ഭാവഗായകന്‍ പി ജയചന്ദ്രന്റെ ഭൗതിക ശരീരത്തിനരികെ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഉളളുലഞ്ഞാണ് ആദരാഞ്‌ജലി അർപ്പിക്കാനെത്തിയത്. ഇന്ന് രാവിലെ പൂങ്കുന്നത്തെ വീട്ടിലും തുടര്‍ന്ന് സംഗീത നാടക അക്കാദമിയിലെ പൊതുദര്‍ശനത്തിലും ശ്രീകുമാരന്‍ തമ്പി എത്തിയിരുന്നു. ജയചന്ദ്രനുമായി ദീർഘകാലത്തെ ബന്ധമാണ് ശ്രീകുമാരൻ തമ്പിക്ക് ഉള്ളത്. അരനൂറ്റാണ്ടിലധികമായുള്ള സാഹോദര്യ ബന്ധമായിരുന്ന ഇരുവരും തമ്മില്‍. എന്നേക്കാൾ നാല് വയസ്സ് കുറവുള്ള എന്റെ അനുജൻ മരിച്ചിരിക്കുന്നു, ഞാൻ ജീവിച്ചിരിക്കുന്നു. എന്റെ ദുഃഖം എങ്ങനെ പറഞ്ഞറിയിക്കണം എന്ന് എനിക്കറിയില്ല’ എന്നായിരുന്നു പി ജയചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ക്ലാസ്സിക്കലും സെമി ക്ലാസ്സിക്കലും വളരെ നന്നായി ജയചന്ദ്രന്‍ പാടുമായിരുന്നു.
1966ലായിരുന്നു ശ്രീകുമാരന്‍ തമ്പിയും പി ജയചന്ദ്രനും സിനിമയിൽ വരുന്നത്. ശ്രീകുമാരന്‍ തമ്പി കാട്ടുമല്ലികയ്ക്കു പാട്ടെഴുതുകയും അതു പുറത്തുവരികയും ചെയ്തപ്പോള്‍ കുഞ്ഞാലിമരക്കാർ സിനിമയ്ക്കു വേണ്ടിയായിരുന്നു പി ജയചന്ദ്രന്‍ ആദ്യം പാടിയത്. എന്നാല്‍, കളിത്തോഴനിൽ പാടിയ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന ഗാനമാണ് ആദ്യം പുറത്തുവന്നത്. അവിടെ മുതല്‍ 58 വർഷം നീണ്ടുനിന്ന സാഹോദര്യമായിരുന്നു ഇരുവരും തമ്മില്‍. വ്യക്തിപരമായി തന്നെ സംബന്ധിച്ച് വലിയ നഷ്ടമാണ്. രണ്ട് സിനിമക്കാര്‍ തമ്മിലുള്ള ബന്ധമല്ല ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. മറിച്ച് രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള ബന്ധമാണ്. വളരെ അഗാധമാണ് അത്. ജയനെ നന്നായി മനസിലാക്കിയിട്ടുള്ള ആളാണ് താന്‍. അതുപോലെ തന്നെ നന്നായി മനസിലാക്കിയിട്ടുള്ള ആളാണ് ജയന്‍. മനസ് വെട്ടിതുറന്ന് പറയുന്നവരാണ് രണ്ടുപേരും. പെട്ടെന്ന് ദേഷ്യം വരുന്നവരാണ്.
എന്നാല്‍ 58 വര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ ഒരിക്കലും പിണങ്ങിയിട്ടില്ല. ശരിക്കും അനിയനാണ്. വളരെ വ്യത്യസ്തമായിരുന്നു ജയചന്ദ്രന്റെ പാട്ട്. ചില പാട്ടുകള്‍ ജയചന്ദ്രന്‍ തന്നെ പാടണം എന്നുണ്ടായിരുന്നു. താന്‍ എഴുതിയ പാട്ടുകളില്‍ 220 എണ്ണം ജയചന്ദ്രന്‍ പാടിയിട്ടുണ്ട്. മറ്റു പാട്ടുകാരെ അംഗീകരിക്കുന്ന ജയചന്ദ്രനെ പോലുള്ള മറ്റൊരു ഗായകനെ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ജയചന്ദ്രന്‍ സ്‌നേഹിച്ചത് സംഗീതത്തെയാണ്. സ്വന്തം പാട്ടുകളെ അല്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.എല്ലാമേഖലയിലും മത്സരങ്ങള്‍ പതിവാണെങ്കിലും സഹഗായകരെക്കുറിച്ച് അവരുടെ പാട്ടുകളെ കുറിച്ചും എപ്പോഴും വാചാലനായിരുന്നു ജയചന്ദ്രന്‍. സംഗീതമായിരുന്നു അദ്ദേഹത്തിന്റെ ആത്മാവ്. ഭാവമായിരുന്നു അദ്ദേഹത്തിന്റെ ആലാപനത്തിന്റെ പ്രത്യേകതയെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.