എസ്ബി നിഖില്‍

December 24, 2019, 4:08 pm

പൗരത്വഭേദഗതി ബില്‍; ശാരീരിക പരിമിതികളെ മറന്ന് വീല്‍ച്ചെയര്‍ പ്രതിഷേധവുമായി ഹക്കീമും കൂട്ടുകാരും

Janayugom Online

കൊച്ചി: ശാരീരികമായ പരിമിതികള്‍ ഹക്കീമിനെ വലച്ചില്ല. പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ അവശതകള്‍ മറന്ന് ഹക്കീമും പങ്കെടുത്തു. തന്നാല്‍ കഴിയുന്ന രീതിയില്‍ മുദ്രാവാക്ക്യങ്ങള്‍ വിളിച്ചും കയ്യിലിരുന്ന ഇന്ത്യയുടെ പതാക വീശിയും ഹക്കീമും പ്രതിഷേധപ്രകടനങ്ങളുടെ ഭാഗമായി. എറണാകുളം മറൈന്‍ ഡ്രൈവിലാണ് ഭിന്നശേഷിക്കാരുടെ സംഘടനയിലെ അംഗങ്ങള്‍ പ്രതിഷേധ പ്രകടനങ്ങളുമായി അണിനിരന്നത്. ജന്മനാതന്നെ കൈകാലുകള്‍ തളര്‍ന്ന ഹക്കീം ജീവിതത്തില്‍ പിന്നിട്ട വര്‍ഷങ്ങളിലേറെയും വീല്‍ച്ചെയറിലാണ് കഴിയുന്നത്.

ശരീരത്തിന്റെ 87 ശതമാനവും ഇപ്പോഴും നിശ്ചലമാണ്. പ്രാഥമിക കാര്യങ്ങള്‍ പോലും ഒറ്റയ്ക്ക് നിര്‍വഹിക്കുവാന്‍ സാധിക്കുകയില്ല. ഇപ്പോള്‍ 45 വയസ് പിന്നിട്ടിരിക്കുന്നു. പ്രായമാകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ വേറെയുമുണ്ട്. എങ്കിലും പൗരത്വഭേദഗതി നിയമം വരുത്തിവയ്ക്കുന്ന അപകടങ്ങളില്‍ ആശങ്കയുണ്ട്. അതുകൊണ്ടുതന്നെയാണ് അവശതകള്‍ കണ്ടില്ലെന്ന് നടിച്ച് ഹക്കീം രാവിലെ തന്നെ മറൈന്‍ ഡ്രൈവിലെത്തി പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തു. നട്ടെല്ലിനു ക്ഷതം സംഭവിച്ച് വീല്‍ചെയറില്‍ കഴിയുന്നവരും കാഴ്ച പരിമിതരുമായ നൂറോളം ഭിന്നശേഷിക്കാരാണ് പ്രതിഷേധവുമായി എറണാകുളം മറൈന്‍ഡ്രൈവില്‍ ഒത്തുകൂടിയത്.

you may also like this video;

തണല്‍ പാലിയേറ്റീവ് ആന്‍ഡ് പരാപ്ലെജിക് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ നിരവധി ഭിന്നശേഷിക്കാര്‍ അണിനിരന്നു. രാവിലെ 10ന് ആരംഭിച്ച പരിപാടി ഉച്ചവരെ നീണ്ടുനിന്നു. വീല്‍ച്ചെയറിലും മറ്റുമായെത്തിയ ഭിന്നശേഷിക്കാര്‍ തങ്ങള്‍ക്കാവും വിധം കാടത്ത നീതിക്കെതിരെ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി. ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പ്രമുഖ ഭിന്നശേഷി സാമൂഹിക പ്രവര്‍ത്തകനും സംഘാടക സമിതി ചെയര്‍മാനുമായ രാജീവ് പള്ളുരുത്തി അധ്യക്ഷത വഹിച്ചു.

എം കെ അബൂബക്കര്‍ ഫാറൂഖി, മഹാരാജാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ റീം ഷംസുദ്ദീന്‍, മുഹമ്മദ് അമീന്‍ മാസ്റ്റര്‍, പ്രമുഖ ബ്ലോഗര്‍ മനോജ് നിരക്ഷരന്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാല ഭിന്നശേഷി പഠനകേന്ദ്രം ലക്ചറര്‍ ഡോക്ടര്‍ ഹേന, ഡോക്ടര്‍ മന്‍സൂര്‍ ഹസ്സന്‍, എല്‍ദോ ചിറക്കച്ചാലില്‍, ഗോപാലന്‍, ഡൊമിനിക് ഏലൂര്‍, പൈലി നെല്ലിമറ്റം , നൗഫല്‍, അനില്‍കുമാര്‍ കടുങ്ങല്ലൂര്‍, അംബിക ഏലൂര്‍ സംഘാടക സമിതി കണ്‍വീനര്‍ കെ കെ ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.