ഇതുപോലെ ഹൈറമാരുണ്ടാകുമ്പോൾ നമ്മൾ എങ്ങിനെ തോൽക്കാനാണ്, മാതൃകയായി രണ്ടാംക്ലാസുകാരി

Web Desk

കോഴിക്കോട്

Posted on May 20, 2020, 6:36 pm

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കമ്മൽ ഊരി നൽകി രണ്ടാം ക്ലാസുകാരി. കൊളത്തറ ജി യു പി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ഏഴു വയസ്സുകാരി ഹൈറ കമ്മൽ ഊരി നൽകിയത് വീട്ടിൽ നാളികേരം ശേഖരിക്കാനെത്തിയ എ ഐ വൈ എഫ് പ്രവർത്തകർക്ക്.

എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ “അതിജീവിനത്തിന് നന്മയുടെ നാളികേരം” എന്ന പരിപാടിയുടെ ഭാഗമായാണ് ബേപ്പൂരിലെ എ ഐ വൈ എഫ് പ്രവർത്തകർ കൊളത്തറ പ്രദേശത്തെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് വേണ്ടി തേങ്ങ സമാഹരണത്തിന് കൊളത്തറയിലെ വീട്ടിലെത്തുമ്പോൾ വളർത്തുപൂച്ചയുമൊത്ത് കളിക്കുകയായിരുന്നു ഹൈറ. പ്രവർത്തകർ വീട്ടുകാരോട് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ അവൾ അടുത്തുവന്ന് എന്തിനാണ് തേങ്ങയെന്ന് അന്വേഷിച്ചു. കാര്യം വിശദീകരിച്ചപ്പോൾ അകത്തേക്ക് പോയ കുട്ടി പിന്നീട് വന്നത് ഉമ്മയുടെ കൈയ്യും പിടിച്ച്. പിന്നാലെ സഹോദരൻ ആദിലുമെത്തി.

ഹൈറയുടെ ഉമ്മ ഒരു ചാക്ക് തേങ്ങയാണ് പ്രവർത്തകർക്ക് നൽകിയത്. അപ്പോൾ എന്റെ കമ്മൽ കൂടി നൽകട്ടെ എന്നായി കുട്ടിയുടെ ചോദ്യം. ഉടനെ ഗൾഫിലുള്ള ഉപ്പയോട് സംസാരിച്ച് സമ്മതം വാങ്ങിയ ശേഷം കുഞ്ഞു ഹൈറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തന്റെ കമ്മൽ ഊരി എ ഐ വൈ എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം റിയാസ് അഹമ്മദിന് നൽകുകയായിരുന്നു.

മകളുടെ പെരുമാറ്റത്തിൽ വലിയ സന്തോഷം തോന്നിയെന്ന് കുട്ടിയുടെ ഉമ്മ പറഞ്ഞു. കളിപ്പാട്ടങ്ങൾ പോലും കൈമാറാൻ കുട്ടികൾ മടിക്കുന്ന കാലത്ത് മകളുടെ നന്മ വലിയ അഭിമാനമാണ് പകർന്നത്. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് ഇതെന്ന് റിയാസ് അഹമ്മദ് പറഞ്ഞു. തങ്ങൾ വീട്ടിലെത്തുമ്പോൾ കുട്ടി കളിക്കുകയായിരുന്നു. ക്യാമ്പയിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടാണ് കുട്ടി കമ്മൽ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മ പാവങ്ങളെ സഹായിക്കുമ്പോൾ എനിക്കും എന്തെങ്കിലും സഹായം നൽകണമെന്ന് തോന്നി. അതുകൊണ്ടാണ് ഉപ്പയോട് ചോദിച്ച് കമ്മൽ ഊരി നൽകിയതെന്ന് ഹൈറ പറയുന്നു. വലുതാവുമ്പോൾ ഷെഫാകണം. പാവപ്പെട്ടവർക്ക് ഭക്ഷണം ഉണ്ടാക്കി നൽകണം… ഇതൊക്കെയാണ് കുഞ്ഞു ഹൈറയുടെ ആഗ്രഹം.

കമ്മലും തേങ്ങയുമായി ഹൈറയോട് നന്ദി പറഞ്ഞ് ഇറങ്ങുമ്പോൾ എ ഐ വൈ എഫ് പ്രവർത്തകരുടെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. . ഇല്ല. . നമ്മൾ തോൽക്കില്ല… ഇതുപോലെ ഹൈറമാരുണ്ടാകുമ്പോൾ നമ്മൾ എങ്ങിനെ തോൽക്കാനാണ്.

Eng­lish Sum­ma­ry: Kozhikode native Haira donates her ear rings to CM’s Relief Fund

YOU MAY ALSO LIKE THIS VIDEO