18 April 2024, Thursday

ഇംഗ്ലണ്ടിനെതിരെയും ഹര്‍ദിക് നയിച്ചേക്കും

Janayugom Webdesk
June 30, 2022 9:37 pm

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിലും അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച താരങ്ങളെത്തന്നെ ഇന്ത്യ പരീക്ഷിച്ചേക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെട്ടിരിക്കുന്ന പരിമിത ഓവർ താരങ്ങളെ ആദ്യ ടി-20യിൽ നിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ മലയാളി താരം സഞ്ജു സാംസണ് മത്സരത്തിൽ ഇടം ലഭിച്ചേക്കും. ജൂലൈ ഏഴിനാണ് ആദ്യ ടി-20. ടെസ്റ്റ് മത്സരം അഞ്ചാം തീയതിയാണ് അവസാനിക്കുന്നത് എന്നതിനാൽ ടീമിലെ പരിമിത ഓവർ താരങ്ങൾക്ക് വിശ്രമം അനുവദിക്കാനാണ് ബിസിസിഐയുടെ ആലോചന. അങ്ങനെയെങ്കിൽ ജസ്പ്രീത് ബുംറ, വിരാട് കോലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നീ താരങ്ങൾ ആദ്യ ടി-20യിൽ ഉണ്ടാവില്ല. 

ഇന്നും മൂന്നിനും ഇന്ത്യ രണ്ട് ടി-20 സന്നാഹമത്സരങ്ങൾ കളിക്കും. ഈ മത്സരങ്ങളിലും അയർലൻഡിനെതിരെ കളിച്ച ടീം തന്നെയാവും ഇറങ്ങുക. ഇന്ന് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ ഡെര്‍ബിഷെയറുമായിട്ടാണ് ഇന്ത്യ ഏറ്റുമുട്ടുക. അയര്‍ലന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ഓപ്പണറായി ഇറങ്ങി മിന്നുന്ന പ്രകടനം നടത്തിയ സഞ്ജു സാംസണ്‍ ഇന്നത്തെ മല്‍സരത്തിലും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. ഇഷാന്‍ കിഷനോടൊപ്പം ഓപ്പണറായി തന്നെയായിരിക്കും ഇറങ്ങുക. കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കന്നി അര്‍ധസെഞ്ചുറി കുറിക്കാന്‍ സഞ്ജുവിനായിരുന്നു. 77 റണ്‍സാണ് സഞ്ജു നേടിയത്. രണ്ടു പരിശീലന ടി20കളിലും ഫോം നിലനിര്‍ത്താനായാല്‍ ടി20 പരമ്പരയ്ക്കുള്ള ടീമിലും സ്ഥാനമുറപ്പിക്കാനാകും. 

അയര്‍ലന്‍ഡുമായുള്ള ടി20 പരമ്പരയില്‍ പുതുമുഖങ്ങളായ രാഹുല്‍ ത്രിപാഠി, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കു അരങ്ങേറാനുള്ള അവസരം ലഭിച്ചിരുന്നില്ല. ത്രിപാഠി ഈ പരമ്പരയിലൂടെ ആദ്യമായാണ് ടീമിലേക്കു വന്നതെങ്കില്‍ അര്‍ഷ്ദീപ് സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി20കളിലും ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ രണ്ടു പരമ്പരകളിലും താരം അവസാന ഇലവനിലെത്തിയില്ല. ഇവര്‍ക്കും ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ക്കും പരിശീലന മത്സരത്തില്‍ ഇടം ലഭിച്ചേക്കും.

Eng­lish Summary:Hardik may also lead against England
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.