രാജ്യത്തെ കോവിഡ് 19 വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ആരോഗ്യമന്ത്രാലയ രേഖകൾ. കഴിഞ്ഞ പത്തുദിവസംകൊണ്ട് 120 ജില്ലകളിൽ പുതുതായി രോഗം റിപ്പോർട്ട് ചെയ്തതായും 718 ജില്ലകളിൽ പകുതിയും കോവിഡിന്റെ പിടിയിലാണെന്നും പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച 3,500 ത്തോളം കേസുകളാണ് രാജ്യത്താകെ ഉണ്ടായിരുന്നത്. ഇത് ഒരാഴ്ചകൊണ്ട് 8000 പിന്നിട്ടപ്പോൾ ഇരട്ടിയിലേറെ വർധനയാണ് ഉണ്ടായിട്ടുള്ളത്.
മാർച്ച് 29 ന് 160 ജില്ലകളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരുന്നത്. ഏപ്രിൽ ആറ് ആയപ്പോഴേക്കും ഇത് 284 ജില്ലകളിലേക്ക് വ്യാപിച്ചു. ഇപ്പോൾ രാജ്യത്തെ 364 ജില്ലകൾ രോഗബാധിതമാണ്. യുപിയിലെ 40 ജില്ലകളിലും തമിഴ്നാട്ടിലെ 33 ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ 27 ജില്ലകളിലും രണ്ടാംസ്ഥാനത്തുള്ള ഡൽഹിയിൽ 11 ജില്ലകളിലും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം പടരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം രണ്ടാഴ്ചത്തേയ്ക്ക് കൂടി ലോക്ഡൗണ്‍ നീട്ടാനാണ് കേന്ദ്രസർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്.
രാജ്യത്ത് ഇനി നടപ്പാക്കുക ക്ലസ്റ്റർ ലോക്ഡൗൺ ആയിരിക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം കടക്കുമായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളെ റെഡ് സോൺ, നിലവില്‍ രോഗവിമുക്തി നേടുന്ന പ്രദേശങ്ങളെ ഓറഞ്ച് സോൺ, ഏറ്റവും കുറവ് ബാധിച്ച പ്രദേശങ്ങള്‍ ഗ്രീന്‍ സോൺ എന്നിങ്ങനെ തിരിച്ചായിരിക്കും ലോക്ഡൗൺ നടപ്പാക്കുക. പൊതുഗതാഗതം, കാര്‍ഷിക ഉല്പന്നങ്ങളുടെ വിളവെടുപ്പ് തുടങ്ങിയ നിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ ഓറഞ്ച് സോണിൽ അനുവദിക്കും. ഗ്രീന്‍ സോണുകളില്‍ നിയന്ത്രണങ്ങളിൽ കുറച്ചുകൂടി ഇളവുണ്ടാകും. എന്നാല്‍ സാമൂഹിക അകലം നിര്‍ബന്ധമായിരിക്കും.
English Summary: Half of India’s 718 districts affected by COVID-19
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.