
ഇന്ത്യയിൽ നല്ല സിനിമകൾ വന്നിട്ടുള്ളത് മലയാളത്തിലും ബംഗാളിയിലുമാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ബംഗാളി സിനിമകളാണ് വാണിജ്യേതരമായ താല്പര്യത്തോടെ സിനിമയെ നവീകരിച്ചുകൊണ്ട് മുന്നേറുന്നതായി കാണാം. എന്നാൽ കച്ചവടത്തിനും തിയേറ്ററുകൾക്കും ഫിലിം സൊസൈറ്റികളുടെ സാമാന്തര പ്രദർശങ്ങൾക്കും നടുവിൽ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളിലധിഷ്ഠിതമായി ഒരു ചലച്ചിത്ര സംസ്കാരം മലയാളത്തിലാദ്യമായി കൊണ്ടുവന്നത് ടി വി ചന്ദ്രനാണ്. ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന സിനിമയ്ക്ക് ധാരാളം വിമർശനമേൽക്കേണ്ടി വന്നിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ സമരസഖാക്കളുടെ ഐക്യവും സ്നേഹവും പിൽക്കാലത്തു നഷ്ടപ്പെട്ട ചരിത്രത്തെ വ്യാഖ്യാനിക്കുകയല്ല ടി വി ചന്ദ്രൻ ചെയ്തത്. അദ്ദേഹത്തിന്റെ ചലച്ചിത്ര പ്രതിഭയെ അഥവാ കാമറയെ ഫെമിനിസത്തിൽ കുടുക്കിയിട്ടിരിക്കുന്നുവെന്നു പറഞ്ഞാൽ തെറ്റില്ല. അതിർവരമ്പുകളെ ഭേദിക്കാനും പ്രേക്ഷകമനസിനെ കാഴ്ചയുടെ ചരിത്രത്തിൽ അട്ടിമറിനടത്താനും കഴിയുന്ന വിദഗ്ധനായിരിക്കണം ഒരു ചലച്ചിത്ര സംവിധായകൻ. ഒരിക്കൽ പി എ ബക്കർ സംവിധാനം ചെയ്ത ടി വി ചന്ദ്രൻ അഭിനയിച്ച കബനി നദി ചുവന്നപ്പോൾ എന്ന സിനിമയുടെ സൗജന്യ പ്രദർശനം ഗുരുവായൂരിൽ നടക്കുന്നുണ്ടെന്ന പത്രവാർത്തയാണ് എന്നെ ആകർഷിച്ചത്. വീട്ടിൽ നിന്ന് അമ്മയോട് നാളെ വരാമെന്നു പറഞ്ഞിറങ്ങി. ഗുരുവായൂരിലെത്തിയപ്പോൾ ഒട്ടുമിക്ക ചലച്ചിത്ര പ്രവർത്തകരും ഫിലിം സൊസൈറ്റി നേതാക്കളും അവിടെ തമ്പടിച്ചിട്ടുണ്ട്. എല്ലാവരും ടി വി ചന്ദ്രന് ചുറ്റും കൂടിനിൽക്കുകയാണ്. ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി. ഇത്രയുമാണ് എനിക്ക് ടി വി ചന്ദ്രനുമായുള്ള ബന്ധം. സിനിമ പ്രദർശനവും ചർച്ചയുമെല്ലാം കഴിഞ്ഞപ്പോൾ സമയം ഒരുപാട് കഴിഞ്ഞു ക്ഷേത്രം വക സത്രത്തിൽ കിടന്നുറങ്ങിയിട്ട് പിറ്റേന്ന് വെളുപ്പിന് ഞാൻ വീട്ടിലെത്തി. പിന്നീട് വർഷങ്ങൾക്കു ശേഷം കേരള സർക്കാരിന്റെ തിരുവനന്തപുരത്തു നടത്തിയ യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് ടി വി ചന്ദ്രനെ കാണുന്നത്. അന്ന് ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന തലക്കെട്ടോടുകൂടിയാണ് ചിന്തയിൽ ടി വി ചന്ദ്രനെ ഞാൻ വിമർശിച്ചെഴുതിയത്. പി എസ് നമ്പൂതിരിയുടെ മകൻ പി എസ് രവീന്ദ്രൻ ചേട്ടനാണ് അന്ന് അതിന്റെ പത്രാധിപർ. വി കെ ജോസഫ്, സത്യൻ അന്തിക്കാട്, കെ ആർ മോഹനേട്ടൻ എന്നിവരുടെ കൂട്ടത്തിലിരിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. വിമർശനം ടി വി ചന്ദ്രന് ഇഷ്ടമായെന്ന് വി കെ ജോസഫ് പറഞ്ഞപ്പോഴാണ് എനിക്ക് ആശ്വാസമായത്. ചന്ദ്രേട്ടാ എന്നു വിളിച്ചപ്പോൾ പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ഹായ് പറഞ്ഞു. അതാണ് ആ കലാകാരന്റെ എളിമയും സഹൃദയത്വവും. ടി വി ചന്ദ്രനുമായുള്ള എന്റെ രണ്ടു കണ്ടുമുട്ടലുകൾ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ അമ്പതു വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ അനുസ്മരണത്തിന് ഓർമകളുണ്ടായിരിക്കണമെന്നാണ് പേരിട്ടിരിക്കുന്നത്.
