Web Desk

ഹരിപ്പാട്

March 06, 2020, 9:22 am

മർദനത്തിൽ കർണ്ണപടം പൊട്ടി, കണ്ണിനും അടികൊണ്ട് കാഴ്ച കുറഞ്ഞു; ശരീരം പഴുത്ത് ദുർഗന്ധം വമിച്ചു; തീരാവേദനായി ഹരിദാസന്റെ ജീവിതം

Janayugom Online

’ നാലുവർഷമാണ് ഭാര്യയെയും മക്കളെയും കാണാതെ കഴിഞ്ഞത്. എന്റെ കുഞ്ഞുങ്ങളുടെ ഭാഗ്യം കൊണ്ടാണ് ജീവനോടെ തിരിച്ചെത്തിയത്.നാട്ടിൽ തന്നെ എന്തെകിലും ജോലി ചെയ്യണം ഇനി. ആരോഗ്യം സമ്മതിക്കുമോ എന്ന് അറിയില്ല. എന്തായാലും മലേഷ്യയിലേയ്ക്ക് ഇനി ഇല്ല.ഇവിടെ ജോലി ചെയ്ത കടം വീട്ടണം’ .. മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂരപീഡനങ്ങൾക്ക് വിധേയനായ ഹരിപ്പാട് സ്വദേശി ഹരിദാസൻ പറയുന്നു. ജീവൻ തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ടാകിലും ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നത് ചോദ്യ ചിനമായി ഹരിദാസാന് മുന്നിൽ അവശേഷിക്കുന്നു.

ഹരിദാസന്റെ പൊള്ളലേറ്റ ചിത്രം സുഹൃത്തുക്കളിലൊരാൾ ഭാര്യയ്ക്ക് അയച്ചു കൊടുത്തതോടെയാണ് കൊടും ക്രൂരതയുടെ കഥ പുറം ലോകം അറിയുന്നത്. പിന്നീട്ട് അധികാരികളുടെ ഇടപെടലോടു കൂടി ഹരിദാസൻ നാട്ടിലേയ്ക്ക്. നാലു വർഷത്തിന് ശേഷമാണ് ഹരിദാസ് നാട്ടിലേയ്ക്ക് തിരിച്ചു വരുന്നത്. ഭാര്യയെയും മക്കളെയും നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ടതിലുള്ള സന്തോഷവും ഹരിദാസൻ പങ്കുവെച്ചു.

തമിഴ്ന്നാട് സ്വദേശിയുടെ കടയിലാണ് ഞാൻ ജോലി ചെയ്തത്. മാസങ്ങളായി അവിടെ ശമ്പളം ഇല്ല. എനിക്കിപ്പോഴും കടയുടമയുടെ പേര് കൃത്യമായിട്ട് അറിയില്ല. പലരോടും പല പേരാണ് അയാൾ പറയുന്നത്. ശമ്പളം കിട്ടാതെ വന്നതോട് കൂടി ഞാൻ പ്രതിഷേധിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. ശമ്പളം തരാതെ കട തുറക്കില്ലെന്ന് പറഞ്ഞപ്പോൾ ആദ്യം ഭീഷണിപ്പെടുത്തി. ഭീഷണിയിൽ വഴങ്ങാതെ പ്രതിഷേധം തുടർന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.

ശമ്പളം തുടർച്ചയായി ചോദിച്ചതോടെ മോഷണം ആരോപിച്ച് എന്നെ മർദിക്കാൻ തുടങ്ങി. അവർ തന്ന കമ്മീഷൻ തുക എന്റെ ബാഗിലുണ്ടായിരുന്നു. അത് ഞാൻ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആദ്യം വലിയ തടികൊണ്ട് എന്റെ കാലിനും തലയ്ക്കുമെല്ലാം മർദിച്ചു. അടിയിൽ എന്റെ കർണ്ണപടം പൊട്ടി, കണ്ണിനും കാഴ്ച കുറഞ്ഞു. തലയിലും മുറുവുകളുണ്ടായി. അരിശം തീരത്തെ കൈകൊണ്ടും മർദിച്ചു. കാശ് ഞാൻ എടുത്തെന്ന് സമ്മതിക്കണം എന്നതായിരുന്നു അയാളുടെ ആവശ്യം. എന്റെ ബോധം പോകുന്നത് വരെ തല്ലി. അതിനുശേഷം എന്നെ ഒരു വണ്ടിയിലിട്ട് തൊഴിലുടമയുടെ ജ്വല്ലറിയുടെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മുറിയിൽ പൂട്ടിയിട്ടു. അവിടെ വച്ച് നഗ്നനാക്കിയ ശേഷം നാലുകൊടിലുകൾ പഴുപ്പിച്ച് ദേഹമാസകലം പൊള്ളിച്ചു.

തോർത്തുമുണ്ട് വെള്ളത്തിൽ മുക്കി കഴുത്തിൽ മുറുക്കി, എന്റെ കണ്ണൊക്കെ പുറത്തേക്ക് തള്ളി, കണ്ണിൽ നിന്നും വെള്ളം വന്നു. ശ്വാസംമുട്ടി മരിച്ചുപോകുമെന്നാണ് കരുതിയത്. മൂന്ന് ദിവസം പൊള്ളലേറ്റ ശരീരവുമായി ഞാൻ ആ മുറിയിൽ കഴിഞ്ഞു. ഇരിക്കാനും കിടക്കാനുമൊന്നും പറ്റുന്നില്ലായിരുന്നു. ഒരു കസേരയിൽ പിടിച്ചാണ് നിന്നത്.

പൊള്ളിച്ചത് പഴുത്ത് ദുർഗന്ധം വരുന്നെന്ന് തോന്നിയപ്പോഴാണ് തൊഴിലുടമ മറ്റ് ജീവനക്കാരോട് പറയുന്നത്. ആരാണ് എന്റെ ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതെന്ന് അറിയില്ല. ചെയ്തത് ആരായാലും അവരോട് നന്ദിയുണ്ട്. ഈ ദുരിതം പുറംലോകം അറിഞ്ഞില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞുങ്ങൾക്ക് അച്ഛനെ കാണാൻ കിട്ടുമായിരുന്നില്ല.

മലേഷ്യയിൽ പോയതിന്റെ കടം ഇപ്പോഴും ബാക്കിയാണ്. നാലു വർഷം ഈ ദുരിതമെല്ലാം അനുഭവിച്ചത് എന്റെ ഭാര്യയെയും മക്കളെയും ഓർത്തു മാത്രമാണ്. എന്റെ രണ്ടു മക്കളെയും കൊണ്ട് കേറി കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീട് പോലും ഞങ്ങൾക്ക് ഇല്ല. ഈ കടമൊക്കെ എങ്ങനെ വീട്ടുമെന്ന് അറിയില്ല. എന്നാലും ഇനി മലേഷ്യയിലേക്ക് പോകാനില്ല’– ഹരിദാസൻ പറയുന്നു.

ENGLISH SUMMARY: Hari­dasan tor­tured life in Malaysia

YOU MAY ALSO LIKE THIS VIDEO