പശുവിറച്ചിയല്ല, പോത്തിറച്ചി, പക്ഷെ തല്ലിച്ചതച്ചു

Web Desk

ഫരീദാബാദ്

Posted on October 14, 2017, 8:48 pm

ഹരിയാനയില്‍ പശു ഇറച്ചി കടത്തിയെന്ന് ആരോപിച്ച് പോത്തിറച്ചി കൊണ്ടുപോയ ഓട്ടോ റിക്ഷാ ഡ്രൈവറുള്‍പ്പെടെ അഞ്ചുപേരെ നൂറോളം വരുന്ന ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചു. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലാണ് സംഭവം. ഇസാന്‍ മുഹമ്മദ്, ഷഹ്‌സാദ് മുഹമ്മദ്, ഷക്കീല്‍, സോനു, ആസാദ് മൊഹമ്മദ് എന്നിവരെയാണ് സ്ഥലവാസികള്‍ വെള്ളിയാഴ്ച തല്ലിച്ചതച്ചത്, പൊലീസ് പറഞ്ഞു.

‘കടത്താന്‍ ശ്രമിച്ച ഇറച്ചി പശുവിറച്ചിയല്ല പോത്തിറച്ചിയാണെന്ന് ലബോറട്ടറി ടെസ്റ്റില്‍ തെളിഞ്ഞു. ടെസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം മര്‍ദിച്ച 15–20 ഗോരക്ഷാ ഗുണ്ടകള്‍ക്കെതിരെ സെക്ഷന്‍ 148, 323, 341, 506 ല്‍ മുജെസാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല’. മുതിര്‍ന്ന പൊലിസ് മേധാവി പറഞ്ഞു.

ആക്രമണത്തിന്റേതായി പ്രചരിക്കുന്ന വിഡിയോയില്‍ ഓട്ടോ ഡ്രൈവറെ അടിച്ചു നിലത്തിട്ട് ചോദ്യം ചെയ്യുന്നതും ചുറ്റും കൂടി നല്‍ക്കുന്നവര്‍ ‘ജയ് ഹനുമാന്‍’ വിളികള്‍ മുഴക്കുന്നതും കേള്‍ക്കാം.

മര്‍ദനമേറ്റ അഞ്ചുപേര്‍ക്കെതിരെയും ബീഫ് കടത്തിയതിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇവരെ മര്‍ദിച്ച ഗോരക്ഷാ ഗുണ്ടകള്‍ക്കെതിരെ കേസെടുത്തിരുന്നില്ല.

2015 ല്‍ അഞ്ചു യുവാക്കള്‍ക്കെതിരെ ഹരിയാന ഗ്വവാന്‍ഷ് ആന്‍ഡ് ഗൗസംവര്‍ദ്ധന്‍ ആക്ടിനു കീഴില്‍ ക്രോസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.