ഹാമർ അപകടം: സ്ട്രിങ് പൊട്ടി വീണ് വിദ്യാർത്ഥിക്ക് പരിക്ക്

Web Desk
Posted on November 08, 2019, 2:36 pm

കോഴിക്കോട്: സ്കൂൾ കായിക മേളക്കിടെ വീണ്ടും ഹാമർ ത്രോ അപകടം. കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കായിക മേളക്കിടെയാണ് അപകടം. എറിയാനുള്ള ശ്രമത്തിനിടെ സ്ട്രിങ് പൊട്ടി ഹാമർ വീഴുകയായിരുന്നു.

പ്ലസ് ടു വിദ്യാർത്ഥി ടിടി മുഹമ്മദ് നിഷാദിന്റെ ഇടത് കയ്യിലെ വിരൽ ഒടിഞ്ഞു. സ്ട്രിങ് പൊട്ടിയതോടെ വിദ്യാർത്ഥി കാലുതെറ്റി വീഴുകയായിരുന്നു. വീഴ്ചയിൽ ഇടത് കൈയിലെ വിരലിന് പരിക്കേൽക്കുകയായിരുന്നു.

അത്ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലയ്ക്ക് പരുക്കേറ്റ വിദ്യാർത്ഥി ആഭീൽ ജോൺസൺ മരിച്ചതിന്റെ ഓർമ്മ മറയുന്നതിന് മുന്നേയാണ് പുതിയ അപകട സംഭവം. പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിന് ഇടയിലാണ് മൂന്ന് കിലോ തൂക്കമുള്ള ഹാമർ തലയിൽ വന്ന് വീണ് ആഭീലിനു പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ആഭീൽ മരിച്ചത്.