19 April 2024, Friday

Related news

November 5, 2022
November 3, 2022
October 31, 2022
October 30, 2022
October 26, 2022
October 25, 2022
October 22, 2022
October 22, 2022
October 20, 2022
October 19, 2022

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ് : അഞ്ചാം ദിവസവും എംഎൽഎ ഒളിവിൽ, നടപടിയെടുക്കാതെ കോൺഗ്രസ്

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
October 13, 2022 9:51 pm

കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗക്കേസ് ചുമത്തി. കൂടുതൽ വകുപ്പുകൾ ചുമത്തി നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തൽ ക്രൈം ബ്രാഞ്ച് പൂർത്തിയാക്കി. തട്ടിക്കൊണ്ടുപോയി മർദ്ദിക്കൽ, അതിക്രമിച്ചു കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് നേരത്തെ എംഎൽഎയ്ക്കെതിരെ കേസെടുത്തിരുന്നത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെയുള്ള പീഡന പരാതി പിൻവലിക്കാൻ വലിയ സമ്മർദ്ദം ഉണ്ടായെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കേസ് ഒത്തുതീർപ്പാക്കിയാൽ 30 ലക്ഷം രൂപ നൽകാമെന്ന് എംഎൽഎ പറഞ്ഞതായും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

എൽദോസ് കുന്നപ്പിള്ളി വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂൾ അധ്യാപികയായ ആലുവ സ്വദേശിനി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നത്. ക്രൈം ബ്രാ‍ഞ്ചിന് നൽകിയ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കിയതോടെയാണ് ബലാത്സംഗക്കേസ് കൂടി ചുമത്തിയത്. സംഭവം പുറത്തുവന്നതിന് പിന്നാലെ ഒളിവിൽപോയ എംഎൽഎയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം, പ്രതിപക്ഷത്തെ പ്രമുഖ എംഎൽഎയ്ക്കെതിരെയുള്ള കേസിൽ പ്രതിരോധിക്കാനാകാതെ കോൺഗ്രസ് ധർമ്മസങ്കടത്തിലായി. വിഷയം ഗൗരവതരമാണെന്ന് ഉൾക്കൊള്ളുന്നുണ്ടെങ്കിലും, നിയമസഭയിലും പുറത്തും തങ്ങളുടെ മുന്നണിപ്പോരാളിയായ നേതാവിനെ പൂർണമായും തള്ളിപ്പറയാനാകാത്ത സ്ഥിതിയിലാണ് കോൺഗ്രസ് നേതൃത്വം. എംഎല്‍എയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മറുപടി കിട്ടിയാൽ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞിരുന്നു. തെറ്റുകാരനെന്ന് തെളിഞ്ഞാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും കെ സുധാകരന്‍ പ്രഖ്യാപിച്ചു. അന്വേഷണത്തിന് കമ്മിഷനെ വയ്ക്കാനായിരുന്നു കെപിസിസി നേതൃത്വത്തിന്റെ ആദ്യ ആലോചനയെങ്കിലും, പിന്നീട് അത് വേണ്ടെന്നുവയ്ക്കുകയായിരുന്നു.

എന്നാല്‍, പാര്‍ട്ടിയിലെ പ്രമുഖ എംഎല്‍എയ്ക്കെതിരെ ഗുരുതരമായ വകുപ്പുകളില്‍ കേസെടുത്തതും അഞ്ച് ദിവസങ്ങളായി എംഎല്‍എയെ കാണാനില്ലാത്തതും ഈ മറുപടികളും ന്യായീകരണങ്ങളും കൊണ്ട് മറച്ചുവയ്ക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷവും ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരി അവരുടെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ശക്തമായ നടപടി പാര്‍ട്ടി നേതൃത്വം സ്വീകരിച്ചില്ലെങ്കില്‍ അത് പൊതുസമൂഹത്തില്‍ വലിയ നാണക്കേടുണ്ടാക്കുമെന്നാണ് പല നേതാക്കളുടെയും അഭിപ്രായം.

ഒളിവില്‍ നിന്ന് ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: കുരുക്കിലായെന്ന് വ്യക്തമായതോടെ മുങ്ങിയ എല്‍ദോസ് കുന്നപ്പിള്ളി ഫേസ്ബുക്കില്‍ ന്യായീകരണ പോസ്റ്റുമായി രംഗത്ത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് എംഎല്‍എ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.
“നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല”, “ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ”, “തട്ടിപ്പ് വശമില്ല” എന്നൊക്കെയുള്ള വാദങ്ങള്‍ നിരത്തിക്കൊണ്ടുള്ള കുറിപ്പ് അവസാനിക്കുന്നത് പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവോപരി സർവ്വ ശക്തനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ്. ഒളിവിലിരുന്നുകൊണ്ട് ന്യായീകരണവുമായി രംഗത്തെത്തിയ എംഎല്‍എയെ കളിയാക്കിയും വാദങ്ങള്‍ക്ക് മറുപടി നല്‍കിയും നിരവധി പേരാണ് കമന്റുകളിലൂടെ പ്രതികരിക്കുന്നത്.

Eng­lish Sum­ma­ry: Harass­ment case against Eld­hose Kunnappilly
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.