Web Desk

ചാണ്ഡിഗഢ്

June 09, 2021, 10:41 am

വിവാദ പോസ്റ്റിനു പിന്നാലെ അവസാനം മാപ്പപേക്ഷയുമായി ഹര്‍ഭജന്‍സിങ്

Janayugom Online

ഖാലിസ്ഥാന്‍ വിഘടനവാദി നേതാവായ ജര്‍നയില്‍ സിങ് ബിന്ദ്രന്‍വാലയ്ക്ക് നല്‍കിയ ആദരാഞ്ജലി സമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ മാപ്പു പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍സിങ്. ജൂണ്‍ ആറിനു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഓഫ്‌സിപിന്നര്‍ ഖാലിസ്ഥാന്‍ തീവ്രവാദിയായ ജര്‍നൈല്‍ സിങ് ഭീന്ദ്രന്‍വാലെയുടെ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയും അദ്ദേഹത്തെ രക്തസാക്ഷിയെന്ന് അഭിസംബോധനചെയ്യുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ സൈനികനടപടിയുടെ 37-ാമത്തെ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ഹര്‍ഭജന്‍ ബിന്ദ്രന്‍വാലയെ ധീര രക്തസാക്ഷിയാക്കി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചത്. 

ബിന്ദ്രന്‍ വാല മറ്റ് ഖലിസ്ഥാന്‍ വിഘടനവാദികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം രക്തസാക്ഷികള്‍ക്ക് പ്രണാമം എന്ന തലക്കെട്ടോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചത്. ഖാലിസ്ഥാന്‍ നേതാവിനെ മഹത്വ വല്‍ക്കരിക്കുന്ന തരത്തില്‍ പോസ്റ്റിട്ട ഹര്‍ഭജനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. അതേ തുടര്‍ന്ന് താരം മാപ്പപേക്ഷയുമായി രംഗത്തെത്തി. തനിക്കു ലഭിച്ച ഒരു വാട്സആപ്പ് സന്ദേശം തിടുക്കത്തില്‍ പങ്കുവക്കുകയായിരുന്നുവെന്ന് താരം പറഞ്ഞു. താന്‍ ഉപയോഗിച്ച ഉള്ളടക്കവും അത് എന്താണ് സൂചിപ്പിച്ചത് അല്ലെങ്കിൽ എന്തിനുവേണ്ടിയാണെന്ന് പോലും മനസിലാക്കാതെയാണ് താന്‍ അത് പോസ്റ്റ് ചെയ്തത്. 

തന്റെ തെറ്റ് താൻ അംഗീകരിക്കുന്നു. ഒരു സിഖുകാരനെന്നനിലയില്‍, എന്റെ രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്തിയതിന് ഇതു തന്റെ ക്ഷമാപണമായി കണക്കാക്കണം. വാസ്തവത്തിൽ എന്റെ ജനതയ്‌ക്കെതിരായ ഏതെങ്കിലും ദേശവിരുദ്ധ സംഘത്തെ താൻ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 20 വർഷമായി ഈ രാജ്യത്തിനായി എന്റെ രക്തവും വിയർപ്പും താന്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഒരിക്കലും രാജ്യ വിരുദ്ധമായ ഒന്നിനെയും താന്‍ പിന്തുണയ്‌ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:harbajan sigh final­ly apol­o­gized after the con­tro­ver­sial post
You may also like this video