25 April 2024, Thursday

Related news

February 21, 2023
August 13, 2022
May 25, 2022
January 26, 2022
January 13, 2022
October 11, 2021
September 28, 2021
September 23, 2021
September 15, 2021
September 14, 2021

ഹരിത വിവാദം കത്തുന്നു; എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പി പി ഷൈജലിനെ പുറത്താക്കി

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
September 15, 2021 10:41 pm

എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് ഹരിത നേതാക്കള്‍ക്കെതിരെ നടത്തിയ ലൈംഗിക അധിക്ഷേപം ഉയര്‍ത്തിയ കൊടുങ്കാറ്റില്‍ മുസ്ലിംലീഗ് നേതൃത്വം ആടിയുലയുന്നു. നവാസിനെ സംരക്ഷിക്കുന്ന ലീഗ് നേതൃത്വത്തിനെതിരെ കൂടുതല്‍ നേതാക്കള്‍ പരസ്യമായി രംഗത്തുവരികയാണ്. നവാസിന്റെ പരാമർശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും ഗുരുതര അധിക്ഷേപങ്ങൾക്ക് വിധേയരായതു കൊണ്ടാണ് പാർട്ടിക്ക് പരാതി നൽകിയതെന്നും ഹരിതയുടെ മുൻ നേതാക്കൾ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പി കെ നവാസ് തങ്ങളെ അപമാനിച്ചുവെന്നും കേൾക്കാൻ തയ്യാറാകണമെന്നുമായിരുന്നു ആദ്യഘട്ടത്തിൽ ഹരിത നേതാക്കള്‍ ഉന്നയിച്ചിരുന്നത്. ഇ ടി മുഹമ്മദ് ബഷീർ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി പാർട്ടിയിലെ മുഴുവൻ നേതാക്കളേയും പരാതി അറിയിച്ചിരുന്നു. പരാതിയെത്തുടര്‍ന്ന് നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരികയാണ്. ഹരിതയുടെ പ്രവർത്തകർക്കും ആത്മാഭിമാനം വലുതാണെന്ന് നേതൃത്വം മനസ്സിലാക്കണം. ഹരിതയിലുള്ളവർ സ്വഭാവദൂഷ്യമുള്ളവരാണെന്ന് പ്രചരണമുണ്ടായി. പരാതി നൽകി 50 ദിവസം കഴിഞ്ഞാണ് വനിതാ കമ്മീഷനെ സമീപിച്ചത്. തങ്ങളുടെ പരാതി വ്യക്തികൾക്കെതിരെയാണ്. പാർട്ടിക്ക് എതിരെയല്ല. അങ്ങനെ കണ്ടിരുന്നെങ്കിൽ പ്രശ്നമുണ്ടാകുമായിരുന്നില്ല.


ഇതുകൂടി വായിക്കൂ: മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ തുറന്ന പോരിന് ഹരിത


 

പരാതി നൽകിയതിന് പിന്നാലെ രണ്ട് യോഗങ്ങളാണ് നടന്നത്. എന്നാല്‍ രണ്ടിലും തീരുമാനമായില്ല. പി എം എ സലാമിന്റെ അധ്യക്ഷതയിലാണ് ഒരു യോഗം നടന്നത്. തങ്ങളുടെ ഭാഗം പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവരേയും കേട്ടുവെന്നും പിരിഞ്ഞുപോയിക്കോളൂ എന്നുമാണ് അധ്യക്ഷന്‍ പറഞ്ഞത്. നടപടി വേണമെന്ന് പറഞ്ഞപ്പോൾ അതൊക്കെ ഞങ്ങൾ തീരുമാനിക്കും. ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്ന നിലയിൽ ധാർഷ്ട്യം കലർന്ന മറുപടിയാണ് ലഭിച്ചത്. നിങ്ങൾ കോഴിക്കോട് അങ്ങാടിയിൽ തെണ്ടിത്തിരിഞ്ഞ് നടക്കാൻ വേണ്ടി വരുന്നവരാണ് എന്നുപറഞ്ഞ് അധിക്ഷേപിച്ചുവെന്നും നേതാക്കള്‍ വ്യക്തമാക്കി.


ഇതുകൂടി വായിക്കൂ: ഹരിതയുടെ പരാതി ;എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ നവാസ് അറസ്റ്റിൽ


പല തലത്തിലും നേതാക്കളുമായി അനൗദ്യോഗികമായും ഔദ്യോഗികമായും ചർച്ച നടത്തിയതാണ്. പക്ഷെ നീതി ലഭിച്ചില്ല. ഹരിതയുടെ പെൺകുട്ടികളെ നിയന്ത്രിക്കുന്നത് ഒരു സൈബർ ഗുണ്ടയാണെന്നും അയാളുടെ കൈയിൽ ഞങ്ങളുടെ ഫോട്ടോയും വീഡിയോയും ഉണ്ടെന്നും അത് പുറത്ത് വിട്ടാൽ പല ഹരിതക്കാരും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നൊക്കെയാണ് പറഞ്ഞത്. ഇതിലാണ് നടപടി വേണമെന്ന് തങ്ങൾ ആവശ്യപ്പെട്ടത്. പക്ഷെ നീതി നിഷേധമാണുണ്ടായത്. ലീഗിൽ ഉറച്ച് നിന്നു കൊണ്ട് തന്നെ പോരാടുമെന്നും ആവശ്യമെങ്കിൽ പെൺകുട്ടികളുടെ പുതിയ പ്ലാറ്റ്ഫോമിനെ പറ്റി ചിന്തിക്കുമെന്നും ഇവർ വ്യക്തമാക്കി. ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ, മുഫീദ തസ്നി, മിന ഫർസാന, സഫീല എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പി കെ നവാസിനെതിരായ പരാതിയിൽ ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്.


