Janayugom Online
Handloom- Janayugom

കൈത്തറി വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണം: സിപിഐ ജില്ലാ സെക്രട്ടറി

Web Desk

തിരുവനന്തപുരം

Posted on August 03, 2018, 5:55 pm

കൈത്തറി വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍. കൈത്തറി നെയ്ത്ത് വ്യവസായ തൊഴിലാളി യൂണിയന്‍ (എഐടിയുസി) സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പവര്‍ലൂം തുണിത്തരങ്ങള്‍ ഹാന്റക്‌സ് വാങ്ങിക്കൂട്ടുകയാണ്. ഹാന്റക്‌സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ തികഞ്ഞ അഴിമതിയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹാന്‍വീവിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും സ്പിന്നിംഗ് മില്ലുകളില്‍ കൈത്തറിക്കാവശ്യമായ നൂല്‍ ഉദ്പാദിപ്പിക്കുകയും വേണം. കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതിന് മുന്‍പ് സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം ജില്ലാ സഹകരണ ബാങ്കുകള്‍ വഴി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് പള്ളിച്ചല്‍ വിജയന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എം എച്ച് സലീം, എഐടിയുസി ജില്ലാ സെക്രട്ടറി എം രാധാകൃഷ്ണന്‍ നായര്‍, കെ എസ് മധുസൂതനന്‍ നായര്‍, വെങ്ങാനൂര്‍ ബ്രൈറ്റ്, പി എസ് നായിഡു, പട്ടം ശശിധരന്‍, സുനില്‍ മതിലകം, എന്നിവര്‍ സംസാരിച്ചു.

റിബേറ്റ് കുടിശ്ശിഖ കാലതാമസമില്ലാതെ നല്‍കുക, മിനിമം കൂലി പുതുക്കി നിശ്ചയിക്കുക, കൈത്തറി ക്ഷേമനിധി പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൂട്ടധര്‍ണ്ണ നടത്തിയത്. വിശ്വനാഥന്‍ അഴകി, തുമ്പോട് സുധാകരന്‍, താന്നിവിള രമേശന്‍, ഐത്തിയൂര്‍ സെയ്ദലവി, ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.