Tuesday
10 Dec 2019

സാച്ച് – തുണിമില്‍ ജീവിതങ്ങളെ കല ഓര്‍ക്കുമ്പോള്‍

By: Web Desk | Thursday 13 December 2018 7:10 PM IST


binale-janayugom

കൊച്ചി: ഒരു കാലത്ത് തുണിമില്ലുകളുടെ നഗരമായിരുന്നു ബോംബെ. കാലം അതിനെ മുംബൈ ആക്കിയപ്പോഴേയ്ക്കും തുണിമില്ലുകള്‍ അരങ്ങൊഴിഞ്ഞിരുന്നു. തുണിമില്ലുകളുടെ നഗരത്തെ മതേതരമായ മഹാനഗരമാക്കിയ തുണിമില്‍ തൊഴിലാളികളെ ഓര്‍ക്കുന്ന ഡോക്യുമെന്ററിയാണ് സാച്ച (തറി). മലയാളി-ഗോവന്‍ ദമ്പതിമാരും മുബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ (ടിസ്സ്) പ്രൊഫസര്‍മാരുമായ ഡോ. കെ പി ജയശങ്കറും ഡോ. അഞ്ജലി മൊണ്ടേറോയുമാണ് 49 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററിയുടെ സംവിധായകര്‍. 2000-ലാണ് ഈ ഡോക്യുമെന്റി നിര്‍മിക്കപ്പെട്ടതെങ്കില്‍ 2013-ല്‍ ഇതിനൊരു ഇന്‍സ്റ്റലേഷനും ഇവര്‍ തന്നെ ഉണ്ടാക്കി. 2013-ല്‍ ലണ്ടനിലെ ലോകപ്രശസ്തമായ ടാറ്റെ മോഡേണിലും 2014-ല്‍ ഡെല്‍ഹിയിലെ ഖോജിലും അരങ്ങേറിയ ഈ ഡോക്യു-ഇന്‍സ്റ്റലേഷനാണ് ഇത്തവണത്തെ ബിനാലെയുടെ ആകര്‍ഷണങ്ങളിലൊന്ന്. ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിന്റെ ഒന്നാം നിലയില്‍ ഈ ഇന്‍സ്റ്റലേഷന്റെ പശ്ചാത്തലമായി സാച്ചെയുടെ പ്രദര്‍ശനവും തുടര്‍ച്ചായി നടന്നുകൊണ്ടിരിക്കുന്നു. അതെ, അങ്ങനെ ഇതൊരു ദ്വിമാധ്യമ അനുഭവമാകുന്നു.

ചരിത്രത്തില്‍ നിന്ന് ഇല്ലാതായ തുണിമില്‍ തൊഴിലാളികളെ ചരിത്രവും വ്യവസായവും നഗരവാസികളും മറക്കുമ്പോള്‍ കല അവരെ ഓര്‍ക്കുന്നുവെന്നതാണ് സാച്ചെയെ പ്രസക്തമാക്കുന്നത്. 1926-ല്‍ മുംബൈയിലെ ഒരു തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ശിശുവായി കാണപ്പെടുകയും ഒരു തുണിമില്‍ തൊഴിലാളിയാല്‍ എടുത്തു വളര്‍ത്തപ്പെടുകയും പിന്നീട് രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച പ്രമുഖ മറാത്തി കവിയാവുകയും ചെയ്ത നാരായണ്‍ സുര്‍വേയുടെ കവിതകളും പ്രമുഖ ചിത്രകാരന്‍ സുധീര്‍ പട് വര്‍ധന്റെ പെയ്ന്റിംഗുകളുമാണ് സാച്ചെയുടെ ഊടും പാവുമാകുന്നത്. മുപ്പതിലേറെ ഡോക്യുമെന്ററികളുടെ സംവിധായകരാണ് ഇന്ത്യയിലെ സ്വതന്ത്ര ഡോക്യുമെന്ററി നിര്‍മാണത്തെപ്പറ്റി എ ഫ്‌ളൈ ഇന്‍ ദി കറി എന്ന ചരിത്രമെഴുതിയ ഈ ദമ്പതിമാര്‍. കൊച്ചി ഇളമക്കരയില്‍ ജനിച്ചു വളര്‍ന്ന്, മഹാരാജാസില്‍ പഠിച്ച്, ചെറുപ്രായത്തില്‍ത്തന്നെ മുംബൈയിലെത്തിയ ജയശങ്കറും ജീവിതപങ്കാളിയായ അഞ്ജലിയും ടിസ്സ് അധ്യാപകരെന്ന നിലയിലും ദേശീയ പ്രശസ്തരാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയെത്തവരായിരുന്നു തുണിമില്‍ തൊഴിലാളികളായതെന്ന് ഡോ. ജയശങ്കറും ഡോ. അഞ്ജലിയും ചൂണ്ടിക്കാണിക്കുന്നു. ഈ വൈവിധ്യമാണ് കീഴാളരുടെ മുംബൈയെ മതേതരമാക്കിയത്. എന്നാല്‍ ഇന്ന് നിയോലിബറലിസവും രോഗാതുരമായ ദേശീയതയും ഈ വൈവിധ്യത്തിന് ഭീഷണിയായിരിക്കുന്നു. ആധുനിക സമ്പദ് സമാഹരണത്തിനിടയില്‍ ചോര്‍ന്നുപോയ മുംബൈയുടെ ഈ പില്‍ക്കാല സമ്പന്നത തിരിച്ചു പിടിയ്ക്കാനാണ് സാച്ചെയിലൂടെ തങ്ങളുടെ ശ്രമം എന്നാണ് ഇവര്‍ പറയുന്നത്. നഗരനിര്‍മാണത്തില്‍ മില്ലുകളും തൊഴിലാളികളും നിര്‍ണായകപങ്കുവഹിച്ചു. അത് മറക്കരുത്.  ഇന്നു നമ്മള്‍ ജീവിക്കുന്ന ലോകം ഒരു സാധ്യത മാത്രമാണ്. അങ്ങനെ എത്ര സാധ്യതകള്‍ കിടക്കുന്നു നമുക്ക് സൃഷ്ടിക്കാന്‍. ആവേശത്തോടെ ഒപ്പം വിനയം കൈവിടാതെയും ഈ അവസരങ്ങളിലേയ്ക്ക് ഉറ്റുനോക്കുകയാണ് സാച്ച.

Related News