ഇതുകൂടി വായിക്കൂ: ഫാത്തിമ തഹ്‌ലിയക്കെതിരായ നടപടി: പ്രതികരിക്കാതെ മുസ്ലിം ലീഗ് നേതൃത്വം


 

ഇതിനിടെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ സ്ഥാനത്തു നിന്നും നീക്കിയതായി ലീഗ് സംസ്ഥാന സമിതി അറിയിച്ചു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എംഎസ്എഫിന്റേയും ലീഗിന്റേയും എല്ലാ സ്ഥാനങ്ങളിൽ നിന്നും ഷൈജലിനെ പുറത്താക്കിയിട്ടുണ്ട്. ഹരിത വിഷയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപ് ഷൈജൽ മാധ്യമങ്ങളെ കണ്ടിരുന്നു. സത്യത്തിന്റെ കൂടെ മാത്രമേ നിൽക്കുകയുള്ളൂവെന്നും ഹരിതയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്നും പുതിയ ഹരിത ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോൾ എംഎസ്എഫ് നേതൃത്വവുമായി കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും ഷൈജൽ ആരോപിച്ചിരുന്നു. ഇതാണ് ലീഗ് നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുള്ളത്.

അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന സ്ഥിതിയാണ് പാർട്ടിയിലുള്ളതെന്നും ഹരിത വിഷയത്തിൽ ലീഗിന് രണ്ടു നിലപാടുണ്ടായിരുന്നുവെന്ന തന്റെ ശബ്ദരേഖ എംഎസ്എഫ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ ചോർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഷൈജൽ ആരോപിച്ചിരുന്നു. എംഎസ്എഫ് പ്രസിഡന്റിനെതിരെ വൈസ് പ്രസിഡന്റ് തന്നെ രംഗത്തെത്തുന്നത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കാണിച്ചാണ് മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഷൈജലിനെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയത്. എംഎസ്എഫില്‍ സജീവസാന്നിധ്യമായിരുന്നു ഷൈജലിനെതിരെയുള്ള നടപടി സംഘടനയിലെ വിഭാഗീയത രൂക്ഷമാക്കിയിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ: ഹരിത നേതാക്കള്‍ക്കെതിരായ അധിക്ഷേപം; നടപടി സ്വീകരിക്കാത്തത് സംഘടനാ പ്രവർത്തനത്തെ ബാധിക്കുമെന്ന് എംഎസ്എഫ് യൂണിറ്റുകൾ


 

മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും പി എം എ സലാമിനുമെതിരെ രൂക്ഷവിമർശനവുമായി ഹരിത മലപ്പുറം ജില്ലാ മുൻ ജനറൽ സെക്രട്ടറി എം ഷിഫയും രംഗത്തെത്തി. എംഎസ്എഫ് അധ്യക്ഷൻ പി കെ നവാസ് അടക്കമുള്ളവർക്കെതിരെ നേരിട്ടും രേഖാമൂലവും പരാതി നൽകിയിട്ടും നേതാക്കൾ തിരിഞ്ഞുനോക്കിയില്ലെന്നാണ് ഷിഫ വ്യക്തമാക്കുന്നത്. സാദിഖലി തങ്ങളാണ് എതിർഭാഗത്ത്. നിങ്ങളെക്കൊണ്ട് പറ്റുന്നത് ചെയ്തോ എന്നായിരുന്നു പരാതിയുമായി എത്തിയപ്പോൾ പി എം എ സലാം പറഞ്ഞതെന്നും ഷിഫ ഫെയ്സിബുക്കില്‍ കുറിച്ചു. വിഷയത്തിന്റെ ഗൗരവം മുഴുവൻ നേതാക്കൾക്കും കൃത്യമായി ബോധ്യപ്പെട്ടിട്ടും നിസ്സഹായരായി നിൽക്കുന്ന നേതാക്കളിൽനിന്നുണ്ടായ അവഗണയും സാദിഖലി തങ്ങളുടെ ചുറ്റിലും കറങ്ങുന്ന ഉപചാപക സംഘത്തിന്റെ അവഹേളനവും സഹിക്കാതെ ഒടുവിൽ നിയമത്തിന്റെ പരിരക്ഷ തേടിയാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും ഷിഫ വ്യക്തമാക്കി.

ഇതിനിടെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ മുസ്ലിം ലീഗ് വിടുമെന്ന വാർത്തകളെ തള്ളി ഫാത്തിമ തഹ്ലിയ. മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് താൻ പാർട്ടിയിൽ ചേർന്നതെന്നും സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നതെന്നും തഹ്ലിയ പറഞ്ഞു. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് താൻ ചിന്തിച്ചിട്ടില്ല. മറിച്ചുള്ള വാർത്തകൾ ദുരുദ്ദേശപരമാണെന്നും തഹ്ലിയ വ്യക്തമാക്കി.

 

Eng­lish Sum­ma­ry: Haritha con­tro­ver­sy burns; PP Shi­jal has been removed from the post of MSF State Vice President

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.