വെറുപ്പിന്‍റെ ഈ സമ്പ്രദായം നിര്‍ത്താം, ഈ ഖാപ് പഞ്ചായത്ത് തീരുമാനം നമ്മളെ ചിന്തിപ്പിക്കും

Web Desk
Posted on July 01, 2019, 7:12 pm

രിയാനയിലെ ഒരു കൂട്ടം ഗ്രാമങ്ങള്‍ ജാതിക്കതീതമായി ഉയര്‍ന്നു കഴിഞ്ഞു. ജാതി വ്യവസ്ഥക്ക് കടുത്ത പ്രഹരമേല്‍പ്പിച്ചാണ് ഇന്ത്യയില്‍ അടുത്തകാലത്തൊന്നും പ്രതീക്ഷിക്കാനാവാത്ത സാമൂഹിക ഉന്നതി ഇവര്‍ കൈവരിച്ചത്.
ഹരിയാനയിലെ 24 ഖാപ് ഗ്രാമങ്ങളാണ് നാട്ടുകാര്‍ പേരിന്റെ വാലായി ജാതിപ്പേര് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചത്. ജിണ്ഠ് ജില്ലയിലെ ഖേരാ ഖാപ് പഞ്ചായത്താണ് ആദ്യം ഈ തീരുമാനം കൈക്കൊണ്ടത്.ഉച്ചാനയിലെ 24ഗ്രാമങ്ങള്‍ ചേരുന്ന കാപ് ആണ് ഖേരാ. നാഗുര,ബഡോഡ,ബഥാന,കാര്‍സിന്ധു,ബര്‍സോള തുടങ്ങിയ പ്രമുഖ ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട ഖാപ് ആണിത്.
കാലങ്ങളായി ജാതി വെറുപ്പ് മാത്രമാണ് പരത്തുന്നത്. ഖേരാ ഖാപിന്റെ തലവനായ സത്ബിര്‍ പഹല്‍വാന്‍ പറഞ്ഞു. അതുകൊണ്ട് ജാതിപ്പേര് ഉപേക്ഷിക്കാനാണ് ഞങ്ങളുടെ തീരുമാനം. അഥവാ പേരിനൊരു വാല് വേണമെന്നുള്ളവര്‍ക്ക് പകരം ഗ്രാമപ്പേര് ഉപയോഗിക്കാം. അദ്ദേഹം പറയുന്നു. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
അപ്രതീക്ഷിതവും പുരോഗമന പരവുമായ നീക്കമെന്ന നിലയില്‍ ഈ നീക്കം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. സാധാരണ പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുത് തുടങ്ങിയ തലതിരിഞ്ഞ നിര്‍ദ്ദേശങ്ങളുടെയും വിവാദങ്ങളുടെയും വിളനിലമാണ് ഖാപുകള്‍. ഒരു പക്ഷെ പുതിയ ഇന്ത്യയുടെ മുളയായിരിക്കാം ഈ ഖാപ് പഞ്ചായത്തിലെ ഗ്രാമവേദിയില്‍ കുരുത്തുപൊങ്ങിയതതെന്നാരുകണ്ടു.