പി എ ബക്കറും ജോൺ എബ്രഹാം തുടങ്ങിയ വലിയ സംവിധായകർ ഇല്ലായിരുന്നുവെങ്കിൽ ടി വി ചന്ദ്രൻ എന്ന ചലച്ചിത്രകാരൻ ജനിക്കില്ലായിരുന്നു. മലയാളത്തിലെ പ്രഗത്ഭനും പുരോഗമനവാദിയുമായിരുന്ന പി എ ബക്കറിന്റെ കബനി നദി ചുവന്നപ്പോൾ എന്ന സിനിമയിൽ അഭിനയിക്കുക മാത്രമല്ല അതിന്റെ സംവിധാനസഹായിയും കൂടിയായിരുന്നു ടി വി ചന്ദ്രൻ. ജോൺ എബ്രഹാമിന്റെയും പി എ ബക്കറിന്റെയും മറ്റും സുഹൃത്തായതുകൊണ്ടാണ് അദ്ദേഹത്തിന് ഒരു ചലച്ചിത്രകാരനാകാൻ കഴിഞ്ഞത്. എന്നാൽ ജി അരവിന്ദൻ മുതൽ അടൂർ ഗോപാലകൃഷ്ണൻ വരെയുള്ള വിശ്വോത്തര ചലച്ചിത്രകാരന്മാരെപോലെ തലയെടുപ്പൊടുകൂടിനിൽക്കാൻ ടി വി ചന്ദ്രന് വർഷങ്ങളെടുക്കേണ്ടി വന്നു. മമ്മൂട്ടിയെ നായകനാക്കി പൊന്തൻമാട സംവിധാനം ചെയ്തത് ഒരു വഴിത്തിരിവായി അദ്ദേഹം കരുതിയിരുന്നു. മറ്റു പതിനാറോളം സിനിമകളുടെ ചരിത്രമെന്താണെന്ന് വച്ചാൽ അത് നമ്മുടെ സമൂഹത്തിനു ചുറ്റുമുള്ള വിവിധ വിജ്ഞാന ശാഖകളിലൂടെ സഞ്ചരിച്ചു നമ്മുടെബോധ മനസിനെ യഥാർധ്യങ്ങളുടെ വൈവിധ്യപാതകളെ കാണിച്ചു തരുന്നു. വെളിച്ചത്തിലൂടെചോദിച്ചാൽ ഫ്രെയിമിലൂടെ ടി വി ചന്ദ്രൻ സമൂഹത്തിനു നൽകുന്നത് സിനിമയാണ്. ഒരു ശരിയായ ഉത്തരം കല കലക്കുവേണ്ടി സൗന്ദര്യാത്മകമാക്കിയെന്നു പറഞ്ഞു നിർത്താം. മലയാളത്തിൽ സാമാന്തര സിനിമയുടെ വാക്താവാണെങ്കിലും അദ്ദേഹത്തിന്റെ സിനിമകൾ വാണിജ്യ ചേരുവകൾക്കപ്പുറം ജീവിതയാഥാർഥ്യങ്ങളിലധിഷ്ഠിതമായ ഫ്രെയിമുകൾ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.
പോരാട്ടത്തിന്റെ പാതയിലൂടെയല്ല ടി വി ചന്ദ്രൻ നടന്നിട്ടുള്ളത്. എന്നാൽ സ്ത്രീപക്ഷ സമീപനങ്ങൾക്കാണ് ടി വി ചന്ദ്രൻ എന്നും മുൻതൂക്കം നൽകിയിട്ടുള്ളത്. കേരളീയമായ പരിതസ്ഥിതിയിൽ സ്ത്രീയെ ഒരു തീപന്തമാക്കാൻ ശ്രമിച്ചിട്ടില്ല. വിലാപങ്ങൾക്കപ്പുറം, പൊന്തന്‍മാട, ആലീസിന്റെ അന്വേഷണം, ഡാനി, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയ സിനിമകളെ പുരോഗമന സിനിമകളെ പുരോഗമന സിനിമകളെന്നു വിളിക്കാൻ കഴിയില്ല. നമ്മുടെ മാറിയ രാഷ്ട്രീയ പരിതസ്ഥിതിയിൽ നനഞ്ഞ പടക്കം പോലെയുള്ള ആളുകളെ ആവശ്യമില്ല. ഭയമില്ലാത്തവരും നിസ്വാർത്ഥരുമായ തീ തുപ്പുന്ന ധീരന്മാരെയാണ് ഇന്ന് ചരിത്രത്തിൽ വരേണ്ടത്. അത്തരം കഥാപാത്രങ്ങളെ കണ്ടെത്തുന്നവരാണ് യഥാർത്ഥ കലാകാരൻമാർ. സംവിധാന കല മാറ്റത്തിന് വേണ്ടിയാണ്, സാമൂഹ്യ പ്രതിബദ്ധതയിലധിഷ്ഠിതമാണത്. ഈ സത്യം നമ്മുടെ ചലച്ചിത്ര സംവിധായകർ ബോധപൂർവം മറന്നുപോകുന്നു. യാഥാർഥ്യങ്ങളെ അതേപടി സത്യമായി ആവിഷ്കരിച്ചതുകൊണ്ടായില്ല ഓരോ ഷോട്ടുകളും സീനുകളും കലാപരമായി ബോധമനസിനെ അട്ടിമറിക്കണം. സ്വാതന്ത്ര്യസമരകാഘട്ടത്തിലേതുപോലെ നമ്മുടെ കലാകാരൻമാർ ഇവിടെ പുതിയ പോരാളികളാകേണ്ടിയിരിക്കുന്നു.
