സിഡ്നി: ഓസ്ട്രേലിയയിൽ മാസങ്ങളായി തുടരുന്ന കാട്ടുതീയിൽ നിരവധി അപൂർവ പക്ഷി ജന്തുജാലങ്ങളും സസ്യങ്ങളും പൂർണമായും തുടച്ച് നീക്കപ്പെട്ടെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീയിൽ അൻപത് കോടി സസ്തനികളും പക്ഷികളും ഉരകങ്ങളും വെന്തൊടുങ്ങിയെന്ന് സിഡ്നി സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി വിക്ടോറിയ, ന്യൂസൗത്ത് വെയിൽസ് എന്നിവിടങ്ങളിലെ കണക്കുകൾ കൂടി ചേർക്കുമ്പോൾ സഖ്യ ഇതിലും ഏറെയാകും. 50 ലക്ഷം ഹെക്ടറിലേറെ ഭൂമിയാണ് കത്തി നശിച്ചത്. കംഗാരൂ അടക്കമുള്ള മൃഗങ്ങൾ പ്രാണരക്ഷാർഥം ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കത്തിയെരിഞ്ഞ കോലകളുടെയും മറ്റും ശരീരങ്ങൾ വൃക്ഷങ്ങളിൽ നിന്ന് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങളും ചില വാർത്താ ഏജൻസികൾ പുറത്ത് വിട്ടിട്ടുണ്ട്.
കോലകളെയാണ് കാട്ടുതീ ഏറ്റവും അധികം ബാധിച്ചത്. കാരണം ഇവ വളരെ സാവധാനമാണ് സഞ്ചരിക്കുന്നത്. യുക്ലിപ്റ്റ്സ് മരങ്ങളുടെ ഇലയാണ് ഇവയുടെ ആഹാരം. ഇവ നിറയെ എണ്ണയാണ്. അവ പെട്ടെന്ന് തീപിടിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നോർത്ത് സൗത്ത് വെയിൽസിലെ കോലയുടെ മൊത്തം എണ്ണത്തിന്റെ മൂന്നിലൊന്നും നാല് മാസത്തിനിടെ ഇല്ലാതായതായാണ് കണക്ക്. 8000 കോലകളുടെ ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്കുകൾ.
മറ്റ്സംസ്ഥാനങ്ങളുടെ കോലകളെയും കാട്ടുതീ സാരമായി ബാധിച്ചിട്ടുണ്ട്. വിക്ടോറിയ, ദക്ഷിണ ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലെ കോലകളും വൻതോതിൽ ചത്തൊടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവയുടെ കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല.
മരത്തിൽ ജീവിക്കുന്ന മൃഗങ്ങൾ കാര്യമായി ചത്തിട്ടുണ്ട്. വലിയ മേഖലകളിൽ തീ ഇപ്പോഴും ആളിപ്പടരുകയാണ്. അത് കൊണ്ട് തന്നെ ഇവയുടെ ശരീരങ്ങൾ ഒരിക്കലും കണ്ടെത്താനും സാധിക്കില്ലെന്ന് നേച്വർ കൺസർവേഷൻ കൗൺസിലിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാർക്ക് ഗ്രഹാം പാർലമെന്റിനെ അറിയിച്ചു.
രക്ഷപ്പെടുത്തിയ മൃഗങ്ങളെ ശ്രൂശുഷിക്കുന്നതിന്റെയും മൃഗങ്ങൾ നന്ദി പ്രകടനം നടത്തുന്നതിന്റെയും മറ്റും ധാരാളം ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.