Janayugom Online
Muslim pilgrims arrive to the Mountain of Mercy on the Plain of Arafat near the holy city of Mecca, Saudi Arabia, Thursday, Oct. 25, 2012. Saudi authorities say around 3.4 million pilgrims — some 1.7 million of them from abroad — have arrived in the holy cities of Mecca and Medina for this year's pilgrimage. (AP Photo/Hassan Ammar)

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍: തീര്‍ത്ഥാടകര്‍ നട്ടംതിരിയുന്നു

Web Desk
Posted on April 26, 2018, 9:29 pm

ആയിരക്കണക്കിന് വിശ്വാസികള്‍ യാത്രയില്‍ നിന്ന് പിന്‍മാറി

ബേബി ആലുവ

കൊച്ചി: ഹജ്ജ് സബ്‌സിസി നിര്‍ത്തലാക്കിയ കേന്ദ്ര നടപടി മൂലം പതിനായിരക്കണക്കായ തീര്‍ത്ഥാടകര്‍ നട്ടംതിരിയുന്നു. 2022 ഓടു കൂടി ഘട്ടം ഘട്ടമായി ഹജ്ജ് സബ്‌സിഡി ഒഴിവാക്കണമെന്ന സുപ്രിം കോടതി ഉത്തരവിന്‍റെ ബലത്തില്‍ കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.

നറുക്കെടുപ്പില്‍ അവസരം ലഭിച്ച ആയിരക്കണക്കിനു വിശ്വാസികള്‍ സബ്‌സിഡി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍, ഭീമമായ വിമാന യാത്രാക്കൂലി താങ്ങാന്‍ നിര്‍വാഹമില്ലാതെ തീര്‍ത്ഥാടനത്തില്‍ നിന്നു പിന്‍മാറിയതായാണ് വിവരം. ഇതില്‍ ധാരാളം സ്ത്രീകളുമുണ്ട്. ഈ വര്‍ഷം ഹജ്ജിനൊരുങ്ങുന്ന കേരളത്തില്‍ നിന്നുള്ള രണ്ടു ലക്ഷത്തില്‍ താഴെവരുന്ന വിശ്വാസികള്‍ക്ക് കേന്ദ്രനയം വന്‍ തിരിച്ചടിയാകുമെന്ന് ജനുവരിയില്‍ത്തന്നെ പല ഭാഗങ്ങളില്‍ നിന്നും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും യാതൊരു ബദല്‍ ഏര്‍പ്പാടുകളും കേന്ദ്രം സ്വീകരിച്ചില്ല. സുപ്രിം കോടതി ഉത്തരവിന്‍റെ മറപിടിച്ചാണ് പെട്ടെന്നുള്ള കേന്ദ്ര നടപടിയെങ്കിലും ഹജ്ജ് നയം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നാളുകളായി സര്‍ക്കാര്‍ തലത്തില്‍ സജീവമായിരുന്നു. സബ്‌സിഡി ഈ വര്‍ഷം മുതല്‍ നിര്‍ത്തലാക്കുമെന്ന് കഴിഞ്ഞ നവംബറില്‍ ഹജ്ജ് സേവന പുനരവലോകന യോഗത്തില്‍ ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഹജ്ജ് തീര്‍ത്ഥാടകരുടെ തള്ളിക്കയറ്റമുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ഔദ്യോഗികമായി കാലേക്കുട്ടി വിവരമറിയിക്കാന്‍ കേന്ദ്രം താത്പര്യമെടുത്തില്ല. ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിച്ചതുമില്ല. കപ്പല്‍യാത്രയാണ് ഹജ്ജ് തീര്‍ത്ഥാടകരെ സംബന്ധിച്ചിടത്തോളം ചെലവു കുറഞ്ഞ യാത്ര. എന്നാല്‍, 1974ല്‍ കപ്പല്‍ സര്‍വീസ് നിര്‍ത്തലാക്കി പകരം വിമാന സര്‍വീസാക്കി. കുറഞ്ഞ ചെലവിലുള്ള യാത്ര വിശ്വാസികള്‍ക്ക് നഷ്ടമാവുകയും വിമാനയാത്ര ചെലവേറിയതാവുകയും ചെയ്തപ്പോഴാണ് സമാശ്വാസം എന്ന നിലയില്‍ കേന്ദ്രം സബ്‌സിഡി പ്രഖ്യാപിച്ചത്. കേള്‍ക്കുമ്പോള്‍ സബ്‌സിഡി തീര്‍ത്ഥാടകര്‍ക്ക് വലിയ ഒരനുഗ്രഹമായി തോന്നുമെങ്കിലും ഗുണം വിമാനക്കമ്പനികള്‍ക്കായിരുന്നു. അവരുടെ കൊള്ളയ്ക്ക് പ്രകടമായി സര്‍ക്കാരിന്റെ ഒത്താശ. സ്ഥിരമായി നഷ്ടക്കണക്ക് പറയുന്ന എയര്‍ ഇന്ത്യയായിരുന്നു ആദ്യ ഗുണഭോക്താവ്. പിന്നീട് സൗദി എയര്‍ലൈന്‍സിനെ കൂട്ടുകക്ഷിയാക്കി. കൊള്ള നിരക്ക് കുറയ്ക്കാന്‍, ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിമാനക്കമ്പനികളെ മാത്രം ഉള്‍പ്പെടുത്തി ടെണ്ടര്‍ വിളിക്കുന്ന രീതി മാറ്റി ആഗോള ടെണ്ടര്‍ വിളിക്കണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നെങ്കിലും കേന്ദ്രം ചെവിക്കൊണ്ടില്ല. ഹജ്ജ് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചുമില്ല.