1981‑ലാണ് ടി വി ചന്ദ്രൻ ആദ്യമായി കൃഷ്ണൻകുട്ടി എന്ന സിനിമ സംവിധാനം ചെയ്യുന്നത്. കലാപരമായും സാമ്പത്തികമായും അമ്പേ പരാജയപ്പെട്ടപ്പോൾ പരീക്ഷണഅടിസ്ഥാനത്തിൽ 1982ൽ തമിഴിൽ സംവിധാനം ചെയ്ത ഹെമാവിൻ കാതലർകൾ പുറത്തിറങ്ങിയതോടെയാണ് ടി വി ചന്ദ്രൻ ഒരു സ്വതന്ത്ര സംവിധായകനാകുന്നത്. 1989ൽ റിലീസ് ചെയ്ത ആലിസിന്റെ അന്വേഷണം ടി വി ചന്ദ്രൻ എന്ന സംവിധായകനെ കേരളത്തിലും മറ്റും ശ്രദ്ധേയനാക്കി. ചരിത്ര രാഷ്ട്രീയ ഫെമിനിസ്റ്റ് മസാലയാണീ സിനിമ. 1993ൽ പുറത്തിറങ്ങിയ പൊന്തൻമാട, 1995ൽ സംവിധാനം ചെയ്ത ഓർമ്മകളുണ്ടായിരിക്കണം ഒരു പാട് വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. 1997‑ലെ മങ്കമ്മ തുടങ്ങിയസിനിമകൾ ടി വി ചന്ദ്രനെ മലയാളികളും മറ്റു ഇന്ത്യക്കാരും ഒരു സംവിധായകനെന്ന നിലയിൽ അംഗീകരിക്കാൻ തുടങ്ങി. 2000ലെ സൂസന്ന, 2001ലെ ഡാനി, 2003ലെ പാഠം ഒന്ന് ഒരു വിലാപം, 2004ലെ കഥവശേഷൻ, 2005ലെ തമിഴ് ചിത്രമായ ആടും കൂത്ത്, 2008ലെ വിലാപങ്ങൾക്കപ്പുറം, 2009ലെ ഭൂമിമലയാളം, 2011ലെ ശങ്കരനും മോഹനനും, 2014ലെ ഭൂമിയുടെ അവകാശികൾ, 2016ലെ മോഹവലയം, 2019ലെ പെങ്ങളില എന്നിവയാണ് ടി വി ചന്ദ്രൻ സംവിധാനം ചെയ്ത സിനിമകൾ. അതിനും പുറമെ നിരവധി ഡോക്യൂമെന്ററികളും ഷോർട്ട് ഫിലീമുകളും എടുത്തിട്ടുണ്ട്. കഥാവശേഷന് മികച്ച തിരക്കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, പാഠം ഒന്ന് ഒരു വിലാപത്തിന് മികച്ച കുടുംബ ക്ഷേമ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക് അവാർഡ്, മികച്ച സംവിധായാകാനുള്ള അവാർഡ്, തുടങ്ങിയവ ആ ഒരൊറ്റ സിനിമ വാരിക്കൂട്ടി. സൂസന്നക്ക് മികച്ച സംവിധായകനുള്ള മാതൃഭൂമി അവാർഡ്, മികച്ച സംവിധായകനുള്ള ഫിലിം ക്രിട്ടിക് അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ അവാർഡ്, പ്രത്യേക ജുറി പുരസ്കാരം സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച തിരക്കഥക്കുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്, ഫിലിം ക്രിട്ടിക് അവാർഡ്, പൊന്തൻ മാടക്ക് മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളാണ് ടി വി ചന്ദ്രൻ കരസ്ഥമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.