സാമ്പത്തിക ദുരന്തം തടയാന്‍ കൈകോര്‍ക്കണം

Web Desk
Posted on December 03, 2019, 10:01 pm

ഉല്പാദന നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് 15 ശതമാനമായി നിജപ്പെടുത്തിക്കൊണ്ടുള്ള ബില്‍ തിങ്കളാഴ്ച ലോക്‌സഭ പാസാക്കി. രാജ്യസഭ കൂടി പ്രസ്തുത ബില്‍ പാസാക്കുന്നതോടെ റവന്യു വരുമാനത്തില്‍ 1.45 ലക്ഷം രൂപ ഉപേക്ഷിക്കുന്ന നിയമം പ്രാബല്യത്തില്‍ വരും. ഇന്ത്യയെ ഉല്പാദക നിക്ഷേപത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അവകാശവാദം. 2019 ഒക്ടോബര്‍ മുതല്‍ 2023 വരെ പുതിയ നിക്ഷേപങ്ങള്‍ക്ക് തയാറാവുന്ന പുത്തന്‍ കമ്പനികള്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ജൂലൈ മാസത്തില്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് 400 കോടി വരെ മൊത്തവരുമാനം ലഭിക്കുന്ന കമ്പനികളുടെ നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്നും 25 ആയി ഇളവുചെയ്തിരുന്നു.

അതിന്റെ പ്രയോജനം 99.3 ശതമാനം കമ്പനികള്‍ക്ക് ലഭിക്കുമെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ആ നടപടികള്‍ ഒന്നും തന്നെ ഉല്പാദന രംഗത്തിന് ഊര്‍ജം പകരാന്‍ സഹായകമായില്ല. തുടര്‍ന്നും സമ്പദ്ഘടനയെക്കുറിച്ച് ഉല്‍ക്കണ്ഠ വളര്‍ന്ന സാഹചര്യത്തില്‍ കോര്‍പ്പറേറ്റ് നികുതി ഇളവുകളും ഇടത്തരം ഭവനപദ്ധതികള്‍ക്ക് 20,000 കോടി രൂപയുടെ പ്രത്യേക ഫണ്ടും അനുവദിക്കുകയുണ്ടായി. ഇതെല്ലാം വൃഥാവിലായ സാഹചര്യത്തിലാണ് കൂടുതല്‍ കോര്‍പ്പറേറ്റ് പ്രീണനവുമായി മോഡി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. മോഡി സര്‍ക്കാര്‍ സാമ്പത്തിക രംഗത്ത് തുടര്‍ന്നുവരുന്ന സാഹസിക നടപടികളുടെ അനന്തര ഫലം കാത്തിരുന്നു കാണുകയേ തല്‍ക്കാലം രാജ്യത്തിനാവു. നികുതി വരുമാനം ഗണ്യമായി കുറയുകയും ദൈനംദിന ചെലവുകള്‍ക്ക് പൊതുസമ്പത്ത് വിറ്റുതുലയ്ക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നടപടികള്‍ അസ്ഥാനത്താവുമെന്നാണ് നാളിതുവരെയുള്ള അനുഭവം. ഇത് കൂടുതല്‍ ധനക്കമ്മിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കുമായിരിക്കും സമ്പദ്ഘടനയെ ന­യിക്കുക എന്ന ആശങ്ക ശക്തമാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വന്‍മാറ്റങ്ങള്‍ വ­രുത്തുമെന്ന അവകാശവാദവുമായി പ്രഖ്യാപിച്ച ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ അവസ്ഥ ആറുവര്‍ഷങ്ങള്‍ക്കുശേഷം പ­രിശോധിച്ചാല്‍ പുതിയ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം ആര്‍ക്കും ബോധ്യപ്പെടും.

