24 April 2024, Wednesday

Related news

January 26, 2022
October 11, 2021
September 28, 2021
September 15, 2021
September 13, 2021
September 11, 2021
September 9, 2021
September 8, 2021
August 26, 2021
August 22, 2021

മുസ്‌ലിം ലീഗിനെതിരെ തുറന്ന പോരിന് ‘ഹരിത’; പാര്‍ട്ടിയില്‍ പുരുഷന്മാർ മുതലാളികളും സ്ത്രീകൾ തൊഴിലാളികളുമായി തുടരുന്നുവെന്ന് ഹരിത അധ്യക്ഷ

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
September 9, 2021 5:29 pm

സ്ത്രീവിരുദ്ധ പരാമർശനത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നൽകിയതിനെത്തുടര്‍ന്ന് മുസ്ലിംലീഗ് നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ട എംഎസ്എഫ് വിദ്യാർത്ഥിനി സംഘടനയായ ‘ഹരിത’ പാര്‍ട്ടിക്കെതിരെ തുറന്ന പോരിന്.
പിരിച്ചുവിട്ട ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിയാണ് മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരുമെന്നും അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും തെസ്നി ‘ഞങ്ങൾ പൊരുതും; ഹരിത പകർന്ന കരുത്തോടെ’ എന്ന തലക്കെട്ടില്‍ മാധ്യമം ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. ഇരുപത്തിഒന്നാം നൂറ്റാണ്ടിലും രാഷ്ട്രീയത്തിൽ പുരുഷന്മാർ മുതലാളികളും സ്ത്രീകൾ തൊഴിലാളികളുമായി തുടരുകയാണ്. എത്ര കഴിവുള്ള സ്ത്രീയാണെങ്കിലും മികച്ച മാനേജർ എന്ന ലേബലിലേക്ക് മാത്രം സ്ത്രീകൾ ഒതുങ്ങിപ്പോകുന്നു. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരങ്ങളായാണ് സ്ത്രീകളെ കാണുന്നത്. തീരുമാനമെടുക്കുന്ന കമ്മിറ്റികളിൽ അവൾക്ക് ഇടം നിഷേധിക്കപ്പെടുന്നു. സ്ത്രീവിരുദ്ധത ഉള്ളിൽപ്പേറുന്ന രാഷ്ട്രീമാണ് കേരളത്തിലെ സംഘടനകൾക്കും പാർട്ടികൾക്കുമുള്ളത്. ഹരിത പരാതി നൽകിയ വിഷയത്തിൽ എതിർ കക്ഷി പാർട്ടിയോ പാർട്ടി ഘടകങ്ങളോ അല്ല. ഭാരവാഹികളായ ചിലരാണ്. ലീഗ് പ്രത്യയശാസ്ത്രത്തിനെതിരെയോ നയങ്ങൾക്കെതിരെയോ അല്ല തങ്ങളുടെ പോരാട്ടം. ആത്മാഭിമാനത്തിനു പോറൽ ഏറ്റപ്പോൾ പ്രതികരിച്ചതാണ്. അതിൽ നീതി പ്രതീക്ഷിച്ചിരുന്നു. തെറ്റിനെതിരെ വിരൽ ചൂണ്ടേണ്ട കാലത്ത് അതു ചെയ്തില്ലയെങ്കിൽ കുറ്റബോധം പേറേണ്ടി വരും. സ്ത്രീവിരുദ്ധ പരാമർശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാർട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമീഷനിൽ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്.

‘ഹരിത പരാതി നൽകിയ വിഷയത്തിൽ എതിർകക്ഷി പാർട്ടിയോ പാർട്ടി ഘടകങ്ങളോ അല്ല, ഭാരവാഹികളായ ചിലരാണ്. ലീഗ് പ്രത്യയശാസ്ത്രത്തിനെതിരെയോ നയങ്ങൾക്കെതിരെയോ അല്ല ഞങ്ങളുടെ പോരാട്ടം. സ്ത്രീവിരുദ്ധ പരാമർശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാർട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്കലംഘനം നടത്തിയിട്ടില്ല. വനിതാ കമ്മീഷനിൽ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. ഞങ്ങൾ പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇനിയും വിശ്വസിക്കുന്നു. ആ പ്രതീക്ഷ മുറുകെപ്പിടിച്ചു തന്നെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരുമെന്നും ഹരിത അതിനു ഞങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ട്, ’ മുഫീദ ലേഖനത്തില്‍ പറയുന്നു. സ്ത്രീവിരുദ്ധ നിലപാടുകളോടൊന്നും കലഹിക്കാതെ അടിച്ചമർത്തപ്പെട്ട് കഴിയുന്ന ഒരു വിഭാഗം സ്ത്രീകളെയും ഇവയെ ചോദ്യം ചെയ്തും പ്രതിഷേധിച്ചും നീങ്ങുന്ന മറ്റൊരു വിഭാഗം പോരാളികളായ സ്ത്രീകളെയും കേരളത്തിലെ രാഷ്ട്രീയത്തിൽ കാണാമെന്നും തങ്ങൾ പോരാളികളുടെ പക്ഷത്താണ് നിൽക്കാൻ ആഗ്രഹിക്കുന്നതെന്ന് മുഫീദ വ്യക്തമാക്കി.

