11 September 2024, Wednesday
KSFE Galaxy Chits Banner 2

അരങ്ങുണർത്തിയ അരനൂറ്റാണ്ട്

ജി എൽ അജീഷ്
September 1, 2024 11:08 am

നാടകത്തെ, അഭിനയത്തെ, ആവിഷ്കാര സൗന്ദര്യത്തെ, ഹൃദയംകൊണ്ട് സ്വീകരിച്ച് ആസ്വാദകരുടെ മനസിൽ മറക്കാനാവാത്ത കഥാപാത്രങ്ങളായി എന്നും ജീവിക്കുക എന്നത് ഏതൊരു കലാകാരനും അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. അങ്ങനെ ആ നേട്ടം തന്റെ അഭിനയ ജീവിതത്തിലുടനീളം മുതൽക്കൂട്ടാക്കിയ കലാകാരനാണ് കണ്ണൂർ വാസൂട്ടി. അരങ്ങില്‍ 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് കണ്ണൂർ വാസൂട്ടി.
കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ തോട്ടത്തിൽ കുഞ്ഞമ്പുവിന്റെയും മാധവിയുടെയും മകനായി 1953ൽ കണ്ണൂർ വാസൂട്ടി ജനിച്ചു. ചെറുപ്രായത്തിലെയുള്ള അച്ഛന്റെ വിയോഗം കൂടുതൽ ജീവിതബുദ്ധിമുട്ടിന് കാരണമായി. ഏത് സാധാരണ മനുഷ്യനു ആഗ്രഹിക്കുന്നതുപോലെ നല്ല സ്കൂൾ വിദ്യാഭ്യാസം വാസൂട്ടിയും സ്വപ്നം കണ്ടിരുന്നു. എന്നാൽ ജീവിത പ്രതിസന്ധിയുടെ നടുവിലേക്ക് കടന്നതോടെ വിദ്യാഭ്യാസം വഴിക്ക് വെച്ച് നിലച്ചു. ഹോട്ടൽ ജീവനക്കാരൻ, പെയിന്റർ, കരിങ്കൽ പണിക്കാരന്‍… ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ വാസൂച്ചി അണിഞ്ഞ കുപ്പായങ്ങള്‍ ഏറെ. ഇതിനിടയിലാണ് ഉള്ളിൽ അറിയാതെ വളർന്നുവന്ന നാടകഭിനയം പുറത്തുവരുന്നത്.
ചെറുകുന്നിൽ എന്ന ഗ്രാമത്തിൽ നാഷണൽ ഗ്രന്ഥശാലയുടെ വാർഷികത്തിൽ അവതരിപ്പിച്ച ‘കതിർമ്മ ‘എന്ന നാടകത്തിലൂടെയാണ് അഭിനയത്തിലേക്കുള്ള വരവ്. 1966 ൽ മാധവിക്കുട്ടി രചനയും നെല്ലിക്കോട് ഭാസ്കരൻ സംവിധാനവും നിർവഹിച്ച കോഴിക്കോട് ചിരന്തന തീയറ്റേഴ്സിന്റെ ‘മാധവി വർമ്മ’ എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകരംഗത്തേക്ക് കടന്നു വരുന്നത്. സ്വാതി തിരുനാൾ നാടകത്തിലെ കല്ലൻ സാഹിബ്, വേലുത്തമ്പി ദളവ എന്ന നാടകത്തിലെ മെക്കാളെ പ്രഭു, ജ്വാല എന്ന ടെലിവിഷൻ സീരിയലിലെ സർ സിപി രാമസ്വാമി അയ്യര്‍, നേതാജി സുഭാഷ് ചന്ദ്രബോസ് നാടകത്തിലെ സുഭാഷ് ചന്ദ്ര ബോസ്… അങ്ങനെ നമ്മുടെ രാജ്യത്തിന്റെയും മലയാളമണ്ണിന്റെയും മനസുകൊണ്ട് തൊട്ടറിഞ്ഞ ഒട്ടേറെ കഥാപാത്രങ്ങളിൽ നിറഞ്ഞു നിന്നഭിനയിച്ചു.
ശ്രദ്ധേയമായ ശബ്ദവിന്യാസത്തിനും സംഭാഷണ ശൈലിയ്ക്കും ഉടമയാണ് വാസൂട്ടി. നാടക സംഭാഷണങ്ങളിലെ ആ വ്യത്യസ്ത പലപ്പോഴും ആസ്വാദകൾക്ക് ഏറെ ഇഷ്ടമാണ്. വടക്കൻ കേരളത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് നിരവധി സമിതികളിൽ നടനായും സംവിധായകനായും പ്രൊഫഷണൽ നാടക രംഗത്ത് സജീവമായി. തുടർന്ന് തിരുവനന്തപുരം സംസ്കൃതി എന്ന നാടക സമിതിക്ക് രൂപം നൽകി. അഭിനയത്തോടൊപ്പം സംവിധാനത്തിലും മികവ് തെളിയിച്ചു. നിറമാല, പുണ്യതീർത്ഥത്തിലെ ശലഭങ്ങൾ, എന്നീ നാടകങ്ങൾ എഴുതി സംവിധാന ചെയ്തിട്ടുണ്ട്. 