കഴിഞ്ഞ ഹജ്ജ് തീര്‍ത്ഥാടനക്കാലത്ത് കൊച്ചി ജിദ്ദ റൂട്ടില്‍ വിമാനക്കമ്പനികള്‍ ഈടാക്കിയ നിരക്ക് 72 ‚812 രൂപയാണ്. വിമാനത്താവളങ്ങളിലെ ചില്ലറ ചെലവുകള്‍ കൂടി കൂട്ടുമ്പോള്‍ 76,000ല്‍ ശിഷ്ടം രൂപ. ഇതില്‍ സബ്‌സിഡിയായി കേന്ദ്രത്തിന്‍റെ വക 10,750 രൂപ. അതുകഴിച്ച് 65,622 രൂപയാണ് ഒരു തീര്‍ത്ഥാടകന്‍ വഹിക്കേണ്ടിയിരുന്നത്. സാധാരണ സമയങ്ങളില്‍ ഈ റൂട്ടില്‍ വിമാന ടിക്കറ്റ് നിരക്ക് 32,000 രൂപയാണ്.ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നു പിഴിയുന്നത് ഇരട്ടിയിലേറെ തുക. ഇതിനു പുറമെ, സബ്‌സിഡി വകയില്‍ സഹായവും.കേന്ദ്രത്തിന്‍റെ സഹായംകൊണ്ട് തീര്‍ത്ഥാടകര്‍ക്കല്ല, വിമാനക്കമ്പനികള്‍ക്കാണ് നേട്ടം എന്ന് ചുരുക്കം.
പുതിയ ഹജ്ജ് നയം രൂപവത്കരിക്കാന്‍ കേന്ദ്രം നിയോഗിച്ച അഫ്‌സല്‍ അമാനുള്ള സമിതിയുടെ ശുപാര്‍ശകളില്‍, സബ്‌സിഡി നിര്‍ത്തലാക്കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു.
ഹജ്ജ് തീര്‍ത്ഥാടകര്‍ യാത്ര തുടങ്ങുന്ന എമ്പാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 22ല്‍ നിന്ന് ഒന്‍പതായി കുറയ്ക്കണമെന്നായിരുന്നു അടുത്ത ശുപാര്‍ശ.അതിനായി ചൂണ്ടിക്കാണിച്ചത് ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ്, ലഖ്‌നോ, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളുരു, കൊച്ചി എന്നീ കേന്ദ്രങ്ങള്‍. ഒപ്പം, നിലവിലുള്ള സംവിധാനം അട്ടിമറിച്ച് തീര്‍ത്ഥാടകരെ കൂടുതല്‍ കഷ്ടപ്പെടുത്താമെന്നല്ലാതെ പരിഷ്‌കരണം കൊണ്ടെന്തു നേട്ടം എന്നു വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ചോദ്യവുമുയര്‍ന്നു. നിലവില്‍ ഹജ്ജ് ക്വാട്ടയുടെ 75 ശതമാനം സര്‍ക്കാരിനും 25 ശതമാനം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ്. ഈ രീതി മാറ്റി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള വിഹിതം 30 ശതമാനമാക്കി വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു വിചിത്രമായ മറ്റൊരു ശുപാര്‍ശ.മൂന്നു പ്രാവശ്യം നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടും ഹജ്ജ് യാത്രയ്ക്ക് അവസരം കിട്ടാത്തവര്‍ക്ക് നറുക്കെടുപ്പിലുടെയല്ലാതെ അവസരം ഉറപ്പാക്കുന്ന സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. ഒപ്പം 70 കഴിഞ്ഞവരെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കാനും വ്യവസ്ഥയുണ്ടായിരുന്നു. ഈ പതിവു രീതികളെയൊക്കെ അട്ടിമറിക്കുന്നതായിരുന്നു പുനരവലോകന സമിതിയുടെ നിര്‍ദ്ദേശങ്ങള്‍.ഇതിനെതിരെ വിവിധ സംഘടനകള്‍ കോടതികളെ സമീപിക്കാനൊരുങ്ങുമ്പോഴായിരുന്നു, സബ്‌സിഡി തന്നെ നിര്‍ത്തലാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ അപ്രതീക്ഷിത തീരുമാനം.