അതീവ തന്ത്രപ്രാധാന്യമുള്ള പ്രതിരോ­ധ രംഗത്തെ പദ്ധതികള്‍ പോലും കടലാസുപുലികളായി അവശേഷിക്കുന്നു എന്നതാണ് വസ്തുത. മൂന്നരലക്ഷം കോടി രൂപയുടെ പദ്ധതികളാണ് അന്തിമ കരാര്‍പോലും ഒപ്പിടാതെ ആറു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കടലാസില്‍ ഒതുങ്ങുന്നത്. കാലഹരണപ്പെട്ട ചേതക് ഹെലികോപ്റ്ററുകള്‍ക്ക് പകരം റഷ്യയുമായി ചേര്‍ന്ന് 200 കാമോവ് കെ എ വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ കര, വ്യോമസേനകള്‍ക്കു വേണ്ടി നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് അവയിലൊന്ന്. ടാറ്റാ, അഡാനി, മഹീന്ദ്ര ഡിഫന്‍സ് തുടങ്ങിയ കുത്തക കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് പ്രതിരോധ ആവശ്യങ്ങള്‍ക്കായി എയര്‍ബസ്, ലോക്ഹീഡ് തുടങ്ങിയ കമ്പനികളുടെ സൈനിക വിമാന സംയുക്ത സംരംഭങ്ങളും വര്‍ഷങ്ങളായി നിശ്ചലാവസ്ഥയിലാണ്. നാവിക സേനയ്ക്കുവേണ്ടി ഡീസല്‍-ഇലക്ട്രിക് സബ്മറൈനുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളും തഥൈവ. തന്ത്രപ്രധാനവും ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യത്തെയും കാര്യക്ഷമതയെയും ആശ്രയിച്ച് പ്രവര്‍ത്തനക്ഷമമാക്കേണ്ട പദ്ധതികളുടെ അവസ്ഥയാണ് ഇതെങ്കില്‍ ഇതര മേഖലകളെക്കുറിച്ച് പറയാതിരിക്കുകയാണ് ഉത്തമം.

തെര‍ഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ കാപട്യവും കൗടില്യവും കൊണ്ട് ഭരണനിര്‍വഹണവും സാമ്പത്തിക മാനേജ്മെന്റും സാധ്യമല്ലെന്നുള്ളതിന് ഇതില്‍പരം മറ്റെന്ത് തെളിവാണ് ആവശ്യം? നോട്ട് നിരോധനവും ചരക്കുസേവന നികുതിയുമടക്കമുള്ള വിഷയങ്ങള്‍ ആവര്‍ത്തന വിരസമായി മാറിയിരിക്കുന്നു. അടിത്തറയില്ലാത്ത ആത്മവിശ്വാസം സമ്പദ്ഘടനയെ രക്ഷിക്കില്ലെന്ന് രാജ്യം തിരിച്ചറിയാന്‍ സമയം വൈകിയിരിക്കുന്നു. ഇന്ത്യ തുടര്‍ച്ചയായ സാമ്പത്തിക മാന്ദ്യത്തിന്റെയും നാണ്യപ്പെരുപ്പത്തിന്റെയും ചുഴിയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. നിത്യോപയോഗ വസ്തുക്കളുടെ തടയില്ലാത്ത വിലക്കയറ്റവും തൊഴിലില്ലായ്മയും കാര്‍ഷിക‑ഉല്പാദന മേഖലകളുടെ തകര്‍ച്ചയും അനിഷേധ്യമായ യാഥാര്‍ഥ്യമായി മാറിയിരിക്കുന്നു.

അത് പരസ്യമായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നത് ധനമന്ത്രിയും മോഡി സര്‍ക്കാരും മാത്രമാണ്. ആര്‍എസ്എസും ബിഎംഎസും സ്വദേശി ജാഗരണ്‍ മഞ്ചുമടക്കം ഹിന്ദുത്വ സംഘടനകള്‍ക്ക് പോലും അത് നിഷേധിക്കാന്‍ ആവുന്നില്ല. എന്‍ഡിഎ സഖ്യശക്തികള്‍ തന്നെ മോഡി സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനത്തിനും തുറന്ന കലാപത്തിനും മുതിര്‍ന്നിരിക്കുന്നു. നിര്‍മ്മല സീതാരാമന്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പാക്കേജുകളും നികുതി ഇളവുകളുമെല്ലാം രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ പരോക്ഷ സമ്മതമാണ്. മുഖസ്തുതിക്കാരും നട്ടെല്ലുറപ്പില്ലാത്തവരുമായ ഉപദേശകരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രിയും ഭരണകൂടവും. രാജ്യത്തെ സാമ്പത്തിക ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ ശക്തികള്‍ ഇനി വൈകിക്കൂട.