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട തീരുമാനത്തിൽ ലീഗ് നേതൃത്വത്തെ പരിഹസിച്ച് ഹരിത മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്സമോളും രംഗത്തെത്തി. പൊക്കിയടിക്കുന്നവർക്ക് മാത്രമാണ് സംഘടനയിൽ സ്ഥാനമുള്ളതെന്ന് ഹരിതമോൾ ഫെയ്സ്ബുക്കില്‍ കുറിച്ചു. നിലവിലെ പ്രശ്നങ്ങളിൽ ഹരിത സംസ്ഥാന കമ്മിറ്റിക്കൊപ്പം നിൽക്കാത്ത ഹരിത ഭാരവാഹികളെ ഉൾപ്പെടുത്തി പുതിയ സംസ്ഥാന കമ്മിറ്റിയെയും ഇവർ ഫെയ്സ്ബുക്കില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ‘മിണ്ടരുത്.. മിണ്ടിയാൽ പടിക്ക് പുറത്താണ്.. ആരാണ് പുറത്താക്കുക എന്ന് അറിയുമോ? ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി.. അല്ലേലും നിങ്ങൾ ഇവരിൽ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നോ നിഷ് കളങ്കരെ’ എന്നും ഹഫ്സമോൾ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടതായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം അറിയിച്ചത്. ഹരിത നടത്തിയത് കടുത്ത ചട്ടലംഘനമാണെന്നും ഹരിത കമ്മറ്റിയുടെ കാലാവധി നേരത്തേ അവസാനിച്ചതിനാല്‍ പുതിയ കമ്മറ്റി ഉടനെ വരുമെന്നും സലാം വ്യക്തമാക്കിയിരുന്നു. ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിക്ക് പാര്‍ട്ടി മുമ്പാകെ നല്‍കിയിരുന്നു. നവാസിനെ കൂടാതെ മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി എ വഹാബ് എന്നിവരും സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കൾ പരാതിപ്പെട്ടിരുന്നത്. എന്നാല്‍ പരാതി നൽകി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്ന് ഹരിതാ നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് സംഭവം വിവാദമായത്.


ഇതു കൂടി വായിക്കുക ; ഹരിത: മുസ്‌ലിം ലീഗിന്റേത് ആശയപ്രതിസന്ധി


ഹരിത നേതാക്കളുടെ അഭിപ്രായം തേടിയതിനുശേഷം ലീഗ് നേതൃയോഗം ചേര്‍ന്ന് ചില നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കുറ്റാരോപിതനായ പി കെ നവാസിനെതിരെ നടപടി സ്വീകരിക്കാതെ അദ്ദേഹത്തെ വെള്ളപൂശുകയാണ് നേതൃത്വം ചെയ്തത്. ഫെയ്സ് ബുക്കിലൂടെ നവാസ് ഖേദപ്രകടനം നടത്താനായിരുന്നു നേതൃത്വം ആവശ്യപ്പെട്ടത്. താൻ വ്യക്തിപരമായോ ലിംഗപരമായോ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സഹപ്രവർത്തകരിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ, തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നെന്നുമാണ് പി കെ നവാസ് ഫെയ്സ് ബുക്കില്‍ കുറിച്ചത്. എന്നാല്‍ നടപടിയെടുക്കാതെ പിന്നോട്ടില്ലെന്ന് ഹരിത നേതൃത്വം നിലപാട് കടുപ്പിക്കുകയായിരുന്നു.


ഇതു കൂടി വായിക്കുക ; ‘ഹരിത’ നേതാക്കളെ അധിക്ഷേപിച്ച സംഭവം; എംഎസ്എഫ് നേതാക്കളെ വെള്ളപൂശി മുസ്‌ലിം ലീഗ് നേതൃത്വം


വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും ഹരിത നേതൃത്വം പ്രഖ്യാപിച്ചു. ഇതാണ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടലില്‍ കലാശിച്ചത്.ഇതിനിടെ ലീഗിൽ സ്ത്രീ പുരുഷ ഭേദമില്ലെന്ന് വ്യക്തമാക്കി ഹരിതക്ക് മറുപടിയുമായി എം കെ മുനീർ രംഗത്തെത്തി. ഹരിതയുടേത് അച്ചടക്കലംഘനമെന്നാണ് പാർട്ടി കണ്ടെത്തിയത്. പാർട്ടി പറയുന്നതിനപ്പുറം പറയാനില്ലെന്ന് മുനീർ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗ് ഒറ്റയൂണിറ്റാണ്. അവിടെ സ്ത്രീ പുരുഷ ഭേദമില്ല. ഹരിതക്കെതിരായ നടപടി പൊതുസമൂഹം പല തരത്തിൽ ചർച്ച ചെയ്തേക്കാം. മാധ്യമങ്ങൾ മറ്റൊരു തലത്തിലും ചർച്ച ചെയ്യും. വിഷയം പാർട്ടിക്ക് അകത്തുള്ള കാര്യമാണ്. എല്ലാ ഫോറത്തിലും ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും മുനീർ പറഞ്ഞു.

Eng­lish sum­ma­ry; haritha issue fol­low up

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.