ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍;വിമാനക്കമ്പനികള്‍ക്ക് ഒത്താശ

Web Desk
Posted on January 17, 2018, 10:16 pm

ബേബി ആലുവ

കൊച്ചി: ലക്ഷക്കണക്കായ വിശ്വാസികളുടെ ഹജ്ജ് തീര്‍ത്ഥാടന മോഹം തല്ലിക്കെടുത്തി ഹജ്ജ് സബ്‌സിഡി നിറുത്തലാക്കിയ കേന്ദ്ര നടപടി സ്വകാര്യ വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് ഒത്താശ ചെയ്യാനാണന്ന ആക്ഷേപം ശക്തമായി. സാധാരണ സമയങ്ങളിലേതിനേക്കാള്‍ ഒന്നര ഇരട്ടിയിലധികം യാത്രാക്കൂലിയാണ് ഹജ്ജ് തീര്‍ത്ഥാടനക്കാലത്ത് സ്വകാര്യ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.
1974 വരെ ഹജ്ജ് യാത്രയ്ക്കായി ആശ്രയിച്ചിരുന്ന കപ്പല്‍ സര്‍വീസ് നിര്‍ത്തലാക്കി വിമാന സര്‍വീസിലേക്കു മാറുകയും വിമാന സര്‍വീസ് ചെലവേറിയതാവുകയും ചെയ്തപ്പോഴാണ് സമാശ്വാസം എന്ന നിലയില്‍ സബ്‌സിഡി പ്രഖ്യാപിച്ചത്. സബ്‌സിഡി തീര്‍ത്ഥാടകര്‍ക്ക് വലിയൊരു അനുഗ്രഹമായിരുന്നുവെങ്കിലും കൊള്ളലാഭം കൊയ്യുന്ന വിമാനക്കമ്പനികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ അധികൃതര്‍ തയ്യാറാകാത്തതിന്റെ തെളിവായികൂടി അക്കാലത്ത് പലരും ചൂണ്ടിക്കാണിച്ചിരുന്നു.
2022-ഓടുകൂടി ഹജ്ജ് സബ്‌സിഡി ഒഴിവാക്കാമെന്ന നേരത്തെയുള്ള സുപ്രീംകോടതി ഉത്തരവിന്റെ പേരുപറഞ്ഞാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ പെട്ടെന്നുള്ള നടപടി എന്നാല്‍, നിലവിലുള്ള ഹജ്ജ് നയം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ കുറെ നാളായി അണിയറയില്‍ സജീവമായിരുന്നു. ഹജ്ജ് സബ്‌സിഡി ഈ വര്‍ഷം മുതല്‍ നിറുത്തലാക്കുമെന്ന് കഴിഞ്ഞ നവംബറില്‍ ഹജ്ജ് സേവന പുനരവലോകന യോഗത്തില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഹജ്ജ് തീര്‍ത്ഥാടകരുടെ തള്ളിക്കയറ്റമുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കാലേക്കൂട്ടി ഔദ്യോഗികമായി ഈ വിവരം അറിയിച്ചിട്ടുമില്ല.
പുതിയ ഹജ്ജ് നയം രൂപവത്ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അഫ്‌സല്‍ അമാനുള്ള സമിതിയുടേതായിരുന്നു സബ്‌സിഡി നിറുത്തലാക്കണമെന്ന ശുപാര്‍ശ. ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് യാത്ര തുടങ്ങുന്ന എമ്പാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 21‑ല്‍ നിന്ന് ഒമ്പതായി കുറയ്ക്കാനും സമിതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ്, ലക്‌നോ, മുംബൈ, ചെന്നൈ, ഹൈദ്രാബാദ്, ബംഗളൂരു, കൊച്ചി എന്നീ കേന്ദ്രങ്ങളാണ് പുനരവലോകന സമിതി ചൂണ്ടിക്കാണിച്ചത്. ഇതിനെതിരെയും ഒപ്പം ആക്ഷേപമുയര്‍ന്നു. നിലവിലുള്ള സംവിധാനം തകിടം മറിക്കുന്നതു വഴി, തീര്‍ത്ഥാടകരെ കൂടുതല്‍ കഷ്ടപ്പെടുത്താമെന്നല്ലാതെ മറ്റെന്തു നേട്ടം എന്നായിരുന്നു ചോദ്യം. നിലവില്‍ ഹജ്ജ് ക്വോട്ടയുടെ 75ശതമാനം സര്‍ക്കാരിനും 25 ശതമാനം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുമാണ്. ഈ രീതി മാറ്റി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വിഹിതം 30 ശതമാനമാക്കണമെന്ന സമിതി ശുപാര്‍ശക്കെതിരെയും വിമര്‍ശനമുയര്‍ന്നു. മൂന്നു തവണ നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടും ഹജ്ജ് യാത്രയ്ക്ക് അവസരം ലഭിക്കാതെ പോയവര്‍ക്ക് നറുക്കെടുപ്പിലൂടെയല്ലാതെ അവസരം ഉറപ്പാക്കുന്ന നയമാണ് നിലവിലുള്ളത്. ഒപ്പം, 70 കഴിഞ്ഞവരെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കാനും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകളെയൊക്കെ അട്ടിമറിക്കുന്നതായിരുന്നു പുനരവലോകന സമിതി ശുപാര്‍ശ ചെയ്ത പുതിയ ഹജ്ജ് നയം. ഈ കാര്യങ്ങള്‍ക്കെതിരെ വിവിധ സംഘടനകള്‍ കോടതിയെ സമീപിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത തീരുമാനം. ഇത് ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഒരുങ്ങുന്ന കേരളത്തില്‍ നിന്നുള്ള രണ്ടുലക്ഷത്തില്‍ താഴെ വരുന്ന വിശ്വാസികള്‍ക്ക് വന്‍ തിരിച്ചടിയാകും.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കുന്ന സബ്‌സിഡിക്ക് വാസ്തവത്തില്‍ സൗജന്യത്തിന്റെ സ്വഭാവമില്ലെന്നും ന്യായമായ വിമാന യാത്രാക്കൂലി ഉറപ്പാക്കല്‍ മാത്രമാണെന്നുമാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. തിരക്കില്ലാത്ത സമയങ്ങളിലെ യാത്രാക്കൂലി മാത്രമാണ് സബ്‌സിഡിയിലൂടെ ഉറപ്പാക്കുന്നത്. സബ്‌സിഡി നിറുത്തലാക്കുമ്പോള്‍ ന്യായമായ നിരക്ക് ഉറപ്പാക്കാന്‍ സര്‍ക്കാരിനു ബാദ്ധ്യതയുണ്ട്. അതിന് നിര്‍ദ്ദേശിക്കാന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെടാമെന്നും നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നു.