Thursday
22 Aug 2019

തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം തടയാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍

By: Web Desk | Tuesday 16 October 2018 7:38 PM IST


തിരുവനന്തപുരം: തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം തടയാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. തൊഴിലിടങ്ങളിലെ പീഡനങ്ങളെക്കുറിച്ച് നിരവധി പരാതികളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ വനിതാ ശിശു വികസന വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു, പിന്തള്ളപ്പെടുന്നു, തുല്യതയില്ല തുടങ്ങിയ പരാതികള്‍ക്കെതിരെ ശക്തമായ നിലപാട് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക, ശാരീരിക, മാനസിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. 2013ലെ നിയമ പ്രകാരം ജോലി സ്ഥലത്തെ പീഡനങ്ങള്‍ക്കെതിരെയും ആക്ഷേപങ്ങള്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇന്റേണല്‍ കമ്മിറ്റികളും ലോക്കല്‍ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ കമ്മിറ്റികള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ പുതിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ കമ്മിറ്റികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും അപാകതകള്‍ പരിഹരിക്കാനും തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു. 10 ല്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതുണ്ട്.

സിനിമാ മേഖലയില്‍ നിന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പരാതിയുമായും പ്രശ്‌നങ്ങളുമായും രംഗത്തെത്തിയിട്ടുള്ളത്. സിനിമാ മേഖലയില്‍ നിന്നും പരാതികള്‍ വന്ന സാഹചര്യത്തില്‍ അക്കാര്യം പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.സിനിമാ മേഖലയില്‍ ഇന്റേണല്‍ കംപ്ലൈന്റ് സെല്‍ രൂപീകരിക്കുന്നതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. മറ്റ് സ്ഥാപനങ്ങളിലെ പോലെ സിനിമാ മേഖലയിലും മറ്റ് പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് രംഗത്തും നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 181 എന്ന നമ്പരിലുള്ള കംപ്ലൈന്റ് സെല്‍ രൂപീകരിച്ചിരുന്നു. ഇതില്‍ നിരവധി കോളുകള്‍ വരികയും അവര്‍ക്ക് സഹായമാവുകയും ചെയ്യുന്നുണ്ട്. ലോക്കല്‍ കമ്മിറ്റി ശക്തിപ്പെടുത്താന്‍ ഐസിഡിഎസിലെ 258 സിഡിപിമാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഓരോ സ്ത്രീയ്ക്കും പെട്ടെന്ന് പരാതി നല്‍കാന്‍ വേണ്ടിയായിരുന്നു ഇത്. ഇന്റേണല്‍ കമ്മിറ്റിയ്ക്ക് സിവില്‍ കോടതിയുടെ അധികാരമുണ്ട്. കമ്മിറ്റിയില്‍ പരാതി ലഭിച്ചാല്‍ ചെറിയ കുറ്റമാണെങ്കില്‍ തൊഴിലുടമയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ക്രിമിനല്‍ കുറ്റമാണെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കാനും അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.

സിനിമാ മേഖലയില്‍ ഈ കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള സാധ്യത ആരായും . ഇതിന്റെ ഭാഗമായി ഡബ്ല്യുസിസി അംഗങ്ങളുമായും അഭിഭാഷകരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇത്തരം കമ്മിറ്റികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പരാതി പറയാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയൊരു കമ്മിറ്റി രൂപീകരിക്കാന്‍ ആലോചിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. സിനിമാ മേഖല ഒരു വ്യവസായം ആയതിനാലും പ്രതിഫലം നല്‍കുന്നതിനാലും അവര്‍ ഈ നിയമത്തില്‍ വരും. ഡബ്ല്യുസിസി അംഗങ്ങള്‍ സിനിമയിലെ പല പ്രശ്‌നങ്ങളും സംസാരിച്ചിരുന്നു. ജോലിസ്ഥലത്തെ സമത്വമില്ലായ്മയും ഇകഴ്ത്തപ്പെടലും അവര്‍ ചര്‍ച്ച ചെയ്തു. ഡബ്ല്യുസിസി തുടങ്ങിയ സമയത്ത് അവര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്ന് പേരടങ്ങിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ആ കമ്മിറ്റി അഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാവും. തൊഴിലിടങ്ങലിലെ സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്നായിരുന്നു സുപ്രിംകോടതി വിധി. കോടതിവിധി അംഗീകരിക്കുന്നുണ്ടെന്നും ആ വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. ദൈവത്തിന് ഭക്തന്മാരായ സ്ത്രീപുരുഷന്മാരുടെ ഇടയില്‍ വിവേചനമില്ലെന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് , ജെന്‍ഡര്‍ അഡൈ്വസര്‍ ടി കെ ആനന്ദി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related News