‘നാളത്തെ കേരള ‘എന്ന് പേരു നൽകിയിരിക്കുന്ന പുതിയ നാടകത്തിൽ കാലൻ പിള്ള എന്ന കഥാപാത്രമായി വേഷമിടുന്നു. ഇന്നിന്റെയും നാളെയുടെയും സാമൂഹിക വ്യവസ്ഥയെ തുറന്നു കാട്ടുകയാണ് നാടകം. ചില വ്യവസ്ഥകളോടുള്ള പ്രതിഷേധവും പ്രതികരണവും ഒക്കെ നാളത്തെ കേരളം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. നേതാജി സുഭാഷ് ചന്ദ്ര ബോസിനെ പോലുള്ള ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള വ്യക്തിത്വങ്ങളെ നാടക രൂപത്തിൽ അവതരിപ്പിച്ചു അംഗീകാരം നേടിയത് പോലെ അസാധാരണമായ അഭിനയ മികവിലൂടെയാണ് നാളത്തെ കേരളയിലെ ഓരോ രംഗവും അരങ്ങിലെത്തുന്നത്. റിട്ടേഡ് ഡിവൈഎസ്പി ധർമ്മരാജൻ പിള്ള എന്ന കാലൻ പിള്ളയായും ദൈവത്തിന്റെ ചിത്രം വരച്ചതിന്റെ പേരിൽ മതമൗലികവാദികൾ കൈവെട്ടിയെടുത്ത ചിത്രകാരൻ കബീർഅലിയായും രംഗത്ത് എത്തുന്നു. രണ്ട് വേഷത്തിൽ ഗംഭീര അഭിനയം.
ആണത്തം, അധികാരം, വംശീയത, വർഗീയത, എന്നീ വിഷയങ്ങളൊക്കെ ആക്ഷേപഹാസ്യമായും ഗൗരവാത്മകമായും അവതരിപ്പിച്ച് പ്രേക്ഷക മനസുകളിലേക്ക് കഥാപാത്രങ്ങള്‍ നടന്നു കയറുന്നു.
എം ടി വാസുദേവൻ നായർ. ജി ശങ്കരപ്പിള്ള, സിജെ തോമസ്, സി എൻ ശ്രീകണ്ഠൻ നായർ, അൽബേർ കാമു, എൻ എൻ പിള്ള, കെ എം ചിദംബരം, ടി എം എബ്രഹാം, കാലടി ഗോപി തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ നാടക രചനകളിലെ കഥാപാത്രങ്ങളായി അദ്ദേഹം അഭിനയിക്കുകയും, രംഗപാഠമൊരുക്കുകയും ചെയ്തിതിട്ടുണ്ട്. കെടി മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച തീക്കനൽ എന്ന നാടകത്തിലെ കുട്ടൻ നായരിലൂടെ 1987ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഇബ്രാഹിം വേങ്ങര എഴുതിയ തട്ടകം തുടങ്ങിയ നാടകങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു.
തിരുവനന്തപുരത്ത് എത്തിയതോടെ സംഘചേതനയുടെ സ്വാതി തിരുനാള്‍, സുഭദ്രേ സൂര്യപുത്രി, വേലുത്തമ്പി ദളവ, വിലയ്ക്കു വാങ്ങാൻ തുടങ്ങി നിരവധി നാടകങ്ങളിലൂടെ അഭിനയരംഗത്ത് കൂടുതൽ സജീവമായി. പിരപ്പൻകോട് മുരളി, പി കെ വേണു കുട്ടൻ നായർ, കോഴിക്കോട് ഗോപിനാഥ്, രാജൻ കിഴക്കനേല എന്നിവരുടെ നാടകങ്ങളിൽ അഭിനയിച്ച മുഹൂർത്തങ്ങളെ ഏറെ നല്ല അനുഭവമായി കണ്ണൂർ വാസൂട്ടി ഓർത്തെടുക്കുന്നുണ്ട്. 

