മോഡിയെ വിമര്‍ശിച്ച ഹര്‍ദ് കൗറിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കംചെയ്തു

Web Desk
Posted on August 14, 2019, 11:10 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ച റാപ് ഗായിക ഹര്‍ദ് കൗറിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു.
ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ അനുകൂലിച്ചാണ് രണ്ട് മിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഹര്‍ദ് ട്വിറ്ററില്‍ പങ്കുവച്ചത്. മോഡിയെയും അമിത് ഷായെയും വെല്ലുവിളിച്ച ഹര്‍ദ് കൗര്‍ ഇവര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്. നിമിഷങ്ങള്‍ക്കകം ട്വിറ്റര്‍ ട്രെന്‍ഡി0ഗില്‍ ഇടം നേടിയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വീ ആര്‍ വാരിയേഴ്‌സ് എന്ന തന്റെ പുതിയ ഗാനത്തിന്റെ പ്രമോഷനുവേണ്ടിയുള്ള വീഡിയോ ക്ലിപ്പ് ഹര്‍ദ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
മുമ്പ് ബിജെപി നേതാക്കളെ ഹര്‍ദ് കൗര്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥിനെ ‘റേപ്മാന്‍’ എന്ന് വിശേഷിപ്പിക്കുകയും പുല്‍വാമയടക്കമുള്ള രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദി മോഹന്‍ ഭാഗവതാണെന്നും നേരത്തെ ഹര്‍ദ് കൗര്‍ ആരോപിച്ചിരുന്നു.
ഹേമന്ത് കര്‍ക്കരെയുടെ മരണത്തിനും മോഹന്‍ ഭാഗവതാണ് ഉത്തരവാദിയെന്നും ഹര്‍ദ് കൗര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതോടെ ഐപിസി സെക്ഷന്‍ 124(എ), 153, 500, 505, ഐടി ആക്ട് 66 എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ഒകെ ജാനു, പട്യാല ഹൗസ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും ഹര്‍ദ് കൗര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.