നടന്‍ വിജയ്ക്കെതിരായ സിദ്ദിഖിന്‍റെ പരാമര്‍ശത്തിന്  ചുട്ട മറുപടിയുമായി ഹരീഷ് പേരടി

Web Desk
Posted on May 06, 2019, 7:02 pm

തമിഴകത്തെ സൂപ്പര്‍ സ്റ്റാര്‍ വിജയിക്കെതിരായ സിദ്ദിഖിന്‍റെ പരാമര്‍ശത്തിന് പരോക്ഷമായി മറുപടി നല്‍കി നടന്‍ ഹരീഷ് പേരടി. വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍നടനാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ കമല്‍ഹാസന്‍ സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണ് എന്നായിരുന്നു സിദ്ദിഖിന്‍റെ പരാമര്‍ശം.

സൂപ്പര്‍സ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നിലനില്‍ക്കുന്നത്. ‘മധുരരാജ’ എന്ന സിനിമ ഉണ്ടാകണമെങ്കില്‍ മമ്മൂക്കയും ‘ലൂസിഫര്‍’ എന്ന സിനിമ വരണമെങ്കില്‍ മോഹന്‍ലാലും വേണം. ഈ സൂപ്പര്‍താരങ്ങളെ ആശ്രയിച്ചാണ് ഇന്‍ഡസ്ട്രി നില നിലനില്‍ക്കുന്നത്. അത്തരം താരങ്ങളുടെ സിനിമയെ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാര്‍ നിലനില്‍ക്കുന്നത്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ സൂപ്പര്‍നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളില്‍ അത്തരം മഹിമകളില്ല. വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍നടനാണെന്ന് പറയാന്‍കഴിയില്ല. എന്നാല്‍, കമല്‍ഹാസന്‍ സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണ്.

എന്നാല്‍ സിദ്ദിഖിന്‍റെ ഈ പരാമര്‍ശത്തിന് പിന്നാലെ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് തന്‍റെ പ്രതികരണം അറിയിച്ചത്. സ്വന്തം അനുഭവത്തില്‍ പറയട്ടെ ഈ മനുഷ്യന്‍. സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീകവിളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ്‌ ഹരീഷ് കുറിച്ചു.