11 February 2025, Tuesday
KSFE Galaxy Chits Banner 2

ഹലാല്‍ വിവാദവും തുപ്പു ജിഹാദും

Janayugom Webdesk
November 23, 2021 5:00 am

സ്വാമി വിവേകാനന്ദന്‍ 129 വര്‍ഷത്തിനുശേഷം ഒരിക്കല്‍ക്കൂടി കേരളം സന്ദര്‍ശിക്കാന്‍ ഇടയായാല്‍ ഈ ഭൂപ്രദേശത്തെ ജനങ്ങള്‍ക്ക് അന്നുണ്ടായിരുന്ന രോഗം തിരിച്ചുവരവിന്റെ പാതയിലാണോ എന്ന് സംശയിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. കേരളത്തെ ജാതി, സമുദായ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ദിനങ്ങളിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഒരുമ്പെട്ടിറങ്ങിയ ജാതിക്കോമരങ്ങളും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്തുവിതക്കുന്ന വര്‍ഗീയവാദികളും പൊതുഇടങ്ങള്‍ കയ്യടക്കുന്ന വാര്‍ത്തകളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. പൊതു ഭക്ഷണശാലകളുടെ കവാടങ്ങളില്‍ സ്ഥാനം പിടിക്കുന്ന ‘ഹലാല്‍’ അറിയിപ്പുകളും അത്തരം കച്ചവട സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കണമെന്ന ബദല്‍ ആഹ്വാനങ്ങളുംകൊണ്ട് അന്തരീക്ഷം കലുഷിതമാകുന്നു. സാമാന്യബുദ്ധിക്കും യുക്തിക്കും സ്ഥാനമില്ലാത്തവിധം ഹലാല്‍, ‘തുപ്പ് ജിഹാദ്’ വിവാദങ്ങള്‍ സാമൂഹ്യജീവിതത്തെ മലിനവും ദുര്‍ഗന്ധപൂരിതവുമാക്കുന്നു. ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നല്കിവരുന്ന അപ്പം, അരവണ എന്നിവ നിര്‍മ്മിക്കാന്‍ ഹലാല്‍ ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്ന വിവാദം മതസൗഹാര്‍ദ്ദത്തിന്റെ മാതൃകാസ്ഥാനമായി കരുതപ്പെട്ടുപോന്ന ശബരിമലയേയും ദശലക്ഷക്കണക്കിനു ഭക്തജനങ്ങളെ ആകര്‍ഷിക്കുന്ന മണ്ഡലകാലത്തെയും സാമുദായിക ഭിന്നതയുടെയും വെറുപ്പിന്റെയും നിഴലിലാക്കിയിരിക്കുന്നു. ഇവയൊന്നും യാദൃശ്ചികത അല്ലെന്നും തികച്ചും ആസൂത്രിത ആഖ്യാനമാണെന്നും വസ്തുതകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ മാസത്തില്‍ യുപിയിലെ ഗാസിയാബാദില്‍ നിന്നും ഉത്ഭവിച്ച ഏഴ് സെക്കന്റ് മാത്രം ദെെര്‍ഘ്യമുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പ്രഖ്യാപിത ‘ഗോദി മീഡിയ’, ന്യൂസ് 18 അത് മുസ്‌ലിം വിരുദ്ധ ചര്‍ച്ചാവിഷയമാക്കുന്നു. അവിടെയാണ് ‘ധൂക്ക് ജിഹാദ്’ അഥവാ തുപ്പ് ജിഹാദ് എന്ന വിദ്വേഷ പ്രചാരണം ആരംഭിക്കുന്നത്. മുസ്‌ലിങ്ങള്‍ ഭക്ഷണത്തില്‍ തുപ്പുമെന്നും അവര്‍ അശുദ്ധരാണെന്നും അവര്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുകവഴി ഹിന്ദുക്കള്‍ അശുദ്ധരാവുമെന്നുമുള്ള വ്യാജപ്രചാരണത്തിനാണ് തുപ്പ് ജിഹാദ് തുടക്കം കുറിച്ചത്. കേരളത്തിലെ ചില ഭക്ഷണശാലകളില്‍ അടുത്തകാലത്തായി തലപൊക്കിയ ഹലാല്‍ അറിയിപ്പുകള്‍ വര്‍ഗീയ വിദ്വേഷ പ്രചരണാഗ്നിയില്‍ എണ്ണ പകരുന്നതായി. ന്യൂനപക്ഷ തീവ്രവാദി വിഭാഗങ്ങള്‍ പ്രതിപ്രചാരണവുമായി രംഗത്തെത്തിയതോടെ ബുദ്ധിക്കും യുക്തിക്കും സ്ഥാനമില്ലാത്ത ഭ്രാന്തമായ അന്തരീക്ഷ സൃഷ്ടിക്ക് അരങ്ങൊരുങ്ങിയിരിക്കുന്നു. ജാതിവെറിക്കും സാമുദായികവിദ്വേഷത്തിനും എതിരായി കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന സംസ്കാരത്തിനും സമൂഹത്തിന്റെ സമാധാനപൂര്‍ണമായ നിലനില്പിനും ഭീഷണിയായി ഇത്തരം വിവാദങ്ങള്‍ മാറാന്‍ അനുവദിച്ചുകൂട.