1997ല്‍ സുഭാഷ് ചന്ദ്ര ബോസ് എന്ന കഥാപാത്രത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള രണ്ടാമത്തെ അവാർഡും ലഭിച്ചു. ഫ്രാൻസിസ് ടി മാവേലിക്കര, കരകുളം ചന്ദ്രൻ എന്നീ പ്രതിഭകളുടെ സമാവർത്തനം, ഭാഗ്യ മുദ്ര, ഭാഗ്യജാതകം എന്നീ നാടകങ്ങളിലും അഭിനയിച്ചു. 1999ൽ ഭാഗ്യജാതകം എന്ന നാടകത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് വീണ്ടും കണ്ണൂർ വാസൂട്ടിയെ തേടിയെത്തി. ഭാഗ്യജാതകത്തിലെ ദേവചന്ദ്ര നായിഡു എന്ന കഥാപാത്രമാണ് അവാർഡിന് അർഹത നേടിക്കൊടുത്തത്. തിരുവനന്തപുരം സങ്കീർത്തനയുടെ സ്വർഗയാഗം, അക്ഷയ ഭൂമി കാഴ്ചകൾക്ക് അപ്പുറം ഈശ്വരന്റെ സമ്മാനം എന്നീ നാടകങ്ങൾ മത്സര വേദികളിൽ പുരസ്കാരങ്ങൾ നേടിയെടുക്കാൻ സഹായിച്ചു. 2005ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മത്സരത്തിൽ ചിന്ന പാപ്പാൻ എന്ന നാടകത്തിലൂടെ മികച്ച സംവിധായകനുള്ള അവാർഡും ലഭിച്ചു. ഈ നാടകം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലും അവതരിപ്പിക്കപ്പെട്ടു. 

രാജസേനൻ സംവിധാനം ചെയ്ത ഇമ്മിണി നല്ലൊരാൾ എന്ന സിനിമയിലും ജ്വാല, സൂര്യകാന്തി, മോഹനം, കായംകുളം കൊച്ചുണ്ണി, സൂര്യപുത്രി, പ്രയാണം, തുടങ്ങിയ നിരവധി സീരിയലുകളിലും ചില ടെലിഫിലിമുകളിലും കണ്ണൂർ വാസൂട്ടി എന്ന പ്രതിഭ അഭിനയിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘എകെജി’ എന്ന സിനിമയിൽ എകെജിക്ക് ശബ്ദം നൽകിയതും കണ്ണൂർ വാസൂട്ടി ആയിരുന്നു. സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദത്തിനും ജീവൻ നൽകിയതും കണ്ണൂർ വാസൂട്ടിയായിരുന്നു. 32 വർഷമായി തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ ‘സ്നേഹ’ത്തില്‍ ഭാര്യ സതിയോടും മക്കഴായ സൗമ്യ, അനൂപം എന്നിവരോടും ഒപ്പം താമസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.