്ഞ് ആര്‍സിസി

Web Desk
Posted on July 01, 2018, 11:02 am

തിരുവനന്തപുരം: കാരുണ്യപ്രവര്‍ത്തിയുടെ പേരുപറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘം ക്യാന്‍സര്‍ രോഗികളെയും ലക്ഷ്യംവെക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ക്യാന്‍സര്‍ രോഗികള്‍ക്ക് വെപ്പുമുടി സൗജന്യമായി നിര്‍മ്മിച്ച് നല്‍കുന്നതിനാണെന്ന് പറഞ്ഞ് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരുടെ മുടി മുറിച്ച് വാങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കീമോതെറാപ്പിയ്ക്ക് വിധേയരാകുന്നവര്‍ക്ക് മുടി കൊഴിച്ചിലുണ്ടാകാറുണ്ട്. ഇവര്‍ക്കായി മുടി മുറിച്ച് നല്‍കുന്നത് ഒരു പുണ്യപ്രവര്‍ത്തിയാണെന്നുള്ളത് മുന്‍നിര്‍ത്തി ആര്‍സിസിയുടെ പേരിലാണ് സംഘം തട്ടിപ്പ് നടത്തുന്നത്. എന്നാല്‍ ഇതില്‍ പലതും ആര്‍സിസിയ്ക്ക് അറിവുള്ളതല്ലെന്നും ആര്‍സിസി വെളിപ്പെടുത്തി.

വെപ്പ് മുടിയ്ക്ക് ആവശ്യമായുള്ള മുടി വാങ്ങുന്നതിനായി ഇത്തരം സംഘത്തില്‍പ്പെട്ട ചിലര്‍ സ്കൂളുകളെ സമീപിക്കുന്നതായും സ്രോതസ്സുകള്‍ പറയുന്നു. സൗജന്യസഹായം എന്ന നിലയ്ക്ക് മുടി ദാനം ചെയ്യുന്നത് നന്മയാണെന്ന് കരുതുന്നതിനാല്‍ മുടി നല്‍കുന്ന ആളുകള്‍ പണം വാങ്ങുന്നില്ലാ എന്നുള്ളതും തട്ടിപ്പിന്‍റെ ആക്കം കൂട്ടുന്നു.

അതേസമയം, നിരവധി മുടിക്കെട്ടുകള്‍ ആര്‍സിസിയില്‍ പാഴ്സലായി എത്തുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ഒട്ടേറെ അന്വേഷണങ്ങള്‍ നടത്തിയതായും ആര്‍സിസി റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ (R. C. C) അധികൃതര്‍ വ്യക്തമാക്കുന്നു.

തലമുടി ദാനത്തെക്കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങളും ഈയടുത്തായി നടക്കുന്നുണ്ട്. ഇനിയും മുടിനല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വീണ്ടും അന്വേഷണങ്ങള്‍ നടത്തിയതിലൂടെയാണ് വ്യാജപ്രചാരണങ്ങളാണ് ഇവയ്ക്ക് പിന്നിലെന്ന് ആര്‍സിസിയ്ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് തെറാപ്പിയ്ക്ക് വിധേയരായവര്‍ക്ക് തലമുടി ആവശ്യമുണ്ടെന്നിരിക്കിലും ഇത് സ്വീകരിക്കാനുള്ള സംവിധാനം ആര്‍സിസിയില്‍ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

ദിനംതോറും തലമുടിദാനത്തിന് തയ്യാറായി നൂറുകണക്കിന് ആളുകള്‍ ആര്‍സിസിയെ സമീപിക്കുന്നതായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുരേന്ദ്രന്‍ ചുനക്കര പറഞ്ഞു. കാന്‍സര്‍ രോഗികള്‍ക്കുള്ള മുടിദാനം ജീവകാരുണ്യ പ്രവര്‍ത്തനമായിക്കണ്ടാണ് ഇവര്‍ വരുന്നത്.

എന്നാല്‍, രോഗികളുടെ പേരുപറഞ്ഞ് മുടി സ്വീകരിക്കാനെത്തുന്നവരെക്കുറിച്ച് പ്രാഥമിക അന്വേഷണങ്ങള്‍പോലും ആരും നടത്തുന്നുമില്ല. ആരാണെന്നോ എവിടെനിന്നാണെന്നോ അന്വേഷിക്കാതെയുള്ള ഇത്തരം സംഘങ്ങളെ  പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ആര്‍സിസിയുടെ പേരുപറയുന്നതോടെ അവരെ കണ്ണടച്ച് വിശ്വസിക്കുന്നു. ”ദാനംകിട്ടുന്ന മുടികൊണ്ട് കാന്‍സര്‍രോഗികള്‍ക്ക് വിഗ് നിര്‍മിച്ചുനല്‍കുന്ന സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവാം. എന്നാല്‍, ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു..

കടപ്പാട്: അനൂപ് ഇപ്റ്റയുടെ ഫെയ്സ്ബുക്ക്