 


ഇതുകൂടി വായിക്കാം;മനുഷ്യാവകാശ പ്രവര്‍ത്തകരെ വിചാരണയില്ലാതെ ജയിലിലടയ്ക്കുന്നു: കാനം


 

ജാതി സമുദായ സ്വത്വം നവോത്ഥാന മൂല്യങ്ങളെ അവഗണിക്കുകയോ നിരാകരിക്കുകതന്നെയോ ചെയ്യുന്ന പ്രവണത‍ കേരളീയ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ജാതി അടിസ്ഥാനത്തില്‍ അറിയപ്പെട്ടിരുന്ന ഭക്ഷണശാലകള്‍ കേരളത്തില്‍ ഏതാണ്ട് അന്യം നിന്നുപോയെങ്കില്‍ അതിന്റെ മുഖ്യകാരണം മലയാളിയുടെ ഭക്ഷണസംസ്കാരത്തില്‍ വന്ന മാറ്റവും പഴയ രീതികള്‍ തുടര്‍ന്ന് മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യവുമാണ്. ഭക്ഷണത്തില്‍ പാശ്ചാത്യ, അറബ്, ചെെനീസ് പാചക രീതികളെയും സംസ്കാരത്തെയും രണ്ടുകയ്യും നീട്ടി പുല്‍കുന്ന മലയാളി ജീവിതത്തില്‍ ആ വിശാലത സ്വീകരിക്കാന്‍ തയാറായിട്ടില്ല. ഒരേ ഉടമസ്ഥതയിലുള്ള വിവാഹ ബ്യൂറോകള്‍ ഇടപാടുകാരുടെ ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ മാധ്യമങ്ങളില്‍ നിത്യേന നടത്തിവരുന്ന പരസ്യത്തിന്റെ ബാഹുല്യംതന്നെ നവോത്ഥാനാനന്തര മലയാളിയുടെ കാപട്യത്തെയാണ് തുറന്നുകാട്ടുന്നത്. ഹലാലിന്റെയും മറ്റും പേരില്‍ ഹിന്ദുവിന്റെ പരിശുദ്ധിക്കായി ധര്‍മ്മയുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പോരാളികളില്‍ പലരും തലയില്‍ മുണ്ടിട്ട് മാംസാഹാര ഭക്ഷണശാലകളില്‍ എത്തുന്നത് അങ്ങാടിപ്പാട്ടായ അരമന രഹസ്യമാണ്. ഹലാല്‍‍ വിരോധികള്‍ ‘ഹിന്ദു ഹൃദയ സാമ്രാട്ട്’ എന്നു വിശേഷിപ്പിക്കുന്ന മുസഫര്‍പുര്‍ വര്‍ഗീയ കലാപത്തിലെ പ്രതിയും യുപിയിലെ സര്‍ധാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ സംഗീത് സിങ് സോം രാജ്യത്തെ ഏറ്റവും പ്രമുഖ ഹലാല്‍ മാംസ കയറ്റുമതിക്കാരനാണ്. ഇന്ത്യന്‍ മാംസത്തിന് പാശ്ചാത്യലോകത്ത് കാര്യമായ വിപണിയില്ല. അതിന്റെ ഏറ്റവും വലിയ വിപണി മധ്യപുര്‍വേഷ്യയിലെ ഇസ്‌ലാമിക രാഷ്ട്രങ്ങളാണ്. ഹലാല്‍ അടയാളപ്പെടുത്താതെ അവിടെ മാംസം വിറ്റഴിക്കാന്‍ ആവില്ല. അത് വിദേശ വ്യാപാരത്തിന്റെയും വിദേശ നാണ്യവരുമാനത്തിന്റെയും പ്രശ്നമാണ്. വസ്തുത അതായിരിക്കെ ഹലാല്‍ വിവാദവും തുപ്പ് ജിഹാദും ഉയര്‍ത്തി സമൂഹാന്തരീക്ഷം മലിനവും കലുഷിതവുമാക്കുന്നത് രാഷ്ട്രീയ മുതലെടുപ്പും ഇരട്ടത്താപ്പും അല്ലാതെ മറ്റൊന്നുമല്ല.

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.