കേന്ദ്രസർക്കാരിന്റെ കാർഷിക വിരുദ്ധ സമീപനങ്ങളിൽ മനം മടുത്ത് രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് അരലക്ഷത്തിലധികം കർഷകരാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യുറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2015 മുതൽ 2019 വരെ കാലയളവിൽ രാജ്യത്ത് 58,783 പേരാണ് ജീവനൊടുക്കിയത്. 2017 ൽ 12602 പേരും 2018 ൽ 11379 പേരും 2019 ൽ 10281 പേരുമാണ് രാജ്യത്തിന്റെ കാർഷിക മേഖലയുടെ രക്തസാക്ഷികളായത്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, പശ്ചിമ ബംഗാൾ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലായും കർഷകർ ജീവൻ നൽകേണ്ടിവന്നത്. 2014ൽ 12,360 കർഷകരും 2015ൽ 12,602 കർഷകരും ആത്മഹത്യ ചെയ്തു. കർഷക ആത്മഹത്യകളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. കൃഷിക്കാരുടെ മഹത്വം പറയുന്ന കേന്ദ്രസർക്കാർ ഇവരോട് പുലർത്തുന്ന ഇരട്ട മുഖം വ്യക്തമാക്കുന്നതാണ് രാജ്യത്തെ കർഷക ആത്മഹത്യകളുടെ കണക്കുകൾ. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയ ശേഷമാണ് ഈ അവസ്ഥ രൂക്ഷമായത്.
കാർഷിക ഉല്പന്നങ്ങൾക്ക് മിനിമം സഹായ വിലപോലും ലഭിക്കാത്ത സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളത്. ഇന്ന് രാജ്യമെമ്പാടുമായി 22,000 നെല്ല് സംഭരണ കേന്ദ്രങ്ങളും 44,000 ഗോതമ്പ് സംഭരണ കേന്ദ്രങ്ങളുമാണുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സംഭരണ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിൽ കേന്ദ്രസർക്കാർ വീഴ്ചവരുത്തി. ഇന്ത്യയിലെ കാർഷിക ഉല്പന്നങ്ങൾ പൂർണമായും സംഭരിക്കാൻ ശേഷിയുള്ളത്ര സംഭരണ കേന്ദ്രങ്ങൾ ഒരു സംസ്ഥാനത്തും ഇല്ല.
സബ്സിഡികൾ, സൗജന്യങ്ങൾ എന്നിവ കർഷകർക്ക് നേരിട്ട് ലഭിക്കുന്ന വിധത്തിൽ നിയമം നിർമ്മിക്കണമെന്ന കർഷകരുടെ നിരന്തര ആവശ്യവും കേന്ദ്രം തള്ളുകയാണ് ഉണ്ടായത്. എഴുതി തള്ളുന്ന കാർഷിക കടങ്ങൾക്ക് യഥാർത്ഥ ഗുണഭോക്താക്കൾ വൻകിട കർഷകർ മാത്രമാണ്. എന്നാൽ രാജ്യത്തെ 85 ശതമാനം കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഭുമിയുടെ കൈവശാവകാശം സംബന്ധിച്ച തർക്കങ്ങൾ സംബന്ധിച്ച കേസുകൾ വൻതോതിൽ കെട്ടികിടക്കുന്ന സാഹചര്യവുമുണ്ട്. തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സംവിധാനങ്ങൾ വേണമെന്ന ആവശ്യവും കേന്ദ്രം നിരാകരിച്ചു. ബിജെപി ഭരണം കർഷകരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതും കാർഷിക ദ്രോഹ ബില്ലുകൾ അവതരിപ്പിച്ച് കോർപ്പറേറ്റുകൾക്ക് മൊത്തമായി തീറെഴുതിയതും കർഷക സമൂഹത്തെ കൂടുതൽ ദുരിതത്തിലേക്കായിരിക്കും തള്ളിവിടുക.
ENGLISH SUMMARY: Half a lakh farmers have lost their lives in the country